Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightടെസ്റ്റ് ക്രിക്കറ്റിന്...

ടെസ്റ്റ് ക്രിക്കറ്റിന് ഇന്ന് ജന്മദിനം; ഈഡനിൽ ഇന്ത്യ ചരിത്രമെഴുതിയ ദിനം

text_fields
bookmark_border
ടെസ്റ്റ് ക്രിക്കറ്റിന് ഇന്ന് ജന്മദിനം; ഈഡനിൽ ഇന്ത്യ ചരിത്രമെഴുതിയ ദിനം
cancel

ടെസ്റ്റ് ക്രിക്കറ്റിന്‍റെ 145മത് ജന്മദിനമാണ് മാർച്ച് 15ന്. 1877ൽ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ആസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിൽ ആദ്യത്തെ ടെസ്റ്റ് മത്സരത്തിൽ ഏറ്റുമുട്ടി. എന്നാൽ, അതിനേക്കാളുപരി ഇന്ത്യൻ കായികപ്രേമികൾ ഈ ദിനത്തെ ഓർത്തുവെക്കുക മറ്റൊരു മത്സരത്തിന്‍റെ പേരിലാവും. 19 വർഷങ്ങൾക്ക് മുമ്പ്, ഈഡൻ ഗാർഡൻസിൽ ആസ്ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഫോളോ ഓൺ ചെയ്യേണ്ടിവന്ന ഇന്ത്യ വി.വി.എസ്. ലക്ഷ്മണിന്‍റെയും രാഹുൽ ദ്രാവിഡിന്‍റെയും ഇന്നിങ്സുകളുടെ കരുത്തിൽ കൈപ്പിടിയിലൊതുക്കിയ ചരിത്ര വിജയത്തിന്‍റെ പേരിൽ.

2001 മാർച്ച് 11ന് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ ഇന്ത്യ-ആസ്ട്രേലിയ പരമ്പരയിലെ രണ്ടാം മത്സരത്തിന് തുടക്കമായി. 16 മത്സരങ്ങൾ തുടർച്ചയായി ജയിച്ചുവന്നതിന്‍റെ ആത്മവിശ്വാസത്തിലായിരുന്നു കങ്കാരുക്കൾ. ക്യാപ്റ്റൻ സ്റ്റീവ് വോയുടെ നേതൃത്വത്തിൽ അണിനിരന്ന ഓസീസ് ഒന്നാം ഇന്നിങ്സിൽ 445 റൺസാണ് അടിച്ചെടുത്തത്. സ്റ്റീവ് വോ സെഞ്ചുറി (110) നേടി.

സൗരവ് ഗാംഗുലിയുടെ നായകത്വത്തിൽ ഇറങ്ങിയ ഇന്ത്യ മറുപടി ബാറ്റിങ്ങിൽ തകരുന്ന കാഴ്ചയാണ് കണ്ടത്. 58.1 ഓവറിൽ വെറും 171 റൺസിന് ഇന്ത്യ പുറത്തായി. ഓസീസിന് 274 റൺസിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡ്. ഇന്ത്യക്ക് ഫോളോ ഓൺ.

ഫോളോ ഓൺ ചെയ്ത് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് രണ്ടാം ഇന്നിങ്സിലും തകർച്ചയോടെയായിരുന്നു തുടക്കം. 115 റൺസിനിടെ മൂന്ന് വിക്കറ്റ് വീണു. 67ാം ഓവറിൽ ക്യാപ്റ്റൻ സൗരവ് ഗാംഗുലി 48 റൺസുമായി പുറത്തായി. ഇന്ത്യ നാലിന് 232 എന്ന നിലയിൽ പരാജയം മണത്തു.

ഒരുവശത്ത് ഉറച്ചുനിന്ന് ഇന്നിങ്സ് കെട്ടിപ്പടുക്കുകയായിരുന്ന വി.വി.എസ്. ലക്ഷ്മണിന് കൂട്ടായി ഇന്ത്യയുടെ വന്മതിൽ രാഹുൽ ദ്രാവിഡ് ക്രീസിലെത്തി. ചരിത്രം വഴിമാറിയ കൂട്ടുകെട്ടിന് ഈഡനിൽ തുടക്കമിടുകയായിരുന്നു ഇരുവരും. 17ാം ജയം കൺമുന്നിലെത്തിയതിന്‍റെ ആവേശത്തിൽ കളിച്ച ഓസീസ് താരങ്ങളെ നിശബ്ദരാക്കി ലക്ഷ്മണും ദ്രാവിഡും റൺമല തീർത്തു. ഇന്ത്യ പിന്നീട് ബാറ്റ് ചെയ്ത 104 ഓവറുകൾ ഓസീസിന്‍റെ എക്കാലത്തെയും പേടിസ്വപ്നമായി മാറി. ദ്രാവിഡ് 180 റൺസെടുത്തപ്പോൾ ലക്ഷ്മൺ കരിയറിലെ ഏറ്റവും ഉയർന്ന സ്കോറായ 281 റൺസ് അടിച്ചെടുത്തു. 44 ബൗണ്ടറികൾ ഉൾപ്പെട്ടതായിരുന്നു വെരി വെരി സ്പെഷ്യൽ താരത്തിന്‍റെ മനോഹരമായ ഇന്നിങ്സ്.

രണ്ടാം ഇന്നിങ്സിൽ 178 ഓവർ ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റിന് 657 എന്ന സ്കോറിൽ ഡിക്ലയർ ചെയ്തു. ഇന്ത്യക്ക് 383 റൺസിന്‍റെ രണ്ടാം ഇന്നിങ്സ് ലീഡ്. ഹർഭജൻ സിങ്ങിന്‍റെതായിരുന്നു അടുത്ത ഊഴം. കറക്കിയെറിഞ്ഞ പന്തുകളിൽ ആറ് വിക്കറ്റ് വീഴ്ത്തിയ ഹർഭജൻ ഓസീസ് ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചു. ഒന്നാം ഇന്നിങ്സിൽ ഹാട്രിക് ഉൾപ്പെടെ ഏഴ് വിക്കറ്റ് വീഴ്ത്തിയ ഹർഭജൻ മത്സരത്തിലാകെ വീഴ്ത്തിയത് 13 വിക്കറ്റ്. പാർട് ടൈം ബൗളറായി ഇറങ്ങിയ സചിൻ തെണ്ടുൽകർ രണ്ടാം ഇന്നിങ്സിൽ മൂന്ന് വിക്കറ്റ് വീഴ്ത്തി.

212 റൺസിന് ആസ്ട്രേലിയൻ ഇന്നിങ്സ് അവസാനിക്കുമ്പോൾ ഇന്ത്യക്ക് 171 റൺസിന്‍റെ ചരിത്ര ജയം. ഫോളോ ഓൺ ചെയ്ത ടീം ജയം നേടുന്ന മൂന്നാമത്തെ മത്സരമായി അത്. വി.വി.എസ്. ലക്ഷ്മൺ കളിയിലെ താരമായി. ആസ്ട്രേലിയൻ ആത്മവിശ്വാസത്തെ തച്ചുടച്ച് ലക്ഷ്മൺ നേടിയ 281 റൺസ് ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഇന്നിങ്സുകളിലൊന്നായി വിലയിരുത്തപ്പെടുന്നു. 21 വർഷങ്ങൾക്കു മുമ്പ് ഇന്ത്യ നേടിയ വെരി വെരി സ്പെഷൽ ജയം ക്രിക്കറ്റ് ആരാധകർ ഇന്നും ഓർത്തുകൊണ്ടേയിരിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vvs laxmanrahul dravid
News Summary - Today is Test cricket's birthday; The day India made history in Eden
Next Story