പൊന്നിനെന്ത് പ്രായം... ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടിയ രണ്ടു താരങ്ങളുടെ വിശേഷങ്ങൾ
text_fieldsപുരുഷ ഹാമർത്രോയിൽ മത്സരിക്കുന്ന കാനഡയുടെ ഏഥാൻ കാറ്റ്സ്ബെർഗ്, വനിത ലോങ്ജംപിൽ സ്വർണം നേടിയ സെർബിയൻ താരം ഇവാന വുലേറ്റയുടെ ആഹ്ലാദം
ഇവാനക്ക് ആദ്യ സ്വർണം 33ൽ
ബുഡപെസ്റ്റ്: സെർബിയക്കാരി ഇവാന വുലേറ്റക്കിത് അഞ്ചാം ലോക ചാമ്പ്യൻഷിപ്പാണ്. കഴിഞ്ഞ നാലെണ്ണത്തിൽനിന്ന് ലഭിച്ചത് രണ്ടു വെങ്കല മെഡലുകൾ. ഇക്കുറി ലോക അത്ലറ്റിക് ചാമ്പ്യൻഷിപ് വനിത ലോങ്ജംപിൽ സ്വർണം നേടി 33കാരി ആ സ്വപ്നവും പൂവണിയിച്ചു. 7.14 മീറ്ററെന്ന വേൾഡ് ലീഡിങ് പ്രകടനത്തോടെയാണ് ഒന്നാം സ്ഥാനത്തെത്തിയത്.
യു.എസിന്റെ താര ഡേവിസ് വൂധൽ (6.91) വെള്ളിയും റുമേനിയയുടെ അലിന റോട്ടാരു കോട്ട്മൻ (6.88) വെങ്കലവും സ്വന്തമാക്കി. ലോക ഇൻഡോർ ചാമ്പ്യൻഷിപ്പിലും ഡയമണ്ട് ലീഗിലും നിലവിലെ ചാമ്പ്യനാണ് ഇവാന. കരിയറിലെ മികച്ച പ്രകടനം 7.24 മീറ്ററാണ്.
2013ലെ മോസ്കോ ലോക മീറ്റിലും 2015ൽ ബെയ്ജിങ്ങിലും വെങ്കലമായിരുന്നു. 2017ൽ ലണ്ടനിൽ നാലാമതായപ്പോൾ 2022ൽ യൂജീനിൽ ഏഴാം സ്ഥാനത്തൊതുങ്ങി. ഒടുവിൽ ബുഡപെസ്റ്റിലെത്തിയപ്പോൾ സ്വർണവും. ഒളിമ്പിക്സ് ചാമ്പ്യനാകാൻ ഇനിയും കഴിഞ്ഞിട്ടില്ല. 2008ൽ ബെയ്ജിങ്ങിൽ യോഗ്യതറൗണ്ടിൽ ലഭിച്ചത് 30ാം സ്ഥാനമാണ്.
2012ൽ ലണ്ടനിൽ എട്ടിലെത്തി. 2016ലെ റിയോ ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയപ്പോൾ 2021ൽ ടോക്യോയിൽ ലഭിച്ചത് നാലാം സ്ഥാനം മാത്രം. ഡയമണ്ട് ലീഗിൽ 2016ലും 17ലും 21ലും 22ലും സ്വർണം നേടി. 2015ൽ 25ാം വയസ്സിലാണ് ഇവാന ആദ്യമായി ഏഴു മീറ്റർ മാർക്ക് പിന്നിടുന്നത്.
ഹാമർത്രോയിലെ ‘ബേബി ചാമ്പ്യൻ’
ബുഡപെസ്റ്റ്: ലോക ചാമ്പ്യൻഷിപ് ഹാമർത്രോയിലെ ഏറ്റവും പ്രായംകുറഞ്ഞ സ്വർണനേട്ടക്കാരനും മെഡൽജേതാവുമായി കാനഡയുടെ ഏഥാൻ കാറ്റ്സ്ബെർഗ്. ഇക്കൊല്ലം മത്സരിച്ച ചാമ്പ്യൻഷിപ്പുകളിലെല്ലാം ആദ്യ മൂന്നിലെത്തിയ 21കാരൻ മൂന്നു തവണ വ്യക്തിഗത പ്രകടനം മെച്ചപ്പെടുത്തുകയും ചെയ്തു. 81.25 മീറ്റർ എറിഞ്ഞ് ദേശീയ റെക്കോഡോടെയാണ് ലോക ചാമ്പ്യൻഷിപ് സ്വർണം സ്വന്തമാക്കിയത്. പോളണ്ടിന്റെ വോജിയെക് നോവിക്കി (81.02) വെള്ളിയും ഹംഗറിയുടെ ബെൻസ് ഹലാസ് (80.82) വെള്ളിയും നേടി. തുടർച്ചയായി അഞ്ചു തവണ സ്വർണം കൈക്കലാക്കി ലോക ചാമ്പ്യൻഷിപ് വാണ പോളണ്ടിന്റെ പാവൽ ഫജ്ഡെക്കിന്റെ ജൈത്രയാത്രക്ക് അന്ത്യമിട്ടാണ് ഏഥാൻ ചരിത്രമെഴുതിയത്.
80 മീറ്റർ എറിഞ്ഞ് ഫജ്ഡെക് തുടക്കമിട്ടു. താമസിയാതെ ഹലാസ് 80.82 മീറ്ററിലെത്തി നാട്ടുകാരെ സന്തോഷിപ്പിച്ചു. ഒന്നാം റൗണ്ടിൽത്തന്നെ 80.18 മീറ്ററുമായി കാറ്റ്സ്ബെർഗ് രണ്ടാം സ്ഥാനത്തേക്ക്. രണ്ടാം റൗണ്ടിൽ 80.70 മീറ്റർ എറിഞ്ഞ് രണ്ടാമതെത്തി നോവിക്കി. ഫജ്ഡെക്കും ഹലാസും മെച്ചപ്പെട്ടില്ല. ഹലാസിന്റെ മൂന്നാം റൗണ്ട് പരിശ്രമം ആദ്യം 81.02 മീറ്ററായിരുന്നെങ്കിലും ഫൗളായി.
അഞ്ചാം റൗണ്ടിൽ 81.02 മീറ്റർ പ്രയത്നത്തോടെ നോവിക്കി ലീഡെടുത്തു. നിമിഷങ്ങൾക്കകം 81.25 മീറ്റർ എന്ന കനേഡിയൻ റെക്കോഡ് സ്ഥാപിച്ച കാറ്റ്സ്ബർഗ് ഒന്നാം സ്ഥാനത്ത്.അവസാന റൗണ്ടിൽ ആരും മെച്ചപ്പെട്ടില്ലെങ്കിലും കാറ്റ്സ്ബർഗ് 81.11 മീറ്റർ എറിഞ്ഞ് മികച്ച രണ്ടാമത്തെ ദൂരവും നേടി. നോവിക്കി 80.36 മീറ്ററിലാണ് അവസാനിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

