
സെക്യൂരിറ്റിയെ മറികടന്ന് കുട്ടി ആരാധകനെത്തി, കെട്ടിപ്പിടിച്ച് റോണോ; വിഡിയോ വൈറൽ
text_fieldsഏറ്റവും ഇഷ്ടപ്പെട്ട കായിക താരത്തെയോ നടനെയോ നിങ്ങൾക്ക് നേരിട്ട് കാണാൻ അവസരം ലഭിച്ചിട്ടുണ്ടോ...? അവരിൽ നിന്ന് ഓട്ടോഗ്രാഫും കൂടെയൊരു ആലിംഗനവും ലഭിച്ചാലോ..! പറഞ്ഞറിയിക്കാനാകാത്തൊരു വികാരമായിരിക്കുമത്. ഫുട്ബാൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു കുട്ടി ആരാധകന് അത്തരമൊരു സമ്മാനം നൽകി. അതിന്റെ വിഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
റോണോ ബസിൽ കയറാനെത്തിയതോടെ ഇരുവശത്തും ആരാധകർ തടിച്ചുകൂടി ആർപ്പുവിളിയായി. അവരാരും റോണോയുടെ അടുത്തേക്ക് പോകാതിരിക്കാനായി വലിയൊരു സുരക്ഷാ സംഘം കവചം തന്നെയുണ്ട്. എന്നാൽ, മാഞ്ചസ്റ്റർ യുണൈറ്റഡ് ജഴ്സി ധരിച്ചെത്തിയ 'കുട്ടി ഫാൻ' സെക്യൂരിറ്റിയെ സാഹസികമായി മറികടന്ന് തന്റെ ഇഷ്ടതാരത്തിനടുത്തേക്ക് ഓടി.
തന്റെ അടുത്തേക്ക് ഓടിവന്ന ഫാനിനെ റോണോ ചേർത്തുനിർത്തി, ബസിനടുത്തേക്ക് കൊണ്ടുപോവുകയും ആരാധകനെ കെട്ടിപ്പിടിച്ച് അവനുവേണ്ടി ജേഴ്സിയിൽ ഒപ്പിടുകയും ചെയ്തു. സന്തോഷത്തോടെ തുള്ളിച്ചാടി അവൻ തിരിച്ചോടുന്നതായും കാണാം. സമൂഹ മാധ്യമങ്ങളിൽ റോണോ ഫാൻസ് പങ്കുവെച്ച വിഡിയോ ഇപ്പോൾ വൈറലാണ്.
