ആസ്ട്രേലിയൻ ഓപൺ ഫൈനലിൽ അൽകാരസ്-ജോക്കോവിച്ച് പോരാട്ടം
text_fieldsസിന്നറും സ്വരേവും പുറത്ത്
മെൽബൺ: പുതുവർഷത്തിന്റെ ആദ്യ ടെന്നീസ് ഗ്രാൻഡ്‍സലാം ഫൈനലിൽ ഞായറാഴ്ച അൽകാരസ്-ജോകോവിച്ച് പോരാട്ടം.
അഞ്ചര മണിക്കൂറിലധികം നീണ്ട ആദ്യ സെമി ഫൈനലിൽ ജർമനിയുടെ അലക്സാണ്ടർ സ്വരേവിനെ തകർത്താണ് അൽകാരസ് ഫൈനലിൽ ഇടം പിടിച്ചത്.
അഞ്ചു സെറ്റിലേക്ക് നീണ്ട രണ്ടാം സെമിയിൽ നിലവിലെ ചാമ്പ്യൻ യാനിക് സിന്നറിനെ പരാജയപ്പെടുത്തിയാണ് ജോക്കോവിച്ച് തന്റെ പതിനൊന്നാം ആസ്ട്രേലിയൻ ഓപണും 25ാം ഗ്രാൻഡ് സ്ലാമും തേടിയിറങ്ങുന്നത്.
കടുത്ത ചൂടിനെയും, പേശീവലിവിനെയും അതിജീവിച്ചാണ് അൽകാരസ് സെമി ഫൈനലിൽ സ്വരേവിനെ മറികടന്നത്. സ്കോർ 6-4, 7-6, 6-7, 6-7, 7-5. ആദ്യ സെമിയിൽ അൽകാരസ് അനായാസം കടന്നുകൂടുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ മത്സരം ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. 6-4ന് ആദ്യ സെറ്റ് അൽകാരസ് സ്വന്തമാക്കി. എന്നാൽ രണ്ടാം സെറ്റിൽ പോരാട്ടം കനത്തു. ടൈ ബ്രേക്കറിലാണ് സെറ്റ് വിധിയായത്. മൂന്നാം സെറ്റിലും അനായാസം കുതിപ്പു തുടർന്ന് അൽകാരസിനെ പേശീവലിവ് പിടികൂടിയതോടെ മത്സരത്തിന്റെ ഗതി മാറി. ഒരു വേള താരം കളി അവസാനിപ്പിക്കുമോ എന്ന സംശയവുമുയർന്നു. താരത്തിന് കളത്തിൽ തന്നെ ഫിസിയോ ചികിത്സ നൽകിയതിൽ സ്വരേവ് എതിർക്കുകയും ചെയ്തു. എന്നാൽ, ഗുളിക കഴിച്ചും, ഫിസിയോയുടെ സേവനം തേടിയും കളി തുടർന്ന അൽകാരസിന് ഒടുവിൽ ആദ്യ ആസ്ട്രേലിയൻ ഓപൺ ഫൈനൽ ബർത്ത് എന്ന സ്വപ്നം സാധ്യമാകുകയായിരുന്നു. ഞായറാഴ്ച കിരീടം ചൂടിയാൽ ഏറ്റവും പ്രായം കുറഞ്ഞ കരിയർ ഗ്രാൻഡ് സ്ലാം ജേതാവായി അൽകാരസ് മാറും.
രണ്ടാം സെമിയിൽ പ്രായത്തെ വകവെക്കാതെയാണ് ജോക്കോവിച്ച് നിലവിലെ ആസ്ട്രേലിയ ഓപൺ ചാമ്പ്യനും ലോക രണ്ടാം നമ്പറുമായ യാനിക് സിന്നറെ തറപറ്റിച്ചത്. ആദ്യ സെറ്റ് കൈവിട്ടെങ്കിലും രണ്ട്, നാല്, അഞ്ച് സെറ്റുകൾ സ്വന്തമാക്കി ജോക്കോ സിന്നറെ നിഷ്പ്രഭനാക്കുകയായിരുന്നു. സ്കോർ 3-6, 6-3, 4-6, 6-4, 6-4.
പ്രീ ക്വാർട്ടറിൽ വാക്കോവർ നേടിയും, ക്വാർട്ടറിൽ മുസേറ്റിക്ക് പരിക്കേറ്റതും ഉൾപ്പെടെയുള്ള ഭാഗ്യത്തിന്റെ അകമ്പടിയിലാണ് ജോക്കോവിച്ച് സെമിയിൽ എത്തിയതെങ്കിലും സിന്നറിനെതിരെ, കളി മികവ് മാത്രമായിരുന്നു കണ്ടത്. പഴയ ജോക്കോവിച്ചിന്റെ കളി കണ്ട ഹരത്തിലായിരുന്നു കാണികൾ. ഫെഡററുടെയും നദാലിന്റെ നല്ലകാലത്ത് അവരെ വിറപ്പിച്ച ജോക്കോവിച്ച് സിന്നറുടെയും അൽകാരസിന്റെയും കാലത്തും മികവു ചോരാതെ തുടരുന്നത് ടെന്നീസിന്റെ വിസ്മയ ദൃശ്യമാണ്. ഞായറാഴ്ച ഫൈനലിൽ വിജയിക്കുകയാണെങ്കിൽ ഏറ്റവും കൂടുതൽ ഗ്രാൻഡ് സ്ലാമുകളെന്ന നേട്ടം ജോക്കോക്ക് ഒറ്റക്കു സ്വന്തമാവും. ജോക്കോവിച്ചിനും, വനിത ടെന്നീസ് താരം മാർഗരറ്റ് കോർട്ടിനുമാണ് ഏറ്റവും കൂടുതൽ ഗ്രാൻഡ് സ്ലാം കിരീങ്ങളുള്ളത്. 24 വീതം.
വനിതാ ഫൈനലിൽ ശനിയാഴ്ച ആര്യാന സബലേങ്കയും റിബാക്കിനും ഏറ്റുമുട്ടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

