മുംബൈയെ തകർത്ത ഗില്ലുമായി സചിന്റെ സംഭാഷണം; കല്ല്യാണക്കാര്യമെന്ന് ആരാധകർ
text_fieldsഇന്നലെ ഐ.പി.എൽ രണ്ടാം ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റാൻസ് മുംബൈക്കെതിരെ 62 റൺസിന്റെ വിജയം നേടിയപ്പോൾ, താരമായി മാറിയത് ശുഭ്മാൻ ഗില്ലായിരുന്നു. 60 പന്തുകളിൽ ഗില്ല് അടിച്ച 129 റൺസാണ് മുംബൈയുടെ പരാജയത്തിന് കാരണമായത്. ഗുജറാത്ത് പടുത്തുയർത്തിയ 234 റൺസെന്ന വിജയലക്ഷ്യം മുംബൈക്ക് എത്തിപ്പിടിക്കാനായില്ല.
ഗില്ലുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം തന്നെ ഇപ്പോൾ ഇന്റർനെറ്റിൽ വൈറലാണ്. മാസ്റ്റർ ബ്ലാസ്റ്റർ സചിൻ ടെണ്ടുൽക്കറോട് യുവതാരം സംസാരിച്ചിരിക്കുന്ന ചിത്രവും ഇപ്പോൾ പ്രചരിക്കുന്നുണ്ട്. മത്സര ശേഷം ഗില്‍ സച്ചിനോടും മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറോടും സംസാരിക്കുന്നതിന്റെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
സചിന്റെ മകൾ സാറ ടെണ്ടുൽക്കറുമായി ഗിൽ പ്രണയത്തിലാണെന്ന തരത്തിൽ ധാരാളം ഗോസിപ്പുകൾ വന്നിരുന്നു. അതുകൊണ്ട് തന്നെ ‘അമ്മായിപ്പനും മരുമകനും സംസാരിക്കുന്നു’ എന്ന തരത്തിലാണ് നെറ്റിസൺസ് ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത്. ഗില്ലിന്റെ പ്രകടനം കണ്ട് സചിന്‍ വിവാഹത്തിന് സമ്മതിച്ചുവെന്നും അക്കാര്യമാണ് ഇരുവരും സംസാരിക്കുന്നതെന്നുമൊക്കെയാണ് ആരാധകർ പറയുന്നത്.
ഗിൽ മുംബൈ ബോളർമാരെ തലങ്ങും വിലങ്ങും അടിച്ചുപറത്തുന്ന സമയത്ത് സചിൻ വീക്ഷിക്കുന്ന ചിത്രങ്ങളും പുറത്തുവരുന്നുണ്ട്. അതേസമയം, മത്സരശേഷം സചിൻ ഗില്ലിനെ നേരിട്ടെത്തി അഭിനന്ദിച്ചിരുന്നു. ഗില്‍ 7 ഫോറും 10 സിക്‌സുമാണ് ഇന്നലെ പറത്തിയത്. 32 പന്തില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ താരം സെഞ്ച്വറിയിലേക്ക് എത്താൻ എടുത്തത് വെറും 17 പന്തുകളാണ്.