സംസ്ഥാന ജൂനിയർ–സബ് ജൂനിയർ നീന്തൽ ചാമ്പ്യൻഷിപ്: തിരുവനന്തപുരവും എറണാകുളവും മുന്നിൽ
text_fieldsകെവിൻ തോമസ് ജോർജ് ,100 മീ. ഫ്രീ സ്റ്റൈൽ, ഗ്രൂപ് മൂന്ന് ബോയ്സ് (എറണാകുളം)
തൃശൂർ: സംസ്ഥാന ജൂനിയർ-സബ് ജൂനിയർ നീന്തൽ ചാമ്പ്യൻഷിപ്പിൽ 82 ഇനങ്ങൾ പൂർത്തിയാകുമ്പോൾ ജൂനിയർ വിഭാഗത്തിൽ 365 പോയന്റോടെ തിരുവനന്തപുരവും സബ് ജൂനിയർ വിഭാഗത്തിൽ 311 പോയന്റോടെ എറണാകുളവും മുന്നേറ്റം തുടരുന്നു.
ചാമ്പ്യൻഷിപ്പിന്റെ രണ്ടാം ദിനത്തിൽ പുതുതായി അഞ്ച് റെക്കോഡുകൾ പിറന്നു. അഞ്ച് റെക്കോഡും എറണാകുളം ജില്ല സ്വന്തമാക്കി. ജൂനിയർ വിഭാഗത്തിൽ 355 പോയന്റോടെ എറണാകുളമാണ് രണ്ടാം സ്ഥാനത്ത്. 69 പോയന്റോടെ കോട്ടയം മൂന്നാം സ്ഥാനത്തും 65 പോയന്റോടെ പാലക്കാട് നാലാം സ്ഥാനത്തുമുണ്ട്. സബ് ജൂനിയർ വിഭാഗത്തിൽ 157 പോയന്റോടെ തിരുവനന്തപുരമാണ് രണ്ടാം സ്ഥാനത്ത്. കോട്ടയം (32), പാലക്കാട് (21) മൂന്നും നാലും സ്ഥാനത്തുണ്ട്. സബ് ജൂനിയർ ഗേൾസ് ഗ്രൂപ് അഞ്ച് 50 മീറ്റർ ബട്ടർൈഫ്ല സ്ട്രോക്കിൽ എറണാകുളത്തിന്റെ ശ്രേയ ബിനിൽ റെക്കോഡ് കുറിച്ചു. 37:46 സെക്കൻഡിലാണ് ശ്രേയ ഫിനിഷ് ചെയ്തത്.
പഴയ റെക്കോഡ് സമയം 46:54 സെക്കൻഡായിരുന്നു. ജൂനിയർ ബോയ്സ് ഗ്രൂപ് രണ്ട് 100 മീറ്റർ ഫ്രീ സ്റ്റൈലിൽ എറണാകുളത്തിന്റെ എസ്. അഭിനവ് 59:32 സെക്കൻഡിൽ നീന്തിയെത്തി റെക്കോഡ് മറികടന്നു. 59:60 ആയിരുന്നു പഴയ റെക്കോഡ്. ജൂനിയർ വിഭാഗം ബോയ്സ് ഗ്രൂപ് രണ്ട് 200 മീറ്റർ ബാക്ക് സ്ട്രോക്കിൽ നിലവിലുണ്ടായിരുന്ന 2:19:54 മിനിറ്റ് സമയം മറികടന്ന് എറണാകുളത്തിന്റെ ആരോൺ ജെ. തോമസ് 2:18:54 മിനിറ്റിന്റെ പുതിയ റെക്കോഡ് കുറിച്ചു. ജൂനിയർ ഗേൾസ് ഗ്രൂപ് ഒന്ന് 200 മീറ്റർ ബാക്ക് സ്ട്രോക്കിൽ എറണാകുളത്തിന്റെ സന മാത്യു 2:38:13 മിനിറ്റിൽ നീന്തിയെത്തി റെക്കോഡ് കുറിച്ചു. 2:41:98 മിനിറ്റാണ് പഴയ റെക്കോഡ്.
ജൂനിയർ വിഭാഗം ഗ്രൂപ് രണ്ട് 200 മീറ്റർ ഇന്റിവിജ്വൽ മെഡ്ലേയിൽ എറണാകുളത്തിന്റെ എസ്. അഭിനവ് 2:29:21 മിനിറ്റിൽ നീന്തിയെത്തി 2:34:11 മിനിറ്റ് എന്ന പഴയ റെക്കോഡ് മറികടന്നു. ഇതോടെ, ശ്രേയ ബിനിൽ, ആരോൺ ജെ. തോമസ്, സന മാത്യു, എസ്. അഭിനവ് എന്നിവർ റെക്കോഡ് ഡബിൾ കിറിച്ചു. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ചാമ്പ്യൻഷിപ് ഞായറാഴ്ച വൈകീട്ട് സമാപിക്കും.