സംസ്ഥാന സ്കൂൾ കായികമേള; ഇവിടെ എല്ലാവരും വിജയികൾ...
text_fieldsതിരുവനന്തപുരം: 'ഇവിടെ ആരും തോൽക്കുന്നില്ല, ജയിക്കുന്നതാവട്ടെ നമ്മളെല്ലാവരും' സംസ്ഥാന സ്കൂൾ കായികമേളക്ക് ട്രാക്കുണർന്ന ദിവസം തലസ്ഥാനത്തെ ചിത്രമിതാണ്. ഭിന്നശേഷിക്കാരായതിൻറെ പേരിൽ സമൂഹത്തിൽ മാറ്റിനിർത്തപ്പെട്ടിരുന്ന കൊച്ചു മിടുക്കന്മാർ ഇന്ന് അതിരുകളും പരിമിതികളുമില്ലാതെ ശരവേഗങ്ങൾ തീർത്തു.
സംസ്ഥാന സ്‌കൂൾ ഇൻക്ലൂസീവ് കായിക മത്സരങ്ങൾക്ക് അനന്തപുരി സാക്ഷിയായപ്പോൾ ട്രാക്കിൽ കുതിച്ചും പന്തടിച്ചും എറിഞ്ഞും അവർ പൊൻപതക്കങ്ങളായി. ആകെ 1944 കായികതാരങ്ങളാണ് വിവിധ മത്സരങ്ങളിലായി ഗ്രൗണ്ടിൽ ഇറങ്ങിയത്. 14 വയസ്സിൽ താഴെ, മുകളിൽ എന്നീ രണ്ട് വിഭാഗങ്ങളിലായി വിവിധ സ്റ്റേഡിയങ്ങളിൽ അവർ മത്സരിച്ചു.
അത്‍ലറ്റിക്സിൽ 4X100 മിക്സഡ് റിലേ, മിക്സഡ് സ്റ്റാൻഡിങ് ത്രോ, മിക്‌സഡ് സ്റ്റാൻഡിങ് ലോങ് ജമ്പ്, 100 മീറ്റർ ഓട്ടം എന്നീ മത്സരങ്ങളാണ് നടന്നത്.
ചന്ദ്രശേഖരൻ നായർ സ്‌റ്റേഡിയത്തിൽ നടന്ന മത്സരങ്ങൾ കാണാൻ രക്ഷിതാക്കൾ ഉൾപ്പെടെ നിരവധി പേരും കാണികളായി ഉണ്ടായിരുന്നു. തങ്ങളുടെ മക്കളുടെ ഓരോ ചുവടിനും ഓരോ മുന്നേറ്റത്തിനും അവർ കൈമെയ് മറന്ന് പ്രോത്സാഹനം നൽകി. കാഴ്ചപരിമിതി ഉള്ള കുട്ടിക്ക് ഗൈഡ് റണ്ണർ ഉണ്ടായിരുന്നു. ട്രാക്കിൽ എന്നപോലെ തന്റെ കൂട്ടുകാരന് വേണ്ടി ജീവിതത്തിലും കൂടെ ഉണ്ടാവുമെന്ന വലിയ സന്ദേശമാണ് അവർ സമൂഹത്തിന് നൽകിയത്.
14 വയസിന് താഴെ ആൺകുട്ടികളിൽ പാലക്കാടിന്റെ ആദർശും പെൺകുട്ടികളുടെ പോരാട്ടത്തിൽ വയനാടിന്റെ അതുല്യ ജയനും ഒന്നാമതെത്തി. 14 വയസിന് മുകളിലുള്ളവരുടെ മത്സരത്തിൽ ആൺകുട്ടികളിൽ മുഹമ്മദ് ഉനൈസും പെൺകുട്ടികളിൽ കെ. അനിഷയും പാലക്കാടിനായി സ്വർണം നേടി.
മിക്സഡ് സ്റ്റാൻഡിങ് ലോങ് ജമ്പിൽ ഒരു ടീമിൽ ആറുപേരായിരുന്നു മത്സരിച്ചത്. ഒരോ കുട്ടിക്കും മൂന്ന് വീതം അവസരം. ഏറ്റവും കൂടുതൽ ചാടുന്ന ദൂരം പരിഗണിക്കും. ഓരോ കുട്ടിയുടെയും ദൂരത്തിന്റെ ആകെ തുകയാണ് ടീമിന്റെ സ്കോർ. മിക്സഡ് സ്റ്റാൻഡിങ് ത്രോയ്ക്കും സമാന നിയമമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

