മലയാളികളുടെ മെഡലിന് വിലയില്ലേ സർക്കാറേ...?
text_fieldsതിരുവനന്തപുരം: ഉത്തരാഖണ്ഡിൽ നടന്ന 38ാം ദേശീയ ഗെയിംസിൽ കേരളത്തിനായി മെഡൽ നേടിയ കായികതാരങ്ങളെ അവഗണിച്ച് സംസ്ഥാന സർക്കാർ. ഫെബ്രുവരി 14ന് അവസാനിച്ച ഗെയിംസിൽ മറ്റ് സംസ്ഥാനങ്ങൾ തങ്ങളുടെ അഭിമാനതാരങ്ങൾക്ക് ജോലിയും ലക്ഷങ്ങൾ പാരിതോഷികവും പ്രഖ്യാപിച്ചിട്ടും സംസ്ഥാന സ്പോർട്സ് കൗൺസിൽ സമർപ്പിച്ച ഫയലിൽ തീരുമാനമെടുക്കാതെ അടയിരിക്കുകയാണ് കായികവകുപ്പും മന്ത്രിസഭയും.
13 സ്വർണം 17 വെള്ളിയും 24 വെങ്കലവുമുൾപ്പെടെ 54 മെഡലുകളാണ് കേരളത്തിനായി ഇത്തവണ താരങ്ങൾ നേടിയത്. ഗെയിംസ് കഴിഞ്ഞതിന് പിന്നാലെ സമാപനവേദിയിൽ തന്നെ ഉത്തരാഖണ്ഡ് സർക്കാർ തങ്ങളുടെ സ്വർണ മെഡൽ ജേതാക്കൾക്ക് 12 ലക്ഷവും വെള്ളിക്ക് എട്ട് ലക്ഷവും വെങ്കലത്തിന് അഞ്ച് ലക്ഷവും പ്രഖ്യാപിച്ചിരുന്നു. കൂടാതെ എല്ലാ മെഡൽ ജേതാക്കൾക്കും ജോലിയും വാഗ്ദാനം ചെയ്തു. തമിഴ്നാട്, ഹരിയാന, തെലങ്കാന, പഞ്ചാബ്, കർണാടക അടക്കമുള്ള സംസ്ഥാനങ്ങളും തങ്ങളുടെ അഭിമാനതാരങ്ങൾക്ക് ജോലിയും ലക്ഷങ്ങളും പ്രഖ്യാപിച്ചു. പക്ഷേ, കേരളത്തിൽ മാത്രം മെഡൽ നേടിയ കായിക താരങ്ങളെ ആദരിക്കാനോ അർഹമായ പാരിതോഷികം പ്രഖ്യാപിക്കാനോ സർക്കാർ തയാറായിട്ടില്ല.
2023ൽ ഗോവയിൽ നടന്ന ദേശീയ ഗെയിംസില്‍ കേരളത്തിനായി വ്യക്തിഗത ഇനങ്ങളില്‍ സ്വര്‍ണം നേടിയവര്‍ക്ക് അഞ്ച് ലക്ഷം രൂപയും വെള്ളി നേട്ടത്തിന് മൂന്ന് ലക്ഷവും വെങ്കലത്തിന് രണ്ട് ലക്ഷവുമാണ് കേരളം പ്രഖ്യാപിച്ചത്. ടീമിനങ്ങളില്‍ സ്വര്‍ണം നേടിയവര്‍ക്ക് രണ്ട് ലക്ഷം വീതവും വെള്ളിക്ക് 1.5 ലക്ഷവും വെങ്കലത്തിന് ഒരുലക്ഷവും വീതം നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ആറിനങ്ങളിലെ മെഡല്‍ ജേതാക്കള്‍ക്ക് ഇനിയും പണം നൽകിയിട്ടില്ല. കളരിപ്പയറ്റ്, ബീച്ച് ഹാന്‍ഡ്ബാള്‍, വെയ്റ്റ് ലിഫ്റ്റ്, ജൂഡോ, ആര്‍ച്ചറി, റോവിങ് അടക്കമുള്ള ഇനങ്ങളിലെ മെഡൽ ജേതാക്കൾക്കാണ് ഇനിയും സർക്കാറിന്റെ പാരിതോഷികം ലഭിക്കാനുള്ളത്.
ഗോവയില്‍ കേരളം അഞ്ചാംസ്ഥാനം നേടിയത് കളരിപ്പയറ്റിലെ 19 സ്വര്‍ണ മെഡലുകള്‍ കൊണ്ടായിരുന്നു. ആ പരിഗണനപോലും കായികവകുപ്പ് കളരിപ്പയറ്റിന് നൽകിയില്ല. പ്രഖ്യാപിച്ച പാരിതോഷികം ലഭിക്കാതായതോടെ അസോസിയേഷനുകളും താരങ്ങളും കായികവകുപ്പിന് പരാതി നല്‍കിയിരുന്നു. സ്പോര്‍ട്സ് കൗണ്‍സില്‍ അക്കൗണ്ട് വിവരങ്ങള്‍ നല്കാത്തതിനാല് കാഷ് അവാര്‍ഡ് നല്കാനായില്ലെന്നാണ് ഇതിന് കായികവകുപ്പ് ഡയറക്ടര്‍ നല്കിയ മറുപടി. കായിക വികസന നിധിയിലെ ഫണ്ട് തീര്‍ന്നെന്നും പുതിയ ഫണ്ട് ലഭിച്ചാല്‍ കാഷ് അവാര്‍ഡ് നല്‍കുമെന്നും കഴിഞ്ഞ ഡിസംബറില്‍ നല്കിയ മറുപടിയില്‍ പറയുന്നു. പക്ഷേ മൂന്നുമാസം കഴിഞ്ഞിട്ടും ഒരു നടപടിയുമുണ്ടായിട്ടില്ല. മാര്‍ച്ച് 31ന് സാമ്പത്തികവര്‍ഷം അവസാനിക്കുംമുമ്പ് ഫണ്ട് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സ്പോര്‍ട്സ് കൗണ്‍സിൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.