പത്മശ്രീ പുരസ്കാരത്തിളക്കത്തിൽ പി.ടി. ഉഷയുടെ കോച്ച് ഒ.എം. നമ്പ്യാർ
text_fieldsകോഴിക്കോട്: ജീവിത സായാഹ്നത്തിൽ രാജ്യത്തിെൻറ പരമോന്നത ആദരവുമായി ഒ.എം. നമ്പ്യാർ. പി.ടി. ഉഷയെന്ന പയ്യോളിക്കാരിയെ, ലോകമറിയുന്ന അത്ലറ്റായി വളർത്തിയ നമ്പ്യാർസാർ 88ാം വയസ്സിൽ ശാരീരിക അവശതകളുമായി പയ്യോളി മണിയൂരിലെ വീട്ടിൽ വിശ്രമിക്കവെയാണ് പത്മശ്രീ പുരസ്കാരമെത്തുന്നത്. 1984 ലോസ് ആഞ്ജലസ് ഒളിമ്പിക്സിൽ പി.ടി. ഉഷ 400 മീ. ഹർഡ്ൽസിൽ നാലാം സ്ഥാനത്തെത്തി അതിശയപ്പെടുത്തിയതിനു പിന്നാലെ, 1985ലായിരുന്നു കോച്ച് നമ്പ്യാർ സാറിനെ തേടി ദ്രോണാചാര്യ പുരസ്കാരമെത്തിയത്. പിന്നീട് പരിശീലകവേഷത്തിലും തുടർന്ന്, ഉപദേശകനായുമെല്ലാം ട്രാക്കിൽ തുടർന്നെങ്കിലും രാജ്യത്തിെൻറ പരമോന്നത ആദരം തേടിയെത്താൻ പിന്നെയും വർഷങ്ങൾ വേണ്ടിവന്നു.
വടകര മണിയൂർ മീനത്തുകര ഒതയോത്ത് മാധവൻ നമ്പ്യാർ വടകരയിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം കോഴിക്കോട് ഗുരുവായൂരപ്പൻ കോളജിലാണ് പ്രീഡിഗ്രി പൂർത്തിയാക്കിയത്. കായികമികവിൽ വ്യോമസേനയിൽ ചേർന്ന അദ്ദേഹം പിന്നീട് അത്ലറ്റിക്സ് പരിശീലകനായി. 1970ൽ കേരള സ്പോർട്സ് കൗൺസിലിെൻറ കോച്ചായി നിയമിതനായി. ആറു വർഷത്തിനുശേഷം കണ്ണൂർ സ്േപാർട്സ് ഡിവിഷൻ രൂപവത്കരിച്ചപ്പോൾ പരിശീലകനായെത്തിയ നമ്പ്യാർ ആദ്യബാച്ചിലെ വിദ്യാർഥിനിയായിരുന്ന പി.ടി. ഉഷയുടെ മികവ് കണ്ടറിഞ്ഞ് വളർത്തി. ദേശീയ സ്കൂൾ കായികമേള മുതൽ ഒളിമ്പിക്സ് വരെ ഉഷയുടെ സാന്നിധ്യമുറപ്പിച്ച ഒ.എം. നമ്പ്യാർ കർക്കശക്കാരനായ പരിശീലകനായിരുന്നു. പി.ടി. ഉഷയുടെ പരിശീലകസ്ഥാനമൊഴിഞ്ഞശേഷം സ്പോർട്സ് അതോറിറ്റി ഒാഫ് ഇന്ത്യ(സായ്)യുടെയും സംസ്ഥാന സ്പോർട്സ് കൗൺസിലിെൻറയും സഹായത്താൽ യുവതാരങ്ങളെ പരിശീലിപ്പിച്ചു.
പത്മ പുരസ്കാരത്തിന് അർഹനാവുന്ന ആദ്യ മലയാളി പരിശീലകൻകൂടിയാണ് ഒ.എം. നമ്പ്യാർ. മണിയൂരിലെ വീട്ടിൽ ഭാര്യ ലീലക്കൊപ്പം വിശ്രമത്തിലാണ് അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

