നീന്തൽ: നടരാജ് ഫൈനലിൽ
text_fieldsബർമിങ്ഹാം: കോമൺവെൽത്ത് ഗെയിംസ് നീന്തലിൽ പുരുഷ 100 മീ. ബാക് സ്ട്രോക്കിൽ ഇന്ത്യയുടെ ശ്രീഹരി നടരാജ് ഫൈനലിൽ. സെമി ഫൈനലിൽ 54:55 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് യോഗ്യത. സെമിയിൽ തന്റെ ഹീറ്റിൽ നാലാമനും മൊത്തത്തിൽ ഏഴാമനുമായി ശ്രീഹരി. ഞായറാഴ്ച നടക്കുന്ന ഫൈനലിലെ ആദ്യ മൂന്ന് സ്ഥാനങ്ങളിലൊന്നിൽ കരകയറാനായാൽ കോമൺവെൽത്ത് ഗെയിംസ് നീന്തലിൽ മെഡൽ നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാവും ഈ ബംഗളൂരു സ്വദേശി.
ഇന്ത്യൻ ഹോക്കി ക്യാമ്പിൽവനിതതാരത്തിന് കോവിഡ്
ബിർമിങ്ഹാം: കോമൺവെൽത്ത് ഗെയിംസ് വനിത ഹോക്കി ആദ്യമത്സരത്തിൽ ഉജ്ജ്വല ജയം നേടിയ ഇന്ത്യക്ക് തിരിച്ചടിയായി മിഡ്ഫീൽഡർ നവ്ജ്യോത് കൗറിന്റെ കോവിഡ് വൈറസ് ബാധ. രോഗം സ്ഥിരീകരിച്ച ഇവർ രണ്ട് ദിവസമായി ഐസൊലേഷനിലാണ്. ലക്ഷണങ്ങളൊന്നുമില്ലെങ്കിലും പരിശോധനയിൽ ഇവർ പൊസിറ്റിവാണെന്നും വൈറസ് പരത്തുന്ന സമയം കഴിഞ്ഞെന്നും ടീം അധികൃതർ അറിയിച്ചു. നവ്ജ്യോത് താമസിയാതെ നാട്ടിലേക്ക് മടങ്ങും. സോണികയെ പകരം ടീമിലെടുത്തിട്ടുണ്ട്. നേരത്തേ, വനിത ക്രിക്കറ്റ് താരങ്ങളായ പൂജ വസ്ത്രകാറിനും എസ്. മേഘ്നക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇരുവരും സുഖംപ്രാപിച്ചിട്ടുണ്ട്.
ജിംനാസ്റ്റിക്സിൽ യോഗേശ്വർ ഫൈനലിൽ
ബിർമിങ്ഹാം: പുരുഷ ജിംനാസ്റ്റിക്സിൽ ഇന്ത്യയുടെ യോഗേശ്വർ സിങ് ഫൈനലിൽ പ്രവേശിച്ചു. 73.600 സ്കോറിൽ 16ാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് യോഗ്യത നേടിയത്. 18 പേർ പങ്കെടുക്കുന്ന ഫൈനൽ ആഗസ്റ്റ് രണ്ടിന് നടക്കും. അതേസമയം, സഹതാരങ്ങളായ സെയ്ഫ് തംബോലിയും സത്യജിത് മൊണ്ഡാലും മെഡൽ മത്സരത്തിന് യോഗ്യത നേടാതെ പുറത്തായി.