ദേശീയ ഗെയിംസ്: കേരളത്തിനായി പൊന്നുവാരാൻ 479 കായികതാരങ്ങൾ
text_fieldsതിരുവനന്തപുരം: 38ാമത് ദേശീയ ഗെയിംസിൽ 29 കായിക ഇനങ്ങളിലായി കേരളത്തെ പ്രതിനിധീകരിച്ച് 479 കായികതാരങ്ങൾ പങ്കെടുക്കുമെന്ന് സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ യു. ഷറഫലി. ഇവർക്ക് പുറമെ, പരിശീലകരും ഒഫിഷ്യലുകളുമടക്കം അഞ്ഞൂറോളം വരുന്ന സംഘമായിരിക്കും ജനുവരി 28 മുതൽ ഫെബ്രുവരി 14 വരെ ഉത്തരാഖണ്ഡിൽ നടക്കുന്ന കായിക മാമാങ്കത്തിൽ കേരളത്തെ പ്രതിനിധീകരിക്കുക. ലോക ബോക്സിങ് ചാമ്പ്യൻ കെ.സി. ലേഖയായിരിക്കും സംഘത്തെ നയിക്കുക. അത് ലറ്റിക്സിലാണ് കൂടുതൽ താരങ്ങൾ - 47 പേർ. 12 ഒഫിഷ്യലുകളും ഇവരെ അനുഗമിക്കും. നീന്തലിൽ കേരളത്തിനായി സ്വർണം മുങ്ങിയെടുക്കാൻ സജൻ പ്രകാശിന്‍റെ നേതൃത്വത്തിൽ 43 പേരാണ് ഇറങ്ങുക.
ടീം അംഗങ്ങൾക്കെല്ലാം വിമാനയാത്ര സൗകര്യം ഉറപ്പാക്കിയിട്ടുണ്ടെന്നും ആദ്യ സംഘമായ ട്രയാതലൺ ടീം 23ന് ഉത്തരാഖണ്ഡിലേക്ക് തിരിക്കുമെന്നും വൈസ് പ്രസിഡന്‍റ് എം.ആർ. രഞ്ജിത്ത് പറഞ്ഞു.
ഗെയിംസിന് മുന്നോടിയായി 17 കായിക ഇനങ്ങളിലെ പരിശീലന ക്യാമ്പുകളുടെ ഒന്നാം ഘട്ടം പൂർത്തീകരിച്ചു. ക്യാമ്പുകളിൽ സ്പോർട്സ് കൗൺസിൽ നിയോഗിച്ചിട്ടുളള ഒബ്സർവർ കൃത്യമായ പരിശോധന നടത്തുന്നുണ്ട്. കേരള ടീമിന്‍റെ ഏകോപനത്തിന് കോഓഡിനേഷൻ ടീമിനെ സംസ്ഥാന സ്പോർട്സ് കൗൺസിൽ നിയോഗിക്കും. മത്സരം നടക്കുന്നത് തണുപ്പ് കൂടുതലുള്ള സ്ഥലത്തായതിനാൽ കായിക താരങ്ങൾക്ക് സ്പോർട്സ് കിറ്റ്, ട്രാക്ക് സ്യൂട്ട് എന്നിവയോടൊപ്പം സ്വറ്ററും നൽകും. വനിതാ ടീമുകളോടൊപ്പം വനിതാ മാനേജരുടെ സേവനം ഉറപ്പാക്കും. ഗെയിംസിൽ പങ്കെടുക്കുന്ന കായിക താരങ്ങൾക്ക് 2000 രൂപ പോക്കറ്റ് മണി അനുവദിക്കും. മെഡൽ കരസ്ഥമാക്കുന്ന കായിക താരങ്ങൾക്ക് ഉചിതമായ പാരിതോഷികം സർക്കാർ അനുമതിയോടെ നൽകും.
എന്നാൽ, പണവും സ്ഥാനമാനങ്ങളും പ്രതീക്ഷിച്ചല്ല ജനിച്ച നാടിനുവേണ്ടിയാണ് കായികതാരങ്ങൾ ഇറങ്ങേണ്ടതെന്നും മറ്റ് സംസ്ഥാനങ്ങളെപ്പോലെ വൻ തുക മെഡൽ ജേതാക്കൾക്ക് നൽകാൻ കേരളത്തിന് കഴിയില്ലെന്നും ഷറഫലി പറഞ്ഞു. സ്പോർട്സ് കൗൺസിൽ സെക്രട്ടറി പി. വിഷ്ണു രാജും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
വോളി: കോടതിവിധി അംഗീകരിക്കും -സ്പോർട്സ് കൗൺസിൽ
തിരുവനന്തപുരം: ദേശീയ ഗെയിംസ് വോളിബാളിൽ പങ്കെടുക്കാൻ സംസ്ഥാന സ്പോർട്സ് കൗൺസിലിന്‍റെ ടീമിനെയാണോ കേരള ഒളിമ്പിക്സ് അസോസിയേഷന്‍റെ ടീമിനെയാണോ വിടേണ്ടതെന്ന കാര്യം ഹൈകോടതിയുടെ പരിഗണനയിലാണെങ്കിലും കോടതിവിധി എന്തായാലും അനുസരിക്കുമെന്നും സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ് യു. ഷറഫലി.
ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്‍റെ നിർദേശ പ്രകാരമാണ് രാജസ്ഥാനിൽ നടന്ന ദേശീയ ചാമ്പ്യൻഷിപ്പിലേക്കും ദേശീയ ഗെയിംസിലേക്കുമുള്ള പുരുഷ-വനിത ടീമുകളെ സ്പോർട്സ് കൗൺസിൽ രൂപവത്കരിച്ച വോളിബാൾ ടെക്നിക്കൽ കമ്മിറ്റി തെരഞ്ഞെടുത്തത്. ഈ ടീമുകൾ ദേശീയ ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ ചാമ്പ്യന്മാരും വനിത വിഭാഗത്തിൽ റണ്ണേഴ്സ് അപ്പുമായി. എന്നാൽ, ദേശീയ ഗെയിംസിനുള്ള ടീമിനെ കേരള ഒളിമ്പിക് അസോസിയേഷനും അംഗീകാരമില്ലാത്ത വോളിബാൾ അസോസിയേഷനും ചേർന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. കേരള ഒളിമ്പിക് അസോസിയേഷനാണ് വോളിബാൾ ടീമിനെ തെരഞ്ഞെടുക്കാനുള്ള അവകാശമെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്‍റ് പി.ടി. ഉഷ പറഞ്ഞതിനെക്കുറിച്ച് അറിയില്ലെന്നും ഷറഫലി പറഞ്ഞു.
സംസ്ഥാന സ്പോർട്സ് കൗൺസിലിനെ മറികടന്ന് കേരള ഒളിമ്പിക് അസോസിയേഷൻ മറ്റൊരു പട്ടിക നൽകിയതിൽ തനിക്ക് എതിർപ്പുണ്ടെന്ന് സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്‍റും കേരള ഒളിമ്പിക് അസോസിയേഷൻ ട്രഷററുമായ എം.ആർ. രഞ്ജിത്ത് പറഞ്ഞു. ദേശീയ ഗെയിംസിൽ കളരിപ്പയറ്റിനെ മത്സര ഇനമാക്കണമെന്ന ഡൽഹി ഹൈകോടതിയുടെ നിർദേശത്തിന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്‍റെ അനുകൂല നിലപാടുണ്ടായില്ലെങ്കിൽ അപ്പീലുമായി മേൽകോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

