യുദ്ധവും മഹാമാരിയും തോറ്റ ആൻറ്വെർപ് ഒളിമ്പിക്സിന് 100 വർഷം
text_fields1. ഒളിമ്പിക്സ് പ്രതിജ്ഞ ചൊല്ലി ക്കൊടുക്കുന്ന വിക്ടർ ബോയ്ൻ 2.പാവോ നൂർമി
കോവിഡ് മഹാമാരി കാരണം ടോക്യോ ഒളിമ്പിക്സ് ഒരു വർഷത്തേക്ക് മാറ്റിവെച്ച് കാത്തിരിക്കുകയാണ് ലോകം. ആ നടുക്കത്തിനിടയിലാണ് ആൻറ്വെർപ് ഒളിമ്പിക്സിെൻറ ഒരു നൂറ്റാണ്ട് പഴക്കമുള്ള ഒാർമപ്പെടുത്തലുകളെത്തുന്നത്. 1920 ആഗസ്റ്റ് 14- അന്നായിരുന്നു ബെൽജിയത്തിലെ ആൻറ്വെർപ്പിൽ ചരിത്രത്തിലെ ഏഴാം ഒളിമ്പിക്സിന് കൊടി ഉയർന്നത്. ലോകസമാധാനത്തിെൻറയും വിശ്വമാനവികതയുടെയും പ്രതീകമായി മാറിയ ഒളിമ്പിക്സ് നാൾവഴിയിലെ അതുല്യമായൊരു ഏടായിരുന്നു 1920 ആൻറ്വെർപ് ഒളിമ്പിക്സ്. ലോകം ടോക്യോ ഒളിമ്പിക്സിനെ വരവേറ്റ 2020ഉമായി ഒേട്ടറെ സാമ്യതകളും അതിനുണ്ടായിരുന്നു.
ഒളിമ്പിക്സിെൻറ ഉദ്ഘാടന ചടങ്ങ്
കോടിക്കണക്കിന് മനുഷ്യരുടെ ജീവഹാനിക്കിടയാക്കിയ ഒന്നാം ലോകയുദ്ധത്തിെൻറയും സ്പാനിഷ് ഫ്ലൂവിെൻറയും കെടുതികൾക്കൊടുവിൽ മനുഷ്യരാശിയുടെ ഉയിർത്തെഴുന്നേൽപ് വിളംബരം ചെയ്യുന്നതായിരുന്നു ബെൽജിയം വേദിയായ ഒളിമ്പിക്സ്. 1914ൽ തുടങ്ങി 1918 വരെ നീണ്ടുനിന്ന ഒന്നാം ലോകയുദ്ധത്തിൽ സൈനികരും സിവിലിയന്മാരുമായി 2.2 കോടി പേരാണ് കൊല്ലപ്പെട്ടത്. യുദ്ധത്തിെൻറ അവസാന നാളുകളിലായിരുന്നു സ്പാനിഷ് ഫ്ലൂ പടർന്നുപിടിച്ചത്. അന്നത്തെ ലോകജനസംഖ്യയുടെ മൂന്നിൽ ഒരുഭാഗം രോഗബാധിതരായി. അഞ്ചുകോടി മനുഷ്യരെങ്കിലും രോഗം ബാധിച്ച് മരിച്ചു. യുദ്ധത്തിലും രോഗത്തിലും പരിഭ്രമിച്ചുപോയ തലമുറയുടെ ഒളിമ്പിക്സായാണ് ചരിത്രം ആൻറ്വെർപ് 1920നെ വിശേഷിപ്പിക്കുന്നത്.
വെറ്ററൻ ഒളിമ്പിക്സ്
1912ലെ സ്റ്റോക്ഹോം ഒളിമ്പിക്സിൽനിന്ന് അടുത്ത ഒളിമ്പിക്സായ ആൻറ്വെർപ്പിലെത്തുേമ്പാഴേക്കും അവസാന ഒളിമ്പിക്സിലെ ഒളിമ്പ്യന്മാരിൽ ഭൂരിപക്ഷവും മരിച്ചിരുന്നു. അവരിൽ ഏറെ പേരും തങ്ങളുടെ രാജ്യത്തിെൻറ സൈനികരായി യുദ്ധക്കളത്തിൽ വീരമൃത്യു വരിച്ചു. ശേഷിച്ചവർ വികലാംഗരായി. ഇതോടെ, ആൻറ്വെർപ്പിൽ മത്സരിച്ചവരിൽ ഏറെയും വെറ്ററൻ അത്ലറ്റുകളുമായിരുന്നു. ഷൂട്ടിങ്ങിൽ വെള്ളി നേടിയ ഒളിമ്പിക്സിലെ ഏറ്റവും പ്രായമേറിയ മെഡൽ ജേതാവായ ഒാസ്കർ ഷോണിന് അന്നത്തെ പ്രായം 72. 29 രാജ്യങ്ങളിൽനിന്ന് 2626 അത്ലറ്റുകൾ പെങ്കടുത്തു. വനിതകൾ 65 പേർ മാത്രം.
ഒളിമ്പിക്സ് പതാകയും പ്രതിജ്ഞയും ആദ്യം
അഞ്ചു വളയങ്ങളുടെ ഒളിമ്പിക്സ് പതാക ആദ്യമായി അവതരിച്ചത് ആൻറ്വെർപ്പിലായിരുന്നു. അത്ലറ്റുകളുടെ ഒളിമ്പിക് പ്രതിജ്ഞയും ആദ്യമായി നടപ്പാക്കിയത് ഇവിടെ തന്നെ. മുൻ സൈനികൻ വിക്ടർ ബോയ്ൻ ആയിരുന്നു പ്രതിജ്ഞ ചൊല്ലിയത്. സമാധാനത്തിെൻറ പ്രതീകമായി പ്രാവുകളെ പറത്തിയും ചരിത്രം കുറിച്ചു. ഒളിമ്പിക്സിൽ ഇന്ത്യയുടെ അരങ്ങേറ്റവും ഇവിടെയായിരുന്നു. ബ്രിട്ടീഷ് ഇന്ത്യക്കു കീഴിലായിരുന്നു ഇത്.
താരങ്ങൾ
ഒളിമ്പിക്സ് ചരിത്രത്തിലെ സൂപ്പർ ഹീറോ പാവോ നൂർമിയുടെ പിറവി. മൂന്നു സ്വർണവും ഒരു വെള്ളിയും ആൻറ്വെർപ്പിൽ നേടിയ നൂർമി മൂന്ന് ഒളിമ്പിക്സിലായി ഒമ്പതു സ്വർണവും മൂന്നു വെള്ളിയും നേടി. നീന്തൽ താരം എതൽഡ ബ്ലിബെട്രിയും എല്ലാ ഇനങ്ങളിലും (മൂന്ന്) സ്വർണവും റെക്കോഡും കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

