ലക്ഷ്യം പാരിസിലെ സ്വർണം -നിഖാത് സരീൻ
text_fieldsന്യൂഡൽഹി: വിവാദങ്ങളിലൊന്നും ശ്രദ്ധിക്കാതെ ഒളിമ്പിക് സ്വർണമെന്ന ലക്ഷ്യത്തിനായുള്ള പരിശ്രമത്തിലാണ് താനെന്ന് ബോക്സിങ്ങിൽ ലോക കിരീടം നേടിയ നിഖാത് സരീൻ. പാരിസ് ഒളിമ്പിക്സിനായുള്ള തീവ്ര പരിശീലനം തുടങ്ങിയെന്നും അതിനു മുമ്പുള്ള അന്തർദേശീയ മത്സരങ്ങളിൽ പങ്കെടുക്കുമെന്നും ഇസ്തംബൂളിൽ ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം ചൂടിയ തെലങ്കാനയിലെ നിസാമാബാദിൽനിന്നുള്ള രാജ്യത്തിന്‍റെ അഭിമാനതാരം 'മാധ്യമ'ത്തോടു പറഞ്ഞു. ബോക്സിങ് തന്‍റെ മേഖലയായി തിരഞ്ഞെടുക്കുന്നതിനുണ്ടായ പ്രചോദനം ഇതിഹാസതാരം മുഹമ്മദലിയാണ്. ഒരു മുസ്ലിം കുടുംബത്തിൽനിന്നുള്ള താൻ അത്തരമൊരു തീരുമാനമെടുത്തപ്പോൾ ബന്ധുക്കളെല്ലാം വിമർശനവുമായി രംഗത്തുവന്നു.
ബോക്സിങ് സ്ത്രീകൾക്കുള്ളതല്ലെന്നും പുരുഷന്മാരുടെ കായിക വിനോദമാണെന്നുമാണ് അവരതിന് കാരണമായി പറഞ്ഞത്. എന്നാൽ, മാതാപിതാക്കൾ തന്‍റെ കൂടെ ഉറച്ചുനിന്നു. അവരുടെ നിലപാടായിരുന്നു ശരിയെന്ന് കാലം തെളിയിച്ചു. സ്ത്രീകൾ പരിശീലിക്കേണ്ട കായിക ഇനമാണ് ബോക്സിങ്. അനിവാര്യമായും അവർ ബോക്സിങ് റിങ്ങിലിറങ്ങണം. സ്വയം പ്രതിരോധത്തിന് ബോക്സിങ് നമ്മുടെ പെൺകുട്ടികളെയും സ്ത്രീകളെയും പ്രാപ്തരാക്കും.
മേരികോം തന്‍റെ കാലത്തെ താരമായത് അവസരം കുറച്ചുവെന്ന് കരുതുന്നില്ല. അത് തന്നിൽ മത്സരബുദ്ധിയും വാശിയുമേറ്റുകയാണ് ചെയ്തത്. അതുകൊണ്ടാണ് ലോക കിരീടം നേടാനായത്. രാജ്യത്ത് ബോക്സിങ് പരിശീലനത്തിന് നിലവിലുള്ള സംവിധാനങ്ങൾതന്നെ ധാരാളമായുണ്ട്. താരങ്ങൾക്ക് അന്തർദേശീയ മത്സരങ്ങളിൽ മാറ്റുരക്കുന്നതിനുള്ള ശേഷിയും സ്റ്റാമിനയുമുണ്ട്. താരങ്ങളെ മാനസിക സമ്മർദത്തിൽനിന്ന് മുക്തരാക്കുന്ന പരിശീലനമാണ് ആവശ്യം. ഭക്ഷണകാര്യത്തിൽ തനിക്ക് പ്രത്യേക നിയന്ത്രണങ്ങളൊന്നുമില്ല. ജൂലൈ 14 തന്‍റെ ജന്മദിനമാണെന്ന സന്തോഷം പങ്കുവെച്ച നിഖാത് ഒളിമ്പിക് സ്വപ്നം സാക്ഷാത്കരിക്കുന്നതിന് പ്രാർഥിക്കണമെന്നും അഭ്യർഥിച്ചു.