ടെക്നിക്കല്‍ സ്കൂള്‍ കായികമേളക്ക് തുടക്കം
text_fieldsസംസ്ഥാന ടെക്‌നിക്കല്‍ കായികമേളയുടെ ഭാഗമായി നടന്ന മാര്‍ച്ച് പാസ്റ്റ്
തേഞ്ഞിപ്പലം: 38ാമത് സംസ്ഥാന ടെക്നിക്കല്‍ സ്കൂള്‍ കായികമേളക്ക് കാലിക്കറ്റ് സര്‍വകലാശാല സ്റ്റേഡിയത്തില്‍ തുടക്കമായി. സംസ്ഥാനത്തെ ടെക്നിക്കല്‍, ഐ.എച്ച്.ആര്‍.ഡി സ്കൂളുകളിലെ വിദ്യാർഥികള്‍ മത്സരിക്കുന്ന മേള കായിക താരങ്ങളുടെ മാര്‍ച്ച് പാസ്റ്റോടെയാണ് തുടങ്ങിയത്. ബിജി വർഗീസ് സല്യൂട്ട് സ്വീകരിച്ചു.
ടെക്നിക്കല്‍ എജുക്കേഷന്‍ കോതമംഗലം റീജനല്‍ ജോയന്റ് ഡയറക്ടര്‍ കെ.എം. അബ്ദുല്‍ഹമീദ് പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു. കോഴിക്കോട് റീജനല്‍ ജോയന്റ് ഡയറക്ടര്‍ കെ.എം. രമേശ് അധ്യക്ഷത വഹിച്ചു. കായിമേള ലോഗോ രൂപകൽപന ചെയ്ത തിരൂര്‍ തുമരക്കാവ് എല്‍.പി സ്കൂള്‍ അധ്യാപകന്‍ അസ്‍ലം തിരൂരിന് കളമശ്ശേരി സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നിക്കല്‍ ടീച്ചേഴ്സ് ട്രെയ്നിങ് ആൻഡ് റിസര്‍ച് ഡെപ്യൂട്ടി ഡയറക്ടര്‍ എ.എസ്. ചന്ദ്രകാന്ത ഉപഹാരം നല്‍കി.
മേളയുടെ വെബ്സൈറ്റ് ഉദ്ഘാടനവും ചടങ്ങില്‍ നടന്നു. 1100 താരങ്ങളാണ് മേളയില്‍ മാറ്റുരക്കുന്നത്. മത്സരങ്ങള്‍ വെള്ളിയാഴ്ച രാവിലെ ഏഴിന് ആരംഭിക്കും. ശനിയാഴ്ച വൈകീട്ട് മേള സമാപിക്കും.