ഇന്ത്യൻ ടെന്നിസ് താരം സോംദേവ് ദേവ് വർമൻ വിരമിക്കൽ പ്രഖ്യാപിച്ചു
text_fieldsന്യൂഡല്‍ഹി: പരിക്ക് വലച്ച കരിയറിനൊടുവില്‍ ഇന്ത്യയുടെ സോംദേവ് വര്‍മന്‍ പ്രഫഷനല്‍ ടെന്നിസില്‍നിന്ന് വിരമിച്ചു. പുതുവര്‍ഷത്തില്‍ ട്വിറ്ററിലൂടെയായിരുന്നു സോംദേവിന്‍െറ വിരമിക്കല്‍ പ്രഖ്യാപനം. ‘2017 പുതിയ കുറിപ്പോടെ ആരംഭിക്കുകയാണ്. പ്രഫഷനല്‍ ടെന്നിസില്‍നിന്ന് വിരമിക്കുന്നു. പിന്തുണച്ചവര്‍ക്കും സ്നേഹിച്ചവര്‍ക്കും നന്ദി’ -സോംദേവ് ട്വീറ്റ് ചെയ്തു.
2012 മുതല്‍ തോളിലെ പരിക്ക് വലക്കുന്ന സോംദേവിന് ദീര്‍ഘകാലമായി കോര്‍ട്ടില്‍ സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇടക്കാലത്ത് പരിക്കുമാറി തിരിച്ചത്തെിയെങ്കിലും ഫോം നിലനിര്‍ത്തുന്നതില്‍ പരാജയപ്പെട്ടു. ഡേവിസ് കപ്പിനുള്ള ഇന്ത്യന്‍ ടീമിന്‍െറ പരിശീലകനാവുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് 31ാം വയസ്സില്‍ വിരമിക്കല്‍.മത്സര ആവേശവും പോരാട്ടവീര്യവും നഷ്ടപ്പെട്ടുതുടങ്ങിയതോടെ കളി അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയാണെന്ന് സോംദേവ് പ്രതികരിച്ചു. ‘ഫോര്‍ഹാന്‍ഡ് ബാക്ഹാന്‍ഡ് ഷോട്ടുകളെക്കാള്‍ എന്‍െറ കരുത്ത് പോരാട്ടവീര്യവും ആവേശവുമായിരുന്നു. ഇത് കുറഞ്ഞുവരുന്നതായി തോന്നുന്നു. ഇനി മികച്ച ടെന്നിസ് കളിക്കാനാവുമെന്ന് തോന്നുന്നില്ല. ആദ്യ നൂറില്‍ തിരിച്ചത്തെുക ബുദ്ധിമുട്ടാണ്. ഇതാണ് കളി നിര്‍ത്താന്‍ നല്ല സമയം’ -സോംദേവ് പറഞ്ഞു.
2008 മുതലാണ് സോംദേവ് സിംഗ്ള്‍സില്‍ ഇന്ത്യയുടെ സൂപ്പര്‍താരമായി വളരുന്നത്. ലിയാണ്ടര്‍ പേസ് ഡബ്ള്‍സിലേക്ക് ശ്രദ്ധകേന്ദ്രീകരിച്ചതിനു പിന്നാലെയായിരുന്നു അമേരിക്കയില്‍ കളിച്ചുവളര്‍ന്ന കൗമാര താരം ഇന്ത്യന്‍ പ്രതീക്ഷകളിലേക്ക് റാക്കറ്റേന്തി തുടങ്ങിയത്. ത്രിപുരയിലെ അഗര്‍തലയില്‍നിന്ന് അമേരിക്കയിലെ വെര്‍ജീനിയയില്‍ താമസമാക്കിയ താരത്തിന്‍െറ തോളിലേറി ഇന്ത്യ കോര്‍ട്ടില്‍ സ്വപ്നക്കുതിപ്പ് ആരംഭിച്ചു. 2009 മുതല്‍ നാല് ഗ്രാന്‍ഡ്സ്ളാമിലും നിത്യസാന്നിധ്യമായി. പരിക്ക് കഴിഞ്ഞുള്ള തിരിച്ചുവരില്‍ 2013 ആസ്ട്രേലിയന്‍ ഓപണ്‍, ഫ്രഞ്ച് ഓപണ്‍ എന്നിവയില്‍ രണ്ടാം റൗണ്ടിലത്തെിയതായിരുന്നു മികച്ച പ്രകടനം. 2009, 10, 11 സീസണുകളില്‍ ഡബ്ള്‍സില്‍ കളിച്ചെങ്കിലും പിന്നീട് പിന്‍വാങ്ങി. 2010 ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസിലും 2010 ഗ്വാങ്ചോ ഏഷ്യന്‍ ഗെയിംസിലും സിംഗ്ള്‍സ് സ്വര്‍ണമണിഞ്ഞ് രാജ്യത്തിന്‍െറ അഭിമാനമായി.
ഗ്വാങ്ചോവില്‍ ഡബ്ള്‍സില്‍ സ്വര്‍ണവും ടീം വിഭാഗത്തില്‍ വെങ്കലവും നേടിയിരുന്നു. 2012 ലണ്ടന്‍ ഒളിമ്പിക്സില്‍ മത്സരിച്ചെങ്കിലും ആദ്യ റൗണ്ടില്‍ പുറത്തായി. എ.ടി.പി സിംഗ്ള്‍സ് റാങ്കിങ്ങിലും ശ്രദ്ധേയ മുന്നേറ്റം നടത്തി. 2011 ജൂലൈയില്‍ 62ാം സ്ഥാനത്തത്തെിയതായിരുന്നു മികച്ച പ്രകടനം. നിലവില്‍ 740ാം നമ്പറിലായിരുന്നു. 2008 മുതല്‍ 2012 വരെ ഇന്ത്യന്‍ ഡേവിസ് കപ്പ് ടീമിലും സ്ഥിരസാന്നിധ്യമായി. 2010ല്‍ ഇന്ത്യക്ക് വേള്‍ഡ് ഗ്രൂപ്പില്‍ ഇടംനേടുന്നതിലും നിര്‍ണായക പങ്കുവഹിച്ചിരുന്നു.
Starting 2017 on a new note, retiring from pro tennis. Thanks to everyone for the love and support over the years. #newyearnewbeginnings
— Somdev Devvarman (@SomdevD) January 1, 2017
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
