
''അന്ന് സദ്ദാം കുവൈത്തിലേക്ക് ഇരച്ചുകയറിയിരുന്നില്ലെങ്കിൽ പുതിയോട്ടിൽ അബ്ദുസ്സലാം അബൂദബിയിലെ ഗ്രൗണ്ടുകൾ ഗോളുകൾകൊണ്ട് നിറച്ചേനേ''
text_fieldsനിർഭാഗ്യങ്ങൾ ഒന്നിനുപിറകെ ഒന്നായി വിലങ്ങിട്ടതുകൊണ്ട് മാത്രം എവിടെയും എത്താതെപോയ കാൽപന്തു പ്രതിഭയായിരുന്നു അടുത്തിടെ അന്തരിച്ച പുതിയോട്ടിൽ അബ്ദുസ്സലാം. സെവൻസ് മൈതാനങ്ങളിൽനിന്ന് തുടങ്ങി ദേശീയ കളിക്കുപ്പായത്തിനടുത്ത് വരെയെത്തിയ അദ്ദേഹത്തിെൻറ അമ്പരപ്പിക്കുന്ന കാൽപന്തുജീവിതം
അന്ന് സദ്ദാം കുവൈത്തിലേക്ക് ഇരച്ചുകയറിയിരുന്നില്ലെങ്കിൽ ഒരുപക്ഷേ, കോഴിക്കോട് ജില്ലയിലെ ചേന്ദമംഗലൂർ സ്വദേശി പുതിയോട്ടിൽ അബ്ദുസ്സലാം അബൂദബിയിലെ ഗ്രൗണ്ടുകളും ഗോളുകൾകൊണ്ട് നിറച്ചേനേ. ഓൾ ഇന്ത്യ ജൂനിയർ ഫുട്ബാളിൽ കേരളത്തിനും സന്തോഷ് ട്രോഫിയിൽ കർണാടകക്കും പിന്നെ മധുര കോട്സിനും യങ് ഇന്ത്യൻസിനുമൊക്കെ വേണ്ടി നൂറുകണക്കിന് ഗോളുകൾ നേടിയ ആത്മവിശ്വാസത്തിലായിരുന്നു അബൂദബിയിലേക്കുള്ള ആ വരവ്.
പക്ഷേ, വിധി വിലങ്ങുതടിയായി. ''എല്ലാം ശരിയായി പിറ്റേ ദിവസം ജോലിയും കളിയും തുടങ്ങാനിരുന്നതാണ്. അപ്പോഴായിരുന്നു സദ്ദാമിെൻറ കുവൈത്തിലേക്കുള്ള അപ്രതീക്ഷിത കടന്നുകയറ്റം. അതോടെ കാര്യങ്ങൾ തകിടം മറിഞ്ഞു.'' കഴിഞ്ഞയാഴ്ച (ജൂലൈ 21) കോഴിക്കോട് ചേന്ദമംഗലൂരിൽ നിര്യാതനായ മുൻ സൗത്ത് ഇന്ത്യൻ താരം സലാം പുതിയൊട്ടിലിെൻറ അളിയൻ സാദിഖ് അജ്മാനിലിരുന്ന് ഓർത്തെടുത്തു. കളിച്ച കളികളിലൊക്കെ ഗോളുകളടിച്ച് മൈതാനചരിത്രത്തിൽ തെൻറ പേര് കൃത്യമായി അടയാളപ്പെടുത്തിപ്പോയ, സെവൻസ് ഫുട്ബാളിലൂടെ, കേരള ജൂനിയർ ടീം വഴി ഇന്ത്യൻ ക്യാമ്പിൽ വരെയെത്തിയ പ്രതിഭയായിരുന്നു പുതിയോട്ടിൽ അബ്ദുസ്സലാം. മൈതാനങ്ങളിലെല്ലാം ഫുട്ബാൾ പ്രേമികൾ ആർത്തുവിളിച്ച പേര്. പക്ഷേ, കളിക്കളത്തിനു പുറത്ത് ആ പ്രതിഭയെ അധികമാരും തിരിച്ചറിഞ്ഞില്ല.
സെവൻസിലെ പുലിക്കുട്ടി
എഴുപതുകളുടെ ഒടുക്കത്തിലാണ് സലാമിെൻറ പടയോട്ടം തുടങ്ങുന്നത്. യുവജന ഗ്രന്ഥാലയം എന്ന പേരിലായിരുന്നു അന്ന് ചേന്ദമംഗലൂർ ടീം സെവൻസ് ഫുട്ബാൾ ടൂർണമെൻറിൽ പങ്കെടുത്തിരുന്നത്. എവിടെപ്പോയാലും കപ്പടിക്കുന്ന ടീം എന്നായിരുന്നു അവർ അറിയപ്പെട്ടിരുന്നത്. ഇവരോട് മത്സരിക്കാൻ എതിർ ടീമുകൾ പലപ്പോഴും പോണ്ടിച്ചേരി, ബാംഗ്ലൂർ, മദ്രാസ് എന്നിവിടങ്ങളിൽനിന്നൊക്കെ ഫുൾ ടീമിനെ ഇറക്കി പടവെട്ടി നോക്കുന്ന കാലം.
പ്രതിരോധ നിര എത്ര കരുത്തുറ്റതാണെങ്കിലും സലാം ഗോളടിച്ചിരിക്കും. സലാം എതിർടീമിൽ ഉണ്ടെന്നറിഞ്ഞാൽ കളിക്കാരുടെ മനോധൈര്യംതന്നെ ചോർന്നുപോകുന്ന നിലയിൽ ഫുട്ബാൾ പ്രേമികൾ ആരവം നിറച്ച കാലം. അതുകൊണ്ടുതന്നെ വർഷങ്ങൾക്കു മുമ്പ് മാവൂരിലെയും വാഴക്കാട്ടെയും കൊടിയത്തൂരിലെയും തിരുവമ്പാടിയിലെയുമെല്ലാം മൈതാനങ്ങളിൽ ആ ബൂട്ടിൽനിന്നുതിർന്ന ഗോളുകൾ ഇന്നും കാണികളുടെ ഒാർമയിലുണ്ടാകും.
ഒരിക്കൽ ഒരു മത്സരത്തിൽ കളിക്കാനായി ടൗൺ ടീം അരീക്കോട്, സലാമിനെ മലപ്പുറം ജില്ലയിലെ കുനിയിലേക്ക് കൊണ്ടുപോയി. അദ്ദേഹത്തെ ആദ്യ പകുതിയിൽ ഇറക്കിയില്ല. മൂന്നു ഗോളുകൾക്ക് മുന്നിട്ടുനിൽക്കുന്നതിനാൽ രണ്ടാം പകുതിയിലും താങ്കൾ ഇറങ്ങേണ്ടതില്ല എന്ന് ടീം മാനേജർ സലാമിനോട് പറഞ്ഞു. പക്ഷേ, കളിക്കാനുള്ള ആവേശത്തിലായിരുന്നു സലാം. അദ്ദേഹം ഉടൻ തെൻറ ജഴ്സി ഊരി മടക്കിക്കൊടുത്തു. എന്നിട്ട് എതിർ ടീമായ ജിഗ്ര വാഴക്കാടിനു വേണ്ടി കളത്തിലിറങ്ങി.
പിന്നെ മൂന്നു ഗോളിന് വിജയിച്ചുനിന്ന ടൗൺ ടീം അരീക്കോടിെൻറ വലയിലേക്ക് സലാമിെൻറ വക നാലു ഗോൾ! 4^3ന് ജിഗ്ര വാഴക്കാട് ടീമിനെ വിജയിപ്പിച്ച് കപ്പും വാങ്ങി പോന്നു. അതായിരുന്നു സലാമിെൻറ സ്കോറിങ് പവർ. സലാമിെൻറ കളിയുള്ളയിടത്തെല്ലാം നാട്ടുകാർ കൂട്ടമായി എത്തി, കാൽനടയായും മോട്ടോർ ബൈക്കിലും സൈക്കിളിലും പറ്റിയാൽ ജീപ്പ് വിളിച്ചും. സലാമിെൻറ കളി കാണാൻ കൊച്ചിയിലേക്ക് ഒരു ഗ്രാമം ഒന്നടങ്കം പോയ കഥ അക്കാലത്ത് വാർത്തകളിൽ നിറഞ്ഞിരുന്നു.
യങ് ഇന്ത്യൻസിെൻറ പ്രതീക്ഷ
വർഷം 1979. തിരുവമ്പാടിയിലെ സെവൻസ് ടൂർണമെൻറിൽ റഫറിയായി എത്തിയ കോഴിക്കോട്ടുകാരൻ ഉസ്മാൻ സലാമിെൻറ കളി നോട്ടമിട്ടു. പോകുമ്പോൾ സലാമിന് പുതിയൊരു ക്ഷണവും കിട്ടി -യങ് ഇന്ത്യൻസിലേക്ക്. സലാമിെൻറ വരവോടെ ടീമിെൻറ വര തെളിഞ്ഞു. അതുവരെ 'സി' ഡിവിഷനിൽ കിടന്നു ചക്രശ്വാസം മുട്ടിയ യങ് ഇന്ത്യൻസ് രണ്ടു വർഷത്തിനിടയിൽ ബി ഡിവിഷനും കടന്ന് എ ഡിവിഷനിലേക്ക് കയറി.
സി ഡിവിഷനിൽ യങ് ഇന്ത്യൻസ് നേടിയ 26 ഗോളുകളിൽ 24ഉം സലാമിെൻറ വകയായിരുന്നു എന്ന് പറയുമ്പോൾ ഊഹിക്കാമല്ലോ ടീമിന് ആ കളിക്കാരൻ പകർന്ന ഊർജം. ബി ഡിവിഷനിലും സലാമായിരുന്നു ടോപ് സ്കോറർ. 1979, 80, 81 കാലത്തായിരുന്നു യങ് ഇന്ത്യൻസിനു വേണ്ടി സലാം കളിച്ചത്.
സന്തോഷ് ട്രോഫിയിൽ
1981ൽ നാഷനൽ ജൂനിയർ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ കേരള സ്റ്റേറ്റ് ജൂനിയർ ടീമിലെ മുൻനിര കളിക്കാരനായിരുന്നു സലാം. ഗുജറാത്തുമായുള്ള മത്സരത്തിലെ ഏഴു ഗോളുകളിൽ മൂന്നും സലാമിെൻറ വകയായിരുന്നുവെന്നത് അന്ന് കായിക പേജുകളിൽ തലക്കെട്ടായി. പക്ഷേ, അതുവരെ മികച്ച പ്രകടനം കാഴ്ചെവച്ച സലാമിനെ ഫൈനൽ മത്സരത്തിൽ കളത്തിനു പുറത്തിരുത്തി! അന്ന് കേരളം തോൽക്കുകയും ചെയ്തു.
പക്ഷേ, സലാമിെൻറ പ്രകടനം കർണാടക നോട്ടമിട്ടു കഴിഞ്ഞിരുന്നു. കേരളത്തിൽനിന്നുള്ള ഈ കയ്പ്പേറിയ അനുഭവവുമായി മുന്നോട്ടുപോകുന്നതിനിടയിൽ കർണാടക സലാമിനെ ക്ഷണിച്ചു. അങ്ങനെ 1982-83 കാലത്തെ കർണാടക സന്തോഷ് ട്രോഫി ടീം അംഗമായി. കൽക്കട്ടയിൽ നടന്ന മത്സരത്തിൽ സലാം എപ്പോഴത്തെയും പോലെ മികവ് തെളിയിച്ചു. ടീമിന് പ്രതീക്ഷയേറി. പക്ഷേ, സെമി ഫൈനലിൽ ഗോവയോട് പരാജയപ്പെട്ട് കർണാടക മടങ്ങി. കേരളം അതിനും മുമ്പുതന്നെ മത്സരത്തിൽനിന്ന് പുറത്തായിരുന്നു. സലാമിെൻറ പ്രകടനത്തിനാവട്ടെ കർണാടക സർക്കാറിെൻറ പ്രത്യേക പ്രശംസയും കിട്ടി.
എസ്.എസ്.എൽ.സി മുടക്കിയ ഇന്ത്യൻ ടീം പ്രവേശനം
എസ്.എസ്.എൽ.സി പാസായിരുന്നെങ്കിൽ ഒരുപക്ഷേ, ഒതയമങ്ങലം പള്ളിപ്പറമ്പിൽ നടന്ന അദ്ദേഹത്തിെൻറ ഖബറടക്ക ചടങ്ങിൽ ആദരപൂർവം ആചാരവെടി മുഴങ്ങിയേനെ എന്നുകൂടെ പറയുമ്പോഴേ സലാമെന്ന പ്രതിഭയുടെ കളിജീവിതം പൂർണമാവൂ. സലാമിനും ഇന്ത്യൻ ഫുട്ബാൾ ടീമിനും ഇടയിൽ വിലങ്ങുതടിയായി നിന്നത് എസ്.എസ്.എൽ.സിയില്ല എന്ന ഒറ്റക്കാരണമായിരുന്നു.
സന്തോഷ് ട്രോഫിയിലെ കർണാടകക്ക് വേണ്ടിയുള്ള പ്രകടനംകൂടി കഴിഞ്ഞപ്പോഴാണ് ഇന്ത്യൻ ക്യാമ്പിലേക്ക് വിളിയെത്തിയത്. പക്ഷേ, അടുത്ത ഘട്ടത്തിൽ സെലക്ഷൻ കിട്ടിയില്ല. കളിമികവിലെ കുറവായിരുന്നില്ല, വിദ്യാഭ്യാസ യോഗ്യതയാണ് പണിപറ്റിച്ചത്. പത്താം ക്ലാസില്ലെങ്കിൽ ബുദ്ധിമുട്ടാകുമെന്നും കൈക്കൂലി കൊടുത്താൽ നടക്കുമെന്നും അന്നൊരു കോച്ച് പറഞ്ഞതായി സലാം ഒരിക്കൽ സൂചിപ്പിച്ചിരുന്നു. ഗോഡ്ഫാദർമാരില്ലാത്ത ഒരു നാട്ടിൻപുറത്തുകാരൻ ഫുട്ബാൾ താരം എങ്ങനെയൊക്കെ അവഗണിക്കപ്പെടുന്നു എന്നതിെൻറ ഉദാഹരണമാണ് ഇത്.
സെലക്ടർമാർക്ക് വേറെയും താൽപര്യങ്ങളുണ്ടായിരുന്നിരിക്കണം. കൂടെ കളിച്ചപ്പോൾ വളരെ പിന്നിലായിരുന്ന പലരും സംരക്ഷകരുടെ അകമ്പടിയോടെയും പത്രങ്ങളിലൂടെ കഥകൾ രചിച്ചും വലിയ 'കളിക്കാരായി'. സർക്കാർ ജോലികൾ കരസ്ഥമാക്കി.
ബൂട്ട് കൈവിടാതെ സലാം
അവഗണനകളിലും സലാം പക്ഷേ, കാൽപന്തിനോടുള്ള പ്രണയം കൈവിട്ടില്ല. 1983 മുതൽ 1988 വരെ മധുര കൊട്സ് ടീമിൽ സജീവമായി. ടീം കാപ്റ്റൻ സ്ഥാനമണിഞ്ഞു. ജോർജ് ഹൂവറടക്കം ഒട്ടനവധി കപ്പുകൾ മധുര കോട്സിലേക്കെത്തിച്ചത് സലാമിെൻറ കാലത്താണ്.
മധുര കോട്സ് ഫുട്ബാൾ ടീം പിരിച്ചുവിട്ടതോടെ മാസ്മരിക പ്രകടനങ്ങളുമായി സലാം സെവൻസിെൻറ ലോകത്തേക്ക് വീണ്ടും തിരിച്ചെത്തി. കൂട്ടുകാരൻ നാഗരാജൻ മാനേജറായ സെവൻസ് ഫുട്ബാൾ ടീമായ ബ്ലൂമാക്സ് മധുരക്കു വേണ്ടി ജഴ്സിയണിഞ്ഞു.
അതിനിടെയാണ് കാൽപന്തുകളിയിൽ പുതിയ കവിതകൾ രചിക്കാനും ജീവിതം കരക്കടിപ്പിക്കാനുമുള്ള മോഹങ്ങളുമായി സലാം അബൂദബിയിലേക്ക് വിമാനം കയറിയത്. കളിമികവും സർട്ടിഫിക്കറ്റുകളും കണ്ട അബൂദബി മുനിസിപ്പാലിറ്റി ടീമിെൻറ തലവൻ ടീമിലെടുക്കാമെന്നു സമ്മതിച്ചു. ടീമിൽ മലയാളികളായ വേറെയും കളിക്കാരുണ്ടായിരുന്നു. സംസ്ഥാന തലത്തിലും മറ്റും തിളങ്ങിയതിനുശേഷം പ്രവാസം സ്വീകരിച്ചവർ.
പക്ഷേ, നിർഭാഗ്യവശാൽ അപ്പോഴേക്കും ഇറാഖ്-കുവൈത്ത് യുദ്ധം തുടങ്ങി. മുനിസിപ്പാലിറ്റി ടീം വിപുലീകരണം എന്ന പദ്ധതി അബൂദബി ഉപേക്ഷിച്ചു. നാട്ടിലേക്ക് മടങ്ങാതെ പിന്നീട് വർഷങ്ങളോളം അളിയൻ സാദിഖിനോടൊപ്പം പലവിധ ജോലികളും കച്ചവടങ്ങളും നോക്കി സലാം പ്രവാസത്തിെൻറ കുപ്പായമണിഞ്ഞു. അപ്പോഴേക്കും നിരാശ പതുക്കെ അദ്ദേഹത്തിെൻറ ജീവിതത്തിലേക്ക് പടർന്നുകയറിത്തുടങ്ങിയിരുന്നു. 2007ലാണ് അദ്ദേഹം യു.എ.ഇയോട് വിട ചൊല്ലുന്നത്.
പിന്നീട് നാട്ടിൽതന്നെ ഒതുങ്ങിക്കൂടി. പുതുതലമുറയിൽപെട്ട പലർക്കും സലാം ആരാണ് എന്നുപോലും അറിയാതെയായി. എങ്കിലും മായ്ച്ചുകളയാനാവാത്ത മൈതാനത്തെ ഇതിഹാസ കഥകളോടൊപ്പം മറ്റൊന്നുകൂടെ അദ്ദേഹം ബാക്കിെവച്ചിട്ടുണ്ട്, തന്നെക്കാൾ നല്ല കളിക്കാരനായി വളരുന്ന തെൻറ ഇളയമകൻ ശാമിൽ സലാമിനെ. പ്ലസ് ടുവിനു പഠിക്കുമ്പോൾ ഇൻറർസ്കൂൾ മത്സരത്തിൽ കോഴിക്കോടിെൻറ പോസ്റ്റ് കാത്തുരക്ഷിച്ച ശാമിൽ (സച്ചു) നാലുവർഷമായി കോഴിക്കോട് ലീഗ് മത്സരങ്ങളിലും പങ്കെടുക്കുന്നുണ്ട്.