
കുഞ്ഞാണിയോ അതെന്താ?! റാപിഡ് ഫയർ ഷോയിൽ ചിരിപൊട്ടിച്ച് സഞ്ജുവും ദേവ്ദത്തും ആസിഫും
text_fieldsകൊൽക്കത്ത: ആരാധകർക്കായി ചിരിയുടെ മാലപ്പടക്കമൊരുക്കി രാജസ്ഥാൻ റോയൽസിലെ മലയാളി താരങ്ങൾ. റോയൽസ് റാപിഡ് ഫയർ ഷോയിലാണ് ക്യാപ്റ്റൻ സഞ്ജു സാംസണും മധ്യനിര ബാറ്റർ ദേവ്ദത്ത് പടിക്കലും പേസ് ബൗളർ കെ.എം. ആസിഫും സംസാരിക്കുന്നത്. ദേവ്ദത്ത് അവതാരകനായ ഷോയുടെ വിഡിയോ രാജസ്ഥാൻ റോയൽസ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു.
മലപ്പുറം എടവണ്ണ സ്വദേശിയായ ആസിഫിനോട് മറ്റാർക്കും അറിയാത്ത വിളിപ്പേര് എന്താണെന്ന് ഇംഗ്ലീഷിൽ ചോദിച്ചപ്പോൾ ലഭിച്ച മറുപടിയാണ് ഏറ്റവും ചിരിപടർത്തിയത്. കുഞ്ഞാണി എന്നായിരുന്നു ആസിഫിന്റെ മറുപടി. ‘കുഞ്ഞാണിയോ അതെന്താ’ എന്ന് മലയാളത്തിൽ സഞ്ജുവിന്റെ മറുചോദ്യം. അർഥം ആരാഞ്ഞപ്പോൾ, ‘മീനിങ്ങൊന്നുമില്ല, വെറുതെ, ചെറിയ കുട്ടി എന്നൊക്കെ പറയില്ലേ’ എന്ന് ആസിഫ് മാതൃഭാഷയിൽത്തന്നെ പ്രതികരിച്ചു. ചായക്കപ്പിന്റെ ചിത്രമാണ് ഇഷ്ടപ്പെട്ട സോഷ്യല്‍ മീഡിയ പോസ്റ്റെന്നും ചായ ഏറെ ഇഷ്ടമാണെന്നും ആസിഫ് പറയുന്നു. ഇഷ്ടനടനാരെന്ന ചോദ്യത്തിന് രജനികാന്ത് എന്നായിരുന്നു സഞ്ജുവിന്റെ മറുപടി. വിക്രം എന്ന് ആസിഫും.
