കോഹ്ലിയും രോഹിതുമല്ല..! ബച്ചന്റെ ഇഷ്ട ക്രിക്കറ്റർ ഈ 23-കാരൻ
text_fieldsഇന്ത്യൻ സിനിമയുടെ ബിഗ് ബി, അമിതാഭ് ബച്ചൻ, പേരുകേട്ട ക്രിക്കറ്റ് ഫാനാണ്. ഐ.പി.എൽ മത്സരങ്ങളും ഐ.സി.സി ടൂർണമെന്റുകളുമൊക്കെ സ്റ്റേഡിയത്തിലെത്തി അദ്ദേഹം ആസ്വദിക്കാറുണ്ട്. മാത്രമല്ല, 80-കാരനായ മഹാനടൻ സോഷ്യൽ മീഡിയയിലൂടെ ക്രിക്കറ്റിനെ കുറിച്ചും ക്രിക്കറ്റ് താരങ്ങളെ കുറിച്ചുമുള്ള തന്റെ അഭിപ്രായങ്ങളും കമന്റുകളും അറിയിക്കാറുമുണ്ട്.
ഏറ്റവും ഒടുവിലായി ഇന്ത്യൻ ടീമിലെ തന്റെ ഏറ്റവും പ്രിയപ്പെട്ട കളിക്കാരനെ തെരഞ്ഞെടുത്തിരിക്കുകയാണ് ബിഗ് ബി. ഇന്ത്യയുടെ ഭാവി ബാറ്റിങ് ഇതിഹാസമെന്നും കോഹ്ലിയുടെ പകരക്കാരനെന്നുമൊക്കെ വിശേഷിപ്പിക്കപ്പെടുന്ന സാക്ഷാൽ ശുഭ്മാൻ ഗില്ലാണ് ബച്ചന്റെ മനം കവർന്ന ക്രിക്കറ്റർ. 23-കാരനായ ഗില്ലിനെ ബച്ചൻ വാനോളം പുകഴ്ത്തി. ‘‘ഇത്രയും ചെറിയ പ്രായത്തിലും ശുഭ്മാൻ ഗിൽ അതിമനോഹരമായാണ് ഗെയിം കളിക്കുന്നത്’’ - ബച്ചൻ പറഞ്ഞു.
അതേസമയം, സ്ഥിരതയാർന്ന പ്രകടനത്തിലൂടെ നിലവിൽ മൂന്ന് ഫോർമാറ്റുകളിലും ഇന്ത്യൻ ടീമിന്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ് ഗിൽ. ഈ വര്‍ഷം ഏകദിനത്തില്‍ ഇന്ത്യക്കു വേണ്ടി ഏറ്റവുമധികം റണ്‍സ് വാരിക്കൂട്ടിത് ഗില്ലായിരുന്നു. മുതിർന്ന താരം ശിഖർ ധവാന് പകരമായി നായകൻ രോഹിതിന്റെ ഓപണിങ് പങ്കാളി കൂടിയാണിപ്പോൾ ഗിൽ. വരാനിരിക്കുന്ന ഏഷ്യാ കപ്പിലും ഏകദിന ലോകകപ്പിലും ഓപണറായി ഗില്ലുണ്ടാവും.

