കിങ്സ് ലീഗ് വേൾഡിലേക്ക് സൂപ്പർ ലീഗ് കേരള താരങ്ങൾ
text_fieldsകൊച്ചി: ബ്രസീലിൽ നടക്കുന്ന കിങ്സ് ലീഗ് വേൾഡിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ സൂപ്പർ ലീഗ് കേരള താരങ്ങളും. സൂപ്പർ ലീഗ് കേരളയിലെ ക്ലബുകളായ ഫോഴ്സ കൊച്ചി എഫ്.സിയിലെ ഏഴും കാലിക്കറ്റ് എഫ്.സിയിലെ മൂന്ന് താരങ്ങളുമാണ് 13 അംഗ ഇന്ത്യൻ ടീമിൽ ഇടം നേടിയത്.
നിജോ ഗിൽബെർട്ട്, ജെയ്മി ജോയ്, അലക്സാണ്ടർ റൊമാരിയോ, മുഷ്റഫ് മുഹമ്മദ്, കെ.എസ്. ജിഷ്ണു, റിജോൺ ജോസ്, അജിൻ ആന്റണി, മുഹമ്മദ് റോഷൽ, ആസിഫ് ഖാൻ, കെ. പ്രശാന്ത് എന്നിവരടങ്ങുന്ന എട്ട് താരങ്ങളാണ് സൂപ്പർ ലീഗ് കേരളയിൽനിന്ന് വെള്ളിയാഴ്ച മുതൽ ബ്രസീലിലെ സാവോ പോളോയിൽ നടക്കുന്ന കിങ്സ് ലീഗ് വേൾഡിൽ ഇന്ത്യൻ ടീമിനെ പ്രതിനിധീകരിക്കുക.
ഫോഴ്സ കൊച്ചി എഫ്.സിയുടെ മുഖ്യപരിശീലകൻ സനൂഷ് രാജാണ് ഇന്ത്യൻ ടീമിന്റെ മുഖ്യപരിശീലകനും. സഹപരിശീലകന്റെ റോളിൽ ഡെയ്സൺ ചെറിയാൻ കൂടെവരുന്നതോടെ, സൂപ്പർ ലീഗ് കേരളയുടെ ഭാഗമായ 12 പേരാണ് കിങ്സ് ലീഗ് വേൾഡിൽ മത്സരിക്കുന്ന ഇന്ത്യൻ ടീമിലുള്ളത്.
സൂപ്പർ ലീഗ് കേരളക്ക് ഏറെ അഭിമാനകരമായ നേട്ടമാണിതെന്നും കേരള ഫുട്ബാളിന്റെ വളർച്ചയും കൂടിയാണ് ഇത് സൂചിപ്പിക്കുന്നതെന്നും സൂപ്പർ ലീഗ് കേരള മാനേജിങ് ഡയറക്ടർ ഫിറോസ് മീരാൻ പറഞ്ഞു. അന്താരാഷ്ട്ര വേദികളിൽ നമ്മുടെ താരങ്ങൾ പങ്കെടുക്കുന്നതിലൂടെ മികച്ച അനുഭവങ്ങൾ നേടാനും അതിലൂടെ മികച്ച പ്രകടനം കാഴ്ചവെക്കാനുമുള്ള അവസരം കൂടിയാണെന്ന് സൂപ്പർ ലീഗ് കേരള സി.ഇ.ഒ ആൻഡ് ഡയറക്ടർ മാത്യു ജോസഫ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

