
'ഇതൊരുമാതിരി ഔട്ടായി പോയി'...; ഇംഗ്ലണ്ട്-ന്യൂസിലൻഡ് മത്സരത്തിലെ വൈറൽ വിഡിയോ...
text_fieldsന്യൂസിലൻഡ് താരം ഹെൻറി നിക്കോൾസ് ആ ഷോട്ട് പായിച്ചപ്പോൾ ബൗണ്ടറിയിൽ കുറഞ്ഞതൊന്നും പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ, സംഭവിച്ചത് തീർത്തും അപ്രതീക്ഷിതമായ കാര്യങ്ങളായിരുന്നു. ഇംഗ്ലീഷ് സ്പിന്നർ ജാക്ക് ലീച്ചിന്റെ പന്തിൽ താരം ഔട്ടായ രംഗമാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് ചിരിപടത്തുന്നത്. ഹെഡ്ഡിംഗ്‌ലിയിൽ നടക്കുന്ന ഇംഗ്ലണ്ട്-ന്യൂസിലൻഡ് മൂന്നാം ടെസ്റ്റിലായിരുന്നു സംഭവം.
98 പന്തുകളിൽ 19 റൺസുമായി നിൽക്കുകയായിരുന്നു നിക്കോൾസ്. പന്തെറിയാൽ ലീച്ചെത്തി. ശക്തിയോടെ നേരെ പായിച്ച ഷോട്ട്, നോൺ-സ്ട്രൈക്കിലുണ്ടായിരുന്ന ഡരിൽ മിച്ചലിന്റെ ബാറ്റിൽ തട്ടി ഉയർന്നുപൊങ്ങുകയായിരുന്നു. പേടിച്ച് ഒഴിഞ്ഞുമാറിയതായിരുന്നു മിച്ചൽ. അംപയറിനെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ തെറിച്ച പന്ത് അലക്സ് ലീസ് കൈക്കലാക്കുകയും ചെയ്തു.
കമന്ററിയിലുള്ളവരെ പോലും ഞെട്ടിച്ച രംഗം, ഇംഗ്ലണ്ട് ടീമിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ പങ്കുവെച്ചിട്ടുണ്ട്. വിശ്വസിക്കാനാവുന്നില്ലെന്നാണ് മുൻ ഇംഗ്ലീഷ് താരം കമന്ററി ബോക്സിൽ നിന്ന് വിളിച്ചുപറഞ്ഞത്. മൂന്നാം ടെസ്റ്റിൽ ഒന്നാം ദിനം അവസാനിച്ചപ്പോൾ അഞ്ച് വിക്കറ്റിന് 225 എന്ന നിലയിലാണ് ന്യൂസിലൻഡ്.