പോർച്ചുഗൽ ഫുട്ബാൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയോട് യുവതാരം കെയ്‌ലിയൻ എംബാപ്പെക്കുള്ള ആരാധന എല്ലാവർക്കും സുപരിചിതമാണ്. തന്‍റെ എക്കാലത്തേയും ആരാധനാപാത്രവും ലോകത്തിലെ ഏറ്റവും മികച്ച താരവും റൊണാൾഡോ ആണെന്ന് ഫ്രഞ്ച് താരമായ എംബാപ്പെ പലപ്പോഴായി വെളിപ്പെടുത്തിയിട്ടുമുണ്ട്.
മറ്റൊരു ഇതിഹാസ താരമായ ലയണൽ മെസ്സി പിഎസ്‌ജിയിലേക്ക് പോയ സമയത്ത് ഇത് വലിയ ചർച്ചയായി മാറുകയും ചെയ്തിരുന്നു. എന്നാലിപ്പോൾ, മെസ്സിയെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് താരം.
ക്ലബ് ബ്രൂഗേക്കെതിരെ കഴിഞ്ഞ ദിവസം നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിനു ശേഷം ലയണൽ മെസിക്കൊപ്പം കളിക്കുന്നതിന്‍റെ അനുഭവം പങ്കുവെക്കുവേ അർജന്‍റീന നായകനെ ലോകത്തിലെ ഏറ്റവും മികച്ച താരമെന്ന് എംബാപ്പെ വിശേഷിപ്പിക്കുകയായിരുന്നു. ഒന്നിനെതിരെ നാലു ഗോളുകൾക്ക് മത്സരം ജയിച്ച പിഎസ്‌ജിക്ക് വേണ്ടി എംബാപ്പയും മെസിയും രണ്ടു വീതം ഗോളുകളും നേടിയിരുന്നു.
"ലയണൽ മെസ്സിക്കൊപ്പം കളിക്കുന്നത് വളരെ എളുപ്പമാണ്. ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനാണ് അദ്ദേഹം. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അദ്ദേഹം ബാലൺ ഡി ഓർ നേടി. അതിന് പിന്നാലെ ഇന്ന് രണ്ട് ഗോളുകളും നേടി, അദ്ദേഹം സന്തോഷവാനാണ്, വരും കളികളിലും അദ്ദേഹം ഞങ്ങളെ സഹായിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. " -എംബാപ്പെ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, എംബാപ്പെയുടെ വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നുണ്ട്. റോണോ ആരാധകരും മെസ്സി ആരാധകരും പതിവുപോലെ ചേരി തിരിഞ്ഞ് വാഗ്വാദത്തിലാണ്.