സംസ്ഥാന സ്കൂള്‍ ഗെയിംസ്: സബ് ജൂനിയര്‍ ഫുട്ബാളില്‍ മലപ്പുറത്തിന് കിരീടം
text_fieldsസംസ്ഥാന സ്കൂള്‍ ഗെയിംസ് സബ് ജൂനിയര്‍ ഫുട്ബാളില്‍ ചാമ്പ്യന്മാരായ മലപ്പുറം ടീം
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല സ്റ്റേഡിയത്തില്‍ നടന്ന സംസ്ഥാന സ്കൂള്‍ ഗെയിംസ് സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ ഫുട്ബാളില്‍ ഗോള്‍ മഴ പെയ്യിച്ച മലപ്പുറത്തിന് കിരീടം. ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മത്സരത്തില്‍ കോഴിക്കോടിനെ എതിരില്ലാത്ത മൂന്ന് ഗോളിനും രണ്ടാം മത്സരത്തില്‍ കാസർകോടിനെ നാല് ഗോളിനും സെമിയില്‍ 2-1 ന് എറണാകുളത്തെയും പരാജയപ്പെടുത്തി ഫൈനലില്‍ പ്രവേശിച്ച മലപ്പുറം ടീം 5-0 ന് തിരുവനന്തപുരത്തെ തോല്‍പ്പിച്ച് കിരീടം ചൂടുകയായിരുന്നു.
മലപ്പുറത്തിന്റെ താരങ്ങളായ സഹീര്‍ ഖാന് (രണ്ട്) ഫെസില്‍ (രണ്ട്), നിഹാല്‍ (ഒന്ന്) എന്നിവരാണ് തിരുവനന്തപുരത്തിന്റെ ഗോള്‍ വല നിറച്ചത്. കെ. അമീറുദ്ദീൻ കോച്ചും ഷബീറലി മാനേജറുമായിരുന്നു. ആണ്‍കുട്ടികളുടെ അണ്ടര്‍ 17 വിഭാഗം ഫുട്ബാളിലും മലപ്പുറം ടീം പാലക്കാടിനെ 4-1 ന് പരാജയപ്പെടുത്തി ജേതാക്കളായിരുന്നു.
അതേസമയം, സബ്ജൂനിയര് വിഭാഗം പെണ്‍കുട്ടികളുടെ ഫുട്ബാള്‍ ഫൈനലില്‍ 5-4 ന് പെനാൽറ്റിയിലൂടെ മലപ്പുറത്തെ പരാജയപ്പെടുത്തി എറണാകുളം ജേതാക്കളായി.

