നീന്തലിൽ ഇന്ത്യ വലിയ സ്വപ്നങ്ങൾ കാണണം -ശ്രീഹരി നടരാജ്
text_fieldsശ്രീഹരി നടരാജ്
ഹൽദ്വാനി: രാജ്യത്ത് പ്രതിഭാസമ്പന്നരായ ഒട്ടേറെപേർ അക്വാട്ടിക്സിലേക്ക് വരുന്നുണ്ടെന്നും ഇവർ വഴി ഇന്ത്യക്കും വലിയ സ്വപ്നം കാണാമെന്നും അന്തർ ദേശീയ നീന്തൽ താരം ശ്രീഹരി നടരാജ്.
മികവുറ്റ പരിശീലകരുംഅത്യാധുനിക പരിശീലന സംവിധാനങ്ങളും കൂടുതൽ വേണം.
അത് വളർന്നുവരുന്ന താരങ്ങൾക്ക് പ്രോത്സാഹനവും പ്രചോദനവും പിന്തുണയും നൽകുമെന്ന് ദേശീയ ഗെയിംസിൽ കർണാടകയെ പ്രതിനിധീകരിച്ചെത്തിയ ശ്രീഹരി 'മാധ്യമ'ത്തോട് പറഞ്ഞു.
പാരിസ് ഒളിമ്പിക്സിലെ താങ്കളുടെ പ്രകടനത്തെപ്പറ്റി
•ഒളിമ്പിക് വേദി എനിക്ക് അപരിചിതമല്ല. കൂടെ നീന്തിയവരെയും അറിയാം. ഞാൻ നന്നായി പരിശീലിച്ചു. ഒളിമ്പിക്സിൽ കുറച്ചെങ്കിലും മുന്നേറാമെന്ന് പ്രതീക്ഷിച്ചിരുന്നു.
പക്ഷേ പ്രകടനങ്ങൾ അത്ര നല്ലതായില്ല. എന്ത് സംഭവിച്ചുവെന്ന് എനിക്കറിയില്ല. എപ്പോഴും ഫലം നല്ലതാവാനാണ് നമ്മൾ ആഗ്രഹിക്കുകയും ശ്രമിക്കുകയും ചെയ്യുക.
നന്നായി നീന്തുന്നുവെന്നാണ് ഞാൻ കരുതുന്നത്. പക്ഷെ, ഫലം ചിലപ്പോൾ മോശമാവുന്നു.
സമീപഭാവിയിൽ ഇന്ത്യക്ക് ഒളിമ്പിക് മെഡൽ പ്രതീക്ഷിക്കാമോ
•കാത്തിരുന്ന് കാണുക എന്നേ ഒറ്റയടിക്ക് പറയാൻ കഴിയൂ. ഞാൻ കുറച്ച് വർഷങ്ങളായി സർക്യൂട്ടിലുണ്ട്. ഒരുപാട് നീന്തലുകാർ വന്ന് പോകുന്നത് ഞാൻ കണ്ടിട്ടുണ്ട്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി പിന്തുണയിൽ വർധനവുണ്ടായിട്ടുണ്ട്. എക്സ്പോഷറും കൂടി. ടൂർണമെൻ്റുകൾ ധാരാളം നടക്കുന്നു. മികച്ച അക്കാദമിയിലാണ് പരിശീലിക്കുന്നതെന്ന ഗുണം എനിക്കുണ്ട്. പരിശീലകരുടെ കുറവ് വലിയ പ്രശ്നമാണ്. ഉള്ളവരിൽ പലർക്കും വേണ്ടരീതിയിൽ കൈകാര്യം ചെയ്യാനുമാവുന്നില്ല.
എല്ലാ മത്സരങ്ങളിലും ദേശീയ റെക്കോഡും മികച്ച സമയവും പ്രതീക്ഷിക്കരുത്. അത്യാധുനിക പരിശീലന സംവിധാനങ്ങൾ ഒരുക്കി ആവശ്യമായ പരിശീലകരെയും നിയമിച്ചാൽ അന്താരാഷ്ട്ര തലത്തിൽ വലിയ സ്വപ്നങ്ങൾ കാണാം.
ഈ ദേശീയ ഗെയിംസിൽ താങ്കളുടെ നേട്ടങ്ങളെക്കുറിച്ച്
•ഇത് എന്റെ മൂന്നാമത്തെ ദേശീയ ഗെയിംസാണ്. 2022ൽ ഗുജറാത്തിലും 2023ൽ ഗോവയിലുമായി 19 മെഡലുകൾ ലഭിച്ചു. ഇവിടെ ഇതുവരെ മൂന്ന് ഇനങ്ങളിൽ സ്വർണം നേടി.
അഞ്ചിലധികം മത്സരങ്ങൾ ബാക്കിയുണ്ട്. എല്ലാത്തിലും മികച്ച പ്രകടനത്തിന് ശ്രമിക്കും. ഉത്തരാഖണ്ഡിലെ കാലാവസ്ഥയുമായി പൊരുത്തപ്പെടാൻ കഴിഞ്ഞത് ഗുണം ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.