‘ഒരു ജീവിതയാത്രക്ക് നന്ദി’; സാനിയ മിർസയുടെ പുതിയ ചിത്രങ്ങളും വൈറൽ
text_fieldsഹൈദരാബാദ്: പരിശുദ്ധ ഹജ്ജ് കർമം നിർവഹിച്ച് തിരികെ എത്തിയ ഇന്ത്യൻ മുൻ ടെന്നിസ് ഇതിഹാസം സാനിയ മിർസയുടെയും കുടുംബാംഗങ്ങളുടെയും പുതിയ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ. ആരാധകർക്കായി സാനിയയുടെ സഹോദരി അനാം മിർസയും അനാമിന്റെ ഭർത്താവ് അസദുദ്ദീനുമാണ് പുതിയ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.
ഒരു ജീവിതയാത്രക്ക് നന്ദിയെന്നും അല്ലാഹുവിന്‍റെ അനുഗ്രഹം കൊണ്ട് ഹജ്ജ് പൂർത്തിയാക്കാൻ അവസരം ലഭിച്ചെന്നും അസദുദ്ദീൻ ചിത്രത്തിനൊപ്പം ഇൻസ്റ്റയിൽ കുറിച്ചു. സാനിയക്കും പിതാവിനും ഒപ്പമുള്ള ചിത്രമാണ് സഹോദരി അനാം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.
ഹജ്ജ് പൂർത്തിയാക്കിയ ശേഷം സഹോദരി അനാം മിർസ പങ്കുവെച്ച ചിത്രം സമൂഹ മാധ്യമങ്ങളിൽ ആരാധകർ ഏറ്റെടുത്തിരുന്നു. സാനിയ ഹജ്ജ് കർമത്തിന് മക്കയിലെത്തിയത് കുടുംബാംഗങ്ങൾക്കും മുൻ നടി സന ഖാനുമൊപ്പമാണ്.
പരിശുദ്ധ ഹജ്ജ് കർമത്തിനുള്ള യാത്രക്കായി ഒരുങ്ങുകയാണെന്ന് ചൂണ്ടിക്കാട്ടി ദിവസങ്ങൾക്ക് മുമ്പ് സാനിയ ഇൻസ്റ്റഗ്രാമിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. പുതിയ മനുഷ്യനായി തിരിച്ചെത്താനുള്ള യാത്രയിലാണെന്നും ആരോടെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ പൊറുത്തുതരണമെന്നും കുറിപ്പിൽ അഭ്യർഥിച്ചിരുന്നു.
'പ്രിയ സുഹൃത്തുക്കളെ, വിശുദ്ധ ഹജ്ജ് യാത്രക്കുള്ള അവിശ്വസനീയമായ അവസരം ലഭിച്ചിരിക്കുന്നു. ഈ മഹായാത്രക്ക് തയാറെടുക്കുന്ന അവസരത്തിൽ തെറ്റുകൾക്കും പോരായ്മകൾക്കും ഞാൻ വിനയത്തോടെ നിങ്ങളോട് ക്ഷമ ചോദിക്കുന്നു. പാപമോചനവും ആത്മീയ നവീകരണവും തേടിയുള്ള ഈ യാത്രയിൽ എന്റെ ഹൃദയം നന്ദിയാൽ നിറഞ്ഞു കവിയുകയാണ്. അല്ലാഹു എന്റെ പ്രാർഥന സ്വീകരിച്ച് അനുഗ്രൃഹീതമായ പാതയിൽ എന്നെ നയിക്കട്ടെ. ഞാൻ അങ്ങേയറ്റം ഭാഗ്യവതിയാണ്. അതോടൊപ്പം അങ്ങേയറ്റം നന്ദിയുള്ളവളും. നിങ്ങളുടെ പ്രാർഥനകളിൽ എന്നെയും ഉൾപ്പെടുത്തുക. എളിമയുള്ള ഹൃദയവും കരുത്തുറ്റ ഈമാനുമുള്ള മനുഷ്യനായി തിരിച്ചുവരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.' -എന്നിങ്ങനെയായിരുന്നു സാനിയ കുറിച്ചത്.
കഴിഞ്ഞ ജൂണിലാണ് സാനിയ മിർസയും പാക് ക്രിക്കറ്റ് താരം ശുഐബ് മാലിക്കും തമ്മിൽ വിവാഹമോചിതരായത്. വിവാഹമോചനത്തിന് മുമ്പേ സാനിയ നിരവധി ഇൻസ്റ്റഗ്രാം പോസ്റ്റുകളിലൂടെ തങ്ങൾ വേർപിരിയുകയാണെന്ന സൂചന നൽകിയിരുന്നു. ഇരുവർക്കും ഇഹ്സാൻ എന്ന് പേരുള്ള ഒരു മകനുണ്ട്. വിവാഹമോചനത്തിന് പിന്നാലെ ശുഐബ് പാക് നടി സന ജാവേദിനെ വിവാഹം കഴിച്ചു.

