Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_right'അയാൾ ഉന്നതങ്ങളിലാണ്,...

'അയാൾ ഉന്നതങ്ങളിലാണ്, അതേസമയം അയാൾ വെറുമൊരു സാധാരണക്കാരനുമാണ്; ജന്മദിനാശംസകൾ പ്രിയപ്പെട്ട രോഹിത്​''

text_fields
bookmark_border
അയാൾ ഉന്നതങ്ങളിലാണ്, അതേസമയം അയാൾ വെറുമൊരു സാധാരണക്കാരനുമാണ്; ജന്മദിനാശംസകൾ പ്രിയപ്പെട്ട രോഹിത്​
cancel

145 കിലോമീറ്റർ വേഗതയിൽ ത്രോട്ട്‌ ലെവലിൽ പാഞ്ഞെത്തുന്ന ഒരു ബൗൺസർ ഡെലിവറി, അത് വളരെ എഫർട്ട്‌ലസ് ആയി ഫ്രൻറ്​ ഫൂട്ടിൽ ചെറുതായി ഒന്നൂന്നി ഒരു പുൾ ഷോട്ടിലൂടെ ഡീപ് സ്കോർ ലെഗി​െൻറയോ മിഡ് വിക്കറ്റി​െൻറയോ മുകളിൽ കൂടി ഗാലറിയിലെ കാണികൾക്കിടയിലേക്ക് പറന്നിറങ്ങുന്നു, ആക്ഷൻ പൂർത്തിയാക്കി നിരാശയോടെ നിവരുന്ന ബൗളർ, ഇതെല്ലാം എന്തെന്ന മട്ടിൽ ക്രീസിൽ രോഹിത്തും..

ഇംഗ്ലണ്ട്​ ബാറ്റ്​സ്​മാൻ ജോസ് ബട്ട്‌ലർ അതുകൊണ്ടാണ് ഇങ്ങനെ പറഞ്ഞത്.. "വർഷങ്ങൾക്കു മുന്നേ ഇന്ത്യൻ ബാറ്റ്​സ്​മാൻമാർക്ക് എതിരെ എല്ലാവരും പ്രയോഗിക്കുന്ന ഒരു വജ്രായുധം ആയിരുന്നു അതിവേഗത്തിൽ ഉള്ള ബൗൺസര്‍, പക്ഷേ ഇന്നത് രോഹിത്തിന്റെ നേരെ പ്രയോഗിക്കാൻ ഒരാളും ധൈര്യപ്പെടില്ല ". അതേ അയാളെ അങ്ങനെ തന്നെ വിശേഷിപ്പിക്കാം..

"വെറും സാധാരണക്കാരനായ, ഒരു അസാധാരണക്കാരൻ "

ഇതിഹാസങ്ങൾ നിറഞ്ഞാടിയിരുന്ന ഇന്ത്യൻ ക്രിക്കറ്റി​െൻറ രാജവീഥിയിലേക്ക് ഒരു തേര് ഒറ്റക്ക് തെളിച്ചു അയാൾ കടന്നു വരുന്നത് സച്ചിനെയോ കോഹ്ലിയെയോ കപിലിനെയോ പോലെ ആഭിജാത്യത്തിന്റെ ആടയാഭരണങ്ങളോടെയല്ല, മറിച്ച്‌ വെറും സാധാരണക്കാര​െൻറ നിസാരതയോടെയാണു രോഹിത്‌ ശർമ എന്ന ജീനിയസ്‌ പ്രത്യക്ഷപ്പെടുന്നത്‌. ലൈംലൈറ്റിന്റെ കടുംതിളക്കത്തിലും അയാളെ വേർതിരിച്ചു നിർത്തുന്നതും ഇൗ സാധാരണത്വമാണു.

വായിൽ വെള്ളിക്കരണ്ടിയില്ലാതെ പിറന്നത്‌ കൊണ്ടാവാം , ഈ മനുഷ്യ​െൻറ കരിയർ ഉടനീളം ഉയർച്ചതാഴ്​ചകളുടെ വെലിയേറ്റങ്ങളും വേലിയിറക്കങ്ങളും കൊണ്ട് സമ്പന്നവും സ്വാഭാവികവുമായിരുന്നു. അയാൾ ഉന്നതങ്ങളിലാണ്​. അതേസമയം അയാൾ വെറുമൊരു സാധാരണക്കാരനുമാണ്​.


സാമ്പത്തികമായി മികച്ച ഒരു അടിത്തറയുള്ള കുടുംബത്തിൽ ആയിരുന്നില്ല രോഹിത് ജനിച്ചത്. ഒരു സാധാരണ ജോലിക്കാരൻ ആയ അച്ഛൻ ഗുരുനാഥ് ശർമയ്ക്ക് ത​െൻറ മക​െൻറ ക്രിക്കറ്റ് കഴിവുകളെ വേണ്ട വിധത്തിൽ പ്രോത്സാഹിപ്പിക്കാൻ ഉള്ള സാമ്പത്തിക സ്ഥിതി ഇല്ല എന്ന് മനസ്സിലാക്കിയ അമ്മാവനും മറ്റു ബന്ധുക്കളും ചേർന്നാണ് രോഹിത്തിനെ ക്രിക്കറ്റിന്റെ ലോകത്തേക്ക് എല്ലാ സഹായവും ചെയ്​ത്​ പിടിച്ചുയർത്തിയത്​.

ത​െൻറ ആദ്യ കോച്ചായ ദിനേശ് ലാഡിന്റെ നിർദ്ദേശ പ്രകാരമാണ് മികച്ച ക്രിക്കറ്റ് പരിശീലന സൗകര്യങ്ങൾ ഉള്ള സ്വാമി വിവേകാനന്ദ ഇന്റർനാഷണൽ സ്കൂളിലേക്ക് രോഹിത് ത​െൻറ പഠനം പറിച്ചു നടുന്നത്. ഓഫ് സ്പിന്നർ ആയി ടീമിൽ തുടങ്ങിയ രോഹിത് അവിചാരിതമായി ഓപ്പണിങ് ഇറങ്ങിയ ആദ്യ കളിയിൽ തന്നെ സെഞ്ചുറി നേടിയത് അദ്ദേഹത്തെ വല്ലാതെ അമ്പരപ്പിച്ചു.

അതൊരു തുടക്കം മാത്രമായിരുന്നു, അന്താരാഷ്ട്ര ക്രിക്കറ്റിൽ 29 സെഞ്ചുറികളും മൂന്ന് ഡബിൾ സെഞ്ചുറികളും സ്വന്തം പേരിൽ കുറിച്ച രോഹിത് ശർമ എന്ന ജീനിയസിന്റെ ക്രിക്കറ്റ് യാത്രയുടെ തുടക്കം. 2006-2007 സീസണിൽ രഞ്ജിയിൽ ഗുജറാത്തിനെതിരെ രോഹിത് നേടിയ ഡബിൾ സെഞ്ചുറി അടക്കമുള്ള ഒരുപിടി മികച്ച പ്രകടനങ്ങളുടെ പിൻബലത്തിൽ മുംബൈ ഫൈനലിൽ എത്തുകയും ബംഗാളിന് എതിരെ വിജയികൾ ആവുകയും ചെയ്​തു. ഫൈനലിലും രണ്ടാം ഇന്നിങ്സിലും അർധ സെഞ്ച്വറി നേടി തിളങ്ങി നിന്ന രോഹിതിന് ദേശീയ ടീമിലേക്കുള്ള വിളിക്ക് അധികം കാത്തു നിൽക്കേണ്ടി വന്നില്ല..


2007 ജൂണിൽ നടന്ന അയർലൻഡ്, സൗത്ത് ആഫ്രിക്ക എന്നീ ടീമുകൾ ഉൾപ്പെടുന്ന ത്രിരാഷ്ട്ര ടൂർണമെൻറിൽ ആണ് രോഹിതി​െൻറ ആദ്യ ഔദ്യോഗിക അരങ്ങേറ്റം എങ്കിലും കളത്തിൽ ഇറങ്ങാൻ അതേ വർഷം നവംബർ വരെ കാത്തിരിക്കേണ്ടി വന്നു , നാഗ്​പൂരിൽ വെച്ച് പാകിസ്​താന് എതിരെ 52 റൺസോടെ വരവറിയിച്ച് ആസ്ട്രേലിയക്ക് എതിരെ അവരുടെ നാട്ടിൽ തന്നെ നടക്കാൻ പോകുന്ന കോമൺവെൽത്ത് ബാങ്ക് സീരിസിൽ സ്ക്വാഡിൽ എത്തിപ്പെട്ടു. ആദ്യ ഫൈനലിൽ സചിനുമൊത്ത് മികച്ച പാർട്ട്ണർഷിപ്പിൽ സ്കോർ ചെയ്ത 66 അടക്കം മൊത്തം 235 റൺസ് ആണ് രോഹിത് ആ ടൂർണമെൻറിൽ അടിച്ചത്. തുടക്കത്തിൽ പറഞ്ഞത് പോലെ ഒരുപാട് കയറ്റിറക്കങ്ങൾ ഉണ്ടായ രോഹിത്തിന്റെ കരിയറിലെ അടുത്ത ഇറക്കത്തിന് കാരണം മിഡിൽ ഓർഡറിൽ മികച്ച പ്രകടനം കാഴ്ച വച്ചുകൊണ്ടിരുന്ന സുരേഷ് റെയ്നയും വിരാട് കോഹ്ലിയും ആയിരുന്നു. അവർക്ക് പിന്നിൽ റിസർവ് ബാറ്റ്മാൻ ആയി ഇരുന്നതൊന്നും അയാളെ തളർത്തിയില്ല. 2009 രഞ്ജിയിൽ ട്രിപ്പിൾ സെഞ്ച്റി നേടി വീണ്ടും സെലക്​ടർമാരുടെ കണ്ണിൽ പെട്ടു. വീണ്ടും ടീമിൽ, 2010 ൽ സിംബാവേക്ക് എതിരെ നടന്ന സീരിസിൽ രോഹിത് ത​െൻറ കന്നി സെഞ്ചുറി കുറിച്ചു, അതേ സീരിസിൽ ശ്രീലങ്കക്കെതിരേയും സെഞ്ചുറി നേടി വരവറിയിച്ചു.

പക്ഷേ അപ്പോഴേക്കും അടുത്ത വിധി ഒരു സൗത്ത് ആഫ്രിക്കൻ പരമ്പരയായി മുന്നിൽ വന്നുനിന്നു, ആ സീരീസിലെ മോശം പ്രകടനം 2011ൽ സ്വന്തം നാട്ടിൽ നടന്ന ലോകകപ്പ് കളിക്കാൻ ഉള്ള അവസരമാണ് രോഹിതിന് നഷ്‌ടമാക്കിയത്. ഏതൊരു യുവതാരവും മാനസികമായി തകർന്നു പോകുന്ന അവസ്ഥ. പക്ഷേ അവിടം കൊണ്ടും തോറ്റു കൊടുക്കാൻ രോഹിത് തയാറായിരുന്നില്ല അവിടെ നിന്ന് ഏകദേശം 2013 കാലയളവ് വരെ രോഹിതിന്റെ കരിയർ ഗ്രാഫ് മുകളിലേക്കും താഴേക്കും മാറി മാറി വരച്ചു മാറ്റപ്പെട്ടുകൊണ്ടിരുന്നു.


പക്ഷേ 2013 രോഹിതിന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വർഷമായിരുന്നു. ഇന്ത്യൻ നായകൻ മഹേന്ദ്രസിങ്​ ധോണി പുതിയൊരു ദൗത്യം രോഹിതിന് മുന്നിൽ വെച്ചു, ചാമ്പ്യൻസ് ട്രോഫിയിൽ ശിഖർ ധവാന് ഒപ്പം ഇന്ത്യൻ ഇന്നിങ്​സ്​ ഓപ്പൺ ചെയുക എന്ന രോഹിത്തിന്റെ തലവര മാറ്റിയെഴുതിയ ദൗത്യം.ഷോട്ട് ബോളുകൾ പരമാവധി ഒഴിവാക്കി ഗ്രൗണ്ട് ഷോട്ടുകൾ പരമാവധി കളിച്ചിരുന്ന കൺവൻഷണൽ ശൈലിയിൽ നിന്ന് മാറി തുടക്കം മുതലേ ബൗളറെ കടന്നാക്രമിച്ചു കളിക്കുന്ന അറ്റാക്കിങ്​ മോഡിലേക്ക്​ മാറി. ഷോട്ട് ബോളുകൾക്ക് പുൾ ഷോട്ടുകൾ കൊണ്ട് മറുപടി നൽകി ബൗളറെ കൊണ്ട് ബൗൺസർ എന്ന വാക്ക് പോലും ചിന്തിപ്പിക്കാൻ അവസരം നൽകിയില്ല എന്ന് പറയാതെ പറഞ്ഞ രോഹിതി​െൻറ ബാറ്റുകൾ സെവാഗിന് സമാന്തരമായി മറ്റൊരു ഓപ്പണിങ്​ ശൈലിക്ക് തുടക്കം കുറിക്കുകയായിരുന്നു

ശിഖർ ധവാ​െൻറ ബാറ്റിംഗ് മികവിൽ ഇന്ത്യ ജേതാക്കൾ ആയ ആ ടൂർണമെൻറൽ ടോപ് റൺസ് സ്കോറർമാരിൽ നാലാമനായി ഫിനിഷ് ചെയ്ത രോഹിത് ക്യാപ്റ്റൻ തനിക്ക് മേൽ വെച്ച വിശ്വാസം കാത്തു സൂക്ഷിച്ചു. അതേ വർഷം രോഹിത്​ ക്രിക്കറ്റ് ജീവിതത്തിലെ മറ്റൊരു നാഴികക്കല്ല്​ കൂടി പിന്നിട്ടു. ആസ്ട്രേലിയക്ക് എതിരെ ഇന്ത്യയിൽ നടന്ന ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ 158 പന്തിൽ 16 സിക്​സറുകളുടെ അകമ്പടിയോടെ നേടിയ 209 റൺസ് , അതേ പരമ്പരയിൽ മറ്റൊരു മത്സരത്തിൽ നേടിയ 141 റൺസ് .ഇതിലൂടെ രോഹിതി​െൻറ നയം വ്യക്തമായിരുന്നു.

ക്രിക്കറ്റ് ലോകത്തിന് നൽകിയ ലൗഡ് ആൻഡ് ക്ലിയർ ആയ ഒരു മുന്നറിയിപ്പ് സ്റ്റേറ്റ്മെന്റ് കൂടെ ആയിരുന്നു അത്. തൊട്ടടുത്ത വർഷം ശ്രീലങ്കയിൽ വീണ്ടും ഒരു ലങ്കാ ദഹനം കൂടി നടന്നു. പുരാണത്തിൽ വാലിന് തീ കൊളുത്തി ഹനുമാനാണ് ലങ്ക ചുട്ടെരിച്ചത് എങ്കിൽ 21ാം നൂറ്റാണ്ടിൽ ബാറ്റിനു തീ കൊളുത്തി രോഹിത്താണ്‌ ആ ദുരന്തത്തിന് കാരണക്കാരൻ ആയത്. 264 റൺസ് ആണ് 173 ബോളിൽ നിന്ന് രോഹിത് അടിച്ചു കൂട്ടിയത്. 33 ഫോറും 9 സിക്‌സും ആണ് അന്നത്തെ ദിവസം രോഹിത് ബൗണ്ടറി ലൈൻ കടത്തിയത് . അക്ഷരാർഥത്തിൽ ശ്രീലങ്കൻ ബൗളർമാരെ രോഹിത് ചുട്ടെരിച്ചു എന്ന് തന്നെ പറയാം. 2017ൽ ശ്രീലങ്കക്ക് എതിരെ തന്നെ വീണ്ടുമൊരു ഡബിൾ കൂടി നേടി എന്തിനാണ് തന്നെ ക്രിക്കറ്റ് ലോകം ഹിറ്റ്മാൻ എന്ന് വിളിക്കുന്നതെന്ന്​ വിളംബരം ചെയ്​തു.


"സുനിൽ ഗാവസ്​കർ സിംഗിൾ , ഡബിൾ ആയും രോഹിത് 100 , 200 ആയി മാറ്റുമെന്നും" സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കർ തന്നെ ട്വീറ്റ് ചെയ്തത് ഇൗ പ്രകടനം കൂടി കണ്ടിട്ടാണ്. വെസ്റ്റിൻഡീസിനെതിരെ എതിരെ ഇന്ത്യയിൽ നടന്ന സചിന്റെ വിരമിക്കൽ ടെസ്റ്റ് പരമ്പരയിലാണ് ആദ്യമായി രോഹിത് ടെസ്റ്റ് ക്യാപ് അണിയുന്നത്. അന്ന് അരങ്ങേറ്റ ടെസ്റ്റിൽ തന്നെ 177 റൺസ് നേടി ടെസ്റ്റിലെ തുടക്കം ഗംഭീരമാക്കി.

അത് നില നിർത്താൻ രോഹിതിന് ആയില്ല ,പക്ഷേ ടെസ്റ്റിൽ വേണ്ടത്ര തിളങ്ങാതെ പോയത് ഒരു തരത്തിൽ ഏകദിനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ രോഹിതിനെ സഹായിച്ചു. ചുവന്ന പന്തിന്റെ വേഗവും മൂവ്മെൻറും രോഹിതിന് ബാലികേറാ മലയാണ് എന്ന് പറഞ്ഞ വിമർശകർക്ക് മറുപടിയായി 2019 ൽ സൗത്ത് ആഫ്രിക്കക്ക് എതിരായുള്ള ടെസ്റ്റ് പരമ്പരയിൽ ഓപ്പണറുടെ റോളിൽ തന്നെ രോഹിത് തിരിച്ചെത്തി. അന്ന് 3 ടെസ്റ്റുകളിൽ നിന്ന് ഒരു ഡബിൾ സെഞ്ചുറി അടക്കം 529 റൺസ് ആണ് രോഹിത് അടിച്ചു കൂട്ടിയത്. ഏകദിനത്തിലും T20 യിലും മാത്രമായി തന്നെ അങ്ങിനെ കാറ്റഗറൈസ് ചെയ്യണ്ട, ടെസ്റ്റും തന്റെ തട്ടകമാണ് എന്ന് വിമർശകരെക്കൊണ്ട് തന്നെ രോഹിത് പറയിച്ചു.

ട്വൻറി 20യിൽ 2015 ൽ ആണ് സൗത്ത് ആഫ്രിക്കക്ക് എതിരെ രോഹിത് ത​െൻറ ആദ്യത്തെ ശതകം രജിസ്റ്റർ ചെയ്യുന്നത്. 2018 ൽ ഇംഗ്ലണ്ടിന് എതിരെ ബാറ്റ് ചെയ്യുമ്പോൾ 2000 ട്വൻറി റൺസ് എന്ന നേട്ടത്തിന് കൂടി രോഹിത് അർഹനായി. ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും വിജയശ്രീലാളിതനായ ക്യാപ്റ്റനും മറ്റാരുമല്ല. മുബൈയെ അഞ്ചു തവണയാണ്​ രോഹിത് കിരീടം ചൂടിച്ചത്​.


പക്ഷേ എന്നെ ഏറ്റവും കൂടുതൽ പിടിച്ചിരുത്തിയ രോഹിത്തി​െൻറ പ്രകടനം നടക്കുന്നത് കഴിഞ്ഞ ലോകകപ്പിലാണ്. ആസ്ട്രേലിയക്ക് എതിരെ നടന്ന ആ ലീഗ് മത്സരത്തിൽ രോഹിത് തന്റെ പ്രതിഭ മുഴുവൻ പുറത്തെടുത്തു. ഫുൾ ത്രോട്ടിലുളള രോഹിതിന്റെ മുന്നിൽ നിലവിൽ ലോകത്തിലെ ഏറ്റവും വലിയ മികച്ച പേസ്​ സഖ്യമായ ആയ കമ്മിൻസും - സ്റ്റാർക്കും ബൗളിങ്ങി​െൻറ ബാലപാഠങ്ങൾ മറന്നു എന്ന് പോലും തോന്നിപ്പോയി .

140 കിലോമീറ്റർ വേഗതയിൽ വന്ന സ്റ്റാർക്കിൻെറ ഓഫ് സ്‌റ്റമ്പിന് വെളിയിലേക്ക് പോയ ഒരു ഷോട്ട് ബോൾ തേർഡ്‌മാനിന് മുകളിലൂടെ ഗാലറിയിലെ ഹർഷാരവങ്ങൾക്ക് ഇടയിലേക്ക് പറത്തിയത്​ ഒരു തുടക്കം മാത്രമായിരുന്നു. കമ്മിൻസിനെ സ്‌ക്വയർ ലെഗ്ഗിന് മുകളിലൂടെ പറത്തിയ ആ ഫ്ലിക്ക് സിക്സ്..!! കരിയറിൽ ഉടനീളം കണ്ട രോഹിതി​െൻറ ഏറ്റവും മികച്ച ഷോട്ടുകളിൽ ഒന്നായിരുന്നു. ടൈമിങ്ങി​െൻറയും റിസ്റ്റ്വ​ർകിന്റെയും പിൻബലത്തിൽ ഓൺ സൈഡിലും ഓഫ് സൈഡിലും നേടിയ അതിലും മനോഹരമായ മികച്ച ബൗണ്ടറികൾ... പുള്ളുകളും ഫ്ളിക്കുകളും, ലോഫ്റ്റെഡ് ഷോട്ടുകൾ, കവർ ഡ്രൈവുകൾ എന്നിവയാലെല്ലാം സമൃദ്ധമായ എക്​സിബിഷനായി ആ മത്സരം മാറി.


ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച കാഴ്​ചകളിൽ ഒന്ന് എന്താണെന്ന് ചോദിച്ചാൽ നിസംശയം ഞാൻ പറയും, 'ഫുൾ ത്രോട്ടിൽ ക്രീസിൽ നിലയുറപ്പിച്ച രോഹിത്തിന്റെ ബാറ്റിങ്​ ആണെന്ന്​. ഒരു ടിപ്പിക്കൽ ഹിറ്റർ മാത്രമായി കാണപ്പെടേണ്ട ഒരു ബാറ്റ്​സ്​മാൻ അല്ല എന്ന് താനെന്ന് ഷോട്ടുകളുടെ വൈവിധ്യം കൊണ്ട് ചൂണ്ടിക്കാണിച്ചു തരികയാണയാൾ..

നിങ്ങളുടെ സിയറ്റ് ബാറ്റി​െൻറ സ്വീറ്റ് പോയിന്റിൽ മുത്തമിട്ട് ഗാലറിയിൽ വിശ്രമിച്ച എത്രയോ വെള്ളപ്പന്തുകൾ ഞങ്ങളെ ആവേശം കൊള്ളിച്ചിരിക്കുന്നു..സാങ്കേതികത്തികവില്ല, സ്ഥിരതയില്ല , അലസൻ എന്നൊക്കെ നിലവിളിച്ച വിമർശകരുടെയും മാധ്യമങ്ങളുടെയും വായകൾ ഓരോ മികച്ച പ്രകടനങ്ങളിലൂടേയും എത്രയോ തവണ അയാൾ അടപ്പിച്ചിരിക്കുന്നു..

പരിശീലനത്തിന്​ പോലും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ച ബാല്യ കാലത്തിൽ നിന്ന് രോഹിത് ഇന്ന് എത്തി നിൽക്കുന്നത് Hublot, Ceat, Adidas, Nisan തുടങ്ങിയ ലോക പ്രശസ്​ത ബ്രാൻഡുകളുടെ അംബാസിഡർ പദവികളിലാണ്.

അതേ..

അയാൾ ഉന്നതങ്ങളിലാണ് ...

അതേസമയം അയാൾ വെറുമൊരു സാധാരണക്കാരനുമാണ്..

ജന്മദിനാശംസകൾ പ്രിയപ്പെട്ട രോഹിത്​...


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian cricket teamrohit sharma
Next Story