
ക്രുനാൽ പാണ്ഡ്യക്കും ഭാര്യ പാങ്കുരിക്കും ആൺകുഞ്ഞ് പിറന്നു; സന്തോഷം പങ്കുവെച്ച് താരം
text_fieldsഇന്ത്യൻ താരം ക്രുനാൽ പാണ്ഡ്യക്കും ഭാര്യയും മോഡലുമായ പാങ്കുരി ശർമക്കും ആൺ കുഞ്ഞ് പിറന്നു. സമൂഹ മാധ്യമങ്ങളിലൂടെയാണ് ലഖ്നോ സൂപ്പർ ജയന്റ്സിന്റെ ഓൾറൗണ്ടർ സന്തോഷ വാർത്ത പങ്കുവെച്ചത്. കുഞ്ഞിന്റെ പേരും താരം പുറത്തുവിട്ടു. 'കവിർ ക്രുനാൽ പാണ്ഡ്യ' എന്നായിരുന്നു ഭാര്യക്കും മകനുമൊപ്പമുള്ള ചിത്രത്തിന് താരം അടിക്കുറിപ്പ് നൽകിയത്.
2017ലായിരുന്നു ക്രുനാൽ മോഡലായ പാങ്കുരിയെ വിവാഹം കഴിക്കുന്നത്. സഹോദരൻ ഹാർദിക് പാണ്ഡ്യക്കും ഭാര്യ നടാഷ സ്റ്റാൻകോവിച്ചിനുമൊപ്പം സമൂഹ മാധ്യമങ്ങളിൽ സജീവമാണ് താരം. ഹാർദിക്കിന്റെയും നടാഷയുടെയും മകനായ അഗസ്ത്യയ്‌ക്കൊപ്പമുള്ള ധാരാളം വീഡിയോകളും ഫോട്ടോകളും ക്രുനാൽ സോഷ്യൽ മീഡിയയിൽ പങ്കിടാറുണ്ട്.
ഇന്ത്യക്ക് വേണ്ടി 19 ട്വന്റി20 മത്സരങ്ങളും അഞ്ച് ഏകദിനങ്ങളും ക്രുനാൽ കളിച്ചിട്ടുണ്ട്. ഓഗസ്റ്റ് രണ്ട് മുതൽ 23 വരെ നടക്കുന്ന റോയൽ ലണ്ടൻ കപ്പ് ഏകദിന ചാമ്പ്യൻഷിപ്പിനായി ഇംഗ്ലീഷ് കൗണ്ടി ടീമായ വാർവിക്ഷെയറുമായി അടുത്തിടെ, ക്രുനാൽ കരാർ ഒപ്പുവച്ചിട്ടുണ്ട്.
2021ൽ ഇംഗ്ലണ്ടിനെതിരെയാണ് ക്രുനാൽ തന്റെ ഏകദിന അരങ്ങേറ്റം കുറിച്ചത്, അന്ന് ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ ഒരു അരങ്ങേറ്റക്കാരൻ നേടുന്ന ഏറ്റവും വേഗമേറിയ അർധസെഞ്ച്വറിയും (26 പന്തിൽ) താരം നേടിയിരുന്നു. മുംബൈ ഇന്ത്യൻസിനൊപ്പം ഒന്നിലധികം ഐപിഎൽ ട്രോഫികൾ നേടിയിട്ടുള്ള ക്രുനാൽ കഴിഞ്ഞ എഡിഷനിൽ എൽഎസ്ജിയിലേക്ക് ചേക്കേറിയിരുന്നു.