
ഞാൻ വിമതയോ ട്രെൻഡ് സെറ്ററോ അല്ല, നയിക്കുന്നത് സ്വന്തം ജീവിതം -സാനിയ
text_fieldsദുബൈ: താനൊരു വിമതയോ പുതിയ പ്രവണതകൾ കൊണ്ടുവരുന്നയാളോ (ട്രെൻഡ് സെറ്റർ) അല്ലെന്നും സ്വന്തം നിബന്ധനകൾക്കനുസരിച്ചാണ് ജീവിതം നയിക്കുന്നതെന്നും വിഖ്യാത ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസ. വ്യത്യസ്ത അഭിപ്രായങ്ങളും അംഗീകരിക്കണമെന്നും സ്വന്തം രീതിയിൽ കാര്യങ്ങൾ ചെയ്യാൻ ധൈര്യപ്പെടുന്നവരെ ഹീറോയെന്നോ വില്ലനെന്നോ മുദ്രകുത്തരുതെന്നും 36കാരി തന്റെ ടെന്നിസ് കരിയറിനോട് വിടപറയുന്നതിനു മുമ്പ് പി.ടി.ഐക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. കഴിഞ്ഞ ദിവസം ആരംഭിച്ച ദുബൈ മാസ്റ്റേഴ്സ് ടൂർണമെന്റോടെ വിരമിക്കുമെന്ന് സാനിയ നേരത്തേ പ്രഖ്യാപിച്ചിരുന്നു.
വ്യത്യസ്തമായി ചെയ്യുന്നവരെ മോശക്കാരാക്കരുത്
‘‘ഞാൻ നിയമങ്ങൾ ലംഘിച്ചുവെന്ന് കരുതുന്നില്ല. ആരാണ് ഈ നിയമങ്ങൾ ഉണ്ടാക്കുന്നത്. ഇതാണ് പതിവെന്നും ഇതാണ് സ്ഥിരസങ്കൽപമെന്നും പറയാൻ അവർ ആരാണ്? വ്യത്യസ്തമായി എന്തെങ്കിലും ചെയ്യുന്നവരെ മോശക്കാരാക്കാൻ ശ്രമിക്കരുത്. ഞാൻ എന്നോടുതന്നെ സത്യസന്ധത പുലർത്താൻ ശ്രമിച്ചു. വ്യത്യസ്തയായി, ചില തരത്തിലുള്ള നിയമങ്ങൾ ലംഘിക്കുന്നുവെന്നോ തോന്നിയെങ്കിൽ അതിനർഥം ഞാൻ ഒരു വിമതയാണെന്നല്ല. ഭൂതകാലം എന്നെ അലോസരപ്പെടുത്തുന്നില്ല. എന്റെ ജീവിതത്തിൽ സംഭവിച്ചതെല്ലാം എന്നെ ഇന്നത്തെ വ്യക്തിയാക്കി മാറ്റി-സാനിയ തുടർന്നു.
എല്ലാ സമുദായങ്ങളിലുമുണ്ട് വിധിവിലക്കുകൾ
മുസ്ലിം കുടുംബത്തിൽ ജനിച്ചതിനാൽ വിലക്കുകളുണ്ടായോ എന്ന ചോദ്യത്തിന് ‘‘ഇത് കേവലം ഒരു മുസ്ലിം സമുദായ പ്രശ്നമാണെന്ന് ഞാൻ കരുതുന്നില്ല’’ എന്നായിരുന്നു സാനിയയുടെ മറുപടി. ‘‘ ഇക്കാര്യത്തിൽ നമ്മൾ നേർക്കുനേർ ചിന്തിക്കേണ്ടതുണ്ട്. ഉപഭൂഖണ്ഡത്തിലെ പ്രശ്നമായിരിക്കാം. അല്ലെങ്കിൽ എല്ലാ സമുദായങ്ങളിൽനിന്നുമുള്ള ധാരാളം യുവതികൾ കളിക്കേണ്ടതാണ്. ബോക്സർ മേരി കോമും വിലക്കുകളെക്കുറിച്ച് പറഞ്ഞിരുന്നു. ഇത് യഥാർഥത്തിൽ ഒരു സമൂഹവുമായി ബന്ധപ്പെട്ടതല്ല’’ -സാനിയ പറഞ്ഞു.
അമ്മയായാലും ലോകചാമ്പ്യനാകാം
വിവാഹം കഴിഞ്ഞാലും കുട്ടിയുണ്ടായാലും നിങ്ങൾക്കൊരു ലോക ചാമ്പ്യനാകാൻ കഴിയും. കരിയറിനുവേണ്ടി ജീവിതത്തിന്റെ ചില ഭാഗങ്ങൾ ത്യജിക്കണമെന്നില്ല. നിങ്ങൾക്ക് മകളാവാം, ഭാര്യയാവാം, അമ്മയാവാം. അതെല്ലാമായിരിക്കെത്തന്നെ ലോക ചാമ്പ്യനുമാകാമെന്ന് സാനിയ കൂട്ടിച്ചേർത്തു.