
ജോ റൂട്ടിന് ഐ.പി.എല്ലിൽ കളിക്കാൻ ആഗ്രഹം; മെഗാ ലേലത്തിൽ നറുക്ക് വീണേക്കും, കാരണമിതാണ്...
text_fieldsഇന്ത്യൻ പ്രീമിയർ ലീഗിൽ അരങ്ങേറ്റം കുറകിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് ഇംഗ്ലണ്ട് നായകൻ ജോ റൂട്ട്. 'ഡെയ്ലി ടെലിഗ്രാഫ്' ലെ ഒരു റിപ്പോർട്ട് അനുസരിച്ച്, റൂട്ട് 2022ൽ നടക്കാനിരിക്കുന്ന ഐ.പി.എൽ മെഗാ ലേലത്തിൽ തന്റെ പേര് നൽകാനൊരുങ്ങുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ഫ്രാഞ്ചൈസി ലീഗിൽ കളിക്കുക വഴി താരത്തിന് ടി20 ലോകകപ്പിൽ ഇംഗ്ലീഷ് ടീമിലിടം നേടാമെന്ന ലക്ഷ്യം കൂടിയുണ്ട്.
ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻമാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന താരമാണ് റൂട്ട്. 2018 ലെ ലേലത്തിൽ വിൽക്കപ്പെടാതെ പോയതിന് ശേഷം അദ്ദേഹം ഐ.പി.എല്ലിൽ കളിച്ചിട്ടില്ല. എന്നാൽ രണ്ട് പുതിയ ടീമുകളെ ഉൾപ്പെടുത്തി അടുത്ത വർഷം നടക്കുന്ന ടൂർണമെൻറ് വിപുലീകരിക്കുന്നതിനാൽ, ഏതെങ്കിലുമൊരു ടീമിൽ താരത്തിന് നറുക്ക് വീഴുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ടെസ്റ്റ് മത്സരങ്ങളിൽ ഇംഗ്ലണ്ടിന് വേണ്ടി മികച്ച പ്രകടനം നടത്താറുള്ള റൂട്ടിന്, പരിമിത ഒാവർ മത്സരങ്ങളിൽ ടീമിൽ ഇടംനേടാൻ കഴിയാറില്ല. 30 കാരനായ താരം അവസാനമായി ഇംഗ്ലണ്ടിന് വേണ്ടി ടി20 മത്സരം കളിച്ചത് 2019 മെയ് മാസത്തിലാണ്. വരാനിരിക്കുന്ന ടി20 ലോകകപ്പ് ടീമിലും താരത്തിന് ഇടം ലഭിച്ചിട്ടില്ല. അടുത്ത ലോകകപ്പിലെങ്കിലും ഇംഗ്ലീഷ് നിരയിൽ കളിക്കാനാണ് പ്രീമിയർ ലീഗിൽ കളിക്കാൻ താരം ആഗ്രഹം പ്രകടിപ്പിക്കുന്നത്.
