ലോകം എന്നെ ഊർജത്തോടെ നിർത്തുന്നു, ബ്രസീലിന്റെ മത്സരങ്ങൾ കാണുന്നു -പെലെ
text_fieldsസാവോപോളോ: ലോകത്തിന്റെ മുഴുവൻ സ്നേഹസന്ദേശങ്ങൾ തന്നെ ഊർജത്തോടെ നിർത്തുന്നതായും ലോകകപ്പിൽ ബ്രസീലിന്റെ മത്സരങ്ങൾ കണ്ടുകൊണ്ടിരിക്കുന്നതായും ഫുട്ബാൾ ഇതിഹാസം പെലെ. അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഇൻസ്റ്റഗ്രാമിൽ സന്ദേശം പോസ്റ്റ് ചെയ്തിരിക്കുന്നത്.
''ഏറിയ പ്രതീക്ഷകളാൽ ഞാൻ കരുത്തനാണ്. ചികിത്സ പതിവുപോലെ തുടരുന്നു. എനിക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന പരിചരണത്തിന് മെഡിക്കൽ സംഘത്തോട് നന്ദി പറയുകയാണ്. ദൈവത്തിൽ ഏറെ വിശ്വാസമുണ്ട്. ലോകമെമ്പാടും നിന്ന് എനിക്ക് നൽകുന്ന സ്നേഹസന്ദേശങ്ങൾ എന്നെ ഊർജത്തോടെ നിർത്തുന്നു. ബ്രസീലിന്റെ ലോകകപ്പ് മത്സരങ്ങളും കാണുന്നുണ്ട്''-പെലെ പേജിൽ കുറിച്ചു.
അതേസമയം, ശ്വാസകോശ അണുബാധക്കുള്ള മരുന്നുകളോട് പെലെയുടെ ശരീരം നല്ല രീതിയിൽ പ്രതികരിക്കുന്നുണ്ടെന്ന് ആൽബർട്ട് ഐൻസ്റ്റീൻ ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായിട്ടില്ല. 82കാരനായ പെലെയെ ചൊവ്വാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അർബുദബാധിതനായ അദ്ദേഹത്തിന്റെ ശരീരം കീമോ തെറപ്പിയോട് പ്രതികരിക്കുന്നില്ല. സാന്ത്വനപരിചരണ വിഭാഗത്തിന്റെ മേൽനോട്ടത്തിലാണ് പെലെയിപ്പോൾ.

