സംസ്ഥാന സ്കൂൾ കായികമേളക്ക് 21ന് തുടക്കം; നടി കീർത്തി ഗുഡ്വിൽ അംബാസഡർ
text_fieldsതിരുവനന്തപുരം: ഒളിമ്പിക്സ് മാതൃകയിൽ ഒരുക്കുന്ന 67ാമത് സംസ്ഥാന സ്കൂൾ കായികമേളക്ക് 21ന് തിരുവനന്തപുരത്തെ വിവിധ വേദികളിൽ തുടക്കമാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. 21ന് വൈകീട്ട് നാലിന് യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. നടി കീർത്തി സുരേഷാണ് മേളയുടെ ഗുഡ്വിൽ അംബാസഡർ.
12 സ്റ്റേഡിയങ്ങളിലാണ് മത്സരങ്ങൾ. 22ന് ഭിന്നശേഷി കുട്ടികളുടെ മത്സരങ്ങൾ നടക്കും. 23ന് അത്ലറ്റിക്സ് മത്സരങ്ങൾക്ക് തുടക്കമാകും. പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ താൽക്കാലിക ഇൻഡോർ സ്റ്റേഡിയം നിർമാണം പൂർത്തിയായി വരുന്നു. സെൻട്രൽ സ്റ്റേഡിയത്തിൽ വടംവലി അടക്കം 12 മത്സരങ്ങളാണ് ക്രമീകരിച്ചിട്ടുള്ളത്. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലാണ് അത്ലറ്റിക്സ് മത്സരങ്ങൾ.
ത്രോ മത്സരങ്ങൾ യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടക്കും. കുട്ടികൾക്ക് താമസിക്കുന്നതിനായി എഴുപതോളം സ്കൂളുകൾ ക്രമീകരിച്ചിട്ടുണ്ട്. ഭക്ഷണത്തിനായി പുത്തരിക്കണ്ടമടക്കം അഞ്ച് ഇടങ്ങളിൽ അടുക്കള സജ്ജീകരിച്ചു. വിദേശത്തുള്ള കുട്ടികളും പങ്കെടുക്കും. 28നാണ് സമാപനം.
സ്വർണക്കപ്പ് പ്രയാണം നാളെമുതൽ
തിരുവനന്തപുരം: 67ാമത് സംസ്ഥാന സ്കൂൾ കായികമേളയോടനുബന്ധിച്ച സ്വർണക്കപ്പിന്റെ പ്രയാണത്തിന് വ്യാഴാഴ്ച തുടക്കമാവും. വിളംബര ഘോഷയാത്ര രാവിലെ എട്ടിന് കാഞ്ഞങ്ങാട്ടുനിന്ന് ആരംഭിക്കും. വിവിധ ജില്ലകളിലെ പര്യടന ശേഷം 21ന് തിരുവനന്തപുരത്ത് സമാപിക്കും. വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന സ്വീകരണ ചടങ്ങിൽ കായികതാരങ്ങളും വിദ്യാർഥികളും പങ്കെടുക്കും. ഒളിമ്പിക്സ് മാതൃകയിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള സമാപന ചടങ്ങിൽ ജേതാക്കൾക്ക് 117.5 പവനുള്ള സ്വർണക്കപ്പ് വിതരണം ചെയ്യും. കായികമേളയെ കൂടുതൽ ആവേശകരമാക്കാൻ ലക്ഷ്യമിട്ട് ആദ്യമായാണ് സ്വർണക്കപ്പ് ഏർപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

