സംസ്ഥാന പോളി അത്ലറ്റിക്സ്; പാലക്കാട് ഗവ.പോളിടെക്നിക് കോളജിന് കിരീടം
text_fieldsഓവറോള്‍ കിരീടം നേടിയ പാലക്കാട് ഗവ.പോളിടെക്നിക് കോളജ് ടീം
കൊച്ചി: എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ സമാപിച്ച 65ാമത് സംസ്ഥാന പോളിടെക്നിക് കോളജ് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിൽ പാലക്കാട് ഗവ.പോളിടെക്നിക് കോളജിന് ഓവറോള്‍ കിരീടം. 83 പോയന്റുമായി എതിരാളികളെ ഏറെ പിന്നിലാക്കിയാണ് പാലക്കാട് പോളിയുടെ നേട്ടം.
50 പോയന്റുമായി പയ്യന്നൂര്‍ റെസിഡെന്‍ഷ്യല്‍ വിമണ്‍സ് പോളിടെക്നിക് കോളജ് റണ്ണേഴ്സ് അപ്പായി. ആലപ്പുഴ കാര്‍മല്‍ പോളിടെക്നിക് കോളജിനാണ് മൂന്നാം സ്ഥാനം (47). പുരുഷ വിഭാഗത്തില്‍ ട്രിപ്പിള്‍ സ്വര്‍ണം നേടിയ മൂവാറ്റുപുഴ ഇലാഹിയ പോളിടെക്നിക് കോളജിന്റെ ആദിത്യന് കെ.ബി (200, ലോങ്ജമ്പ്, ട്രിപ്പിള്‍ ജമ്പ്), വെണ്ണികുളം എം.വി.ജി.എം ഗവ.പോളിടെക്നിക് കോളജിന്റെ വൈഷ്ണവ് വി.വി (1500, 5000, 10,000) എന്നിവര്‍ വ്യക്തിഗത ചാമ്പ്യന്‍പട്ടം പങ്കിട്ടു.
സ്പ്രിന്റ് ഡബിളും (100, 200), ലോങ്ജമ്പ് സ്വര്‍ണവും നേടിയ കോഴിക്കോട് ഗവ.പോളിടെക്നിക് കോളജിന്റെ അഞ്ജലി വിജയന് വി.എസ് ആണ് മേളയിലെ മികച്ച പെണ്‍താരം. സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയവര്‍ കേരളത്തെ പ്രതിനിധീകരിച്ച് സൗത് സോണ്‍ ദേശീയ മീറ്റില്‍ പങ്കെടുക്കും.
സാങ്കേതിക വിദ്യാഭാസ വകുപ്പ് സീനിയര്‍ ജോ. ഡയറക്ടര്‍ ആനി എബ്രഹാം മുഖ്യാതിഥിയായ സമാപന ചടങ്ങില്‍, കളമശ്ശേരി എസ്.ഐ.ടി.ടി.ആര് ഡെപ്യൂട്ടി ഡയറക്ടര്‍ ദീപ കെ.ആര്, കെ.പി.സി.എസ്.ജി സെക്രട്ടറി എ. മുഹമ്മദ് ഷിജു, ജോ. സെക്രട്ടറി നെഗുല്‍ ബ്രൈറ്റ് പി.എസ്, രഞ്ജി തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

