എന്തൊരു നിമിഷമായിരുന്നു; ത്രില്ലടിച്ച് ബച്ചൻ
text_fieldsറിയാദ്: ബോളിവുഡിലെ മിന്നുംനക്ഷത്രം ലോക ഫുട്ബാളിലെ നക്ഷത്രക്കൂട്ടങ്ങളെ ഒരുമിച്ച് കണ്ട നിമിഷമായിരുന്നു അത്. റിയാദിലെ കിങ് ഫഹദ് ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ കാണികളെ സാക്ഷിയാക്കി അമിതാഭ് ബച്ചൻ ഫുട്ബാൾ രാജാക്കന്മാരെ പരിചയപ്പെട്ടു. റിയാദ് സീസൺ കപ്പ് സൗഹൃദമത്സരത്തിൽ പി.എസ്.ജിയും റിയാദ് ഓൾസ്റ്റാർ ഇലവനും ഏറ്റുമുട്ടിയപ്പോൾ ബച്ചനായിരുന്നു മുഖ്യാതിഥി. ‘എന്തൊരു സന്ധ്യയായിരുന്നു’ വ്യാഴാഴ്ചത്തേതെന്ന് ബച്ചൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ‘ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും കിലിയൻ എംബാപ്പെയും നെയ്മറും ഒരുമിച്ച് കളിക്കുന്നു. മത്സരം ഉദ്ഘാടനം ചെയ്യാൻ എന്നെ വിളിക്കുന്നു. അതിശയകരം’ -ബച്ചൻ എഴുതുന്നു.
റിയാദ് ഓൾസ്റ്റാർ ഇലവനെ 5-4ന് തോൽപിച്ച് പി.എസ്.ജി റിയാദ് സീസൺ കപ്പ് സ്വന്തമാക്കി. വിജയികൾക്കുവേണ്ടി ലയണൽ മെസ്സി (രണ്ടാം മിനിറ്റ്), മാർക്കിഞ്ഞോസ് (42), സെർജിയോ റാമോസ് (53), കിലിയൻ എംബാപ്പെ (പെനാൽറ്റി, 60), ഹ്യൂഗോ എകിറ്റെക്കേ (78) എന്നിവർ ഗോൾ നേടി. റിയാദ് ഓൾ സ്റ്റാർ ഇലവനായി ക്രിസ്റ്റ്യാനോ റൊണാൾഡോ 33ാം മിനിറ്റിലും ഒന്നാം പകുതിയുടെ ഇഞ്ച്വറി സമയത്തും ഗോളടിച്ചു. 56ാം മിനിറ്റിൽ ഹ്യൂയോൺ സൂ ജാങ് ആതിഥേയ ടീമിന്റെ മൂന്നാം ഗോളിനുടമയായി. 94ാം മിനിറ്റിൽ ആൻഡേഴ്സൻ ടാലിസ്ക നേടി.