ഒന്നാം നമ്പർ പദവിയുമായി 2017 തുടങ്ങിയ സാനിയക്ക് പരിക്കോടെ സീസൺ സമാപനം
text_fieldsമുംബൈ: ഗ്രാൻഡ്സ്ലാം കിരീടങ്ങളും ഒന്നാം നമ്പർ പദവിയുമായി 2017 സീസൺ തുടങ്ങിയ സാനിയ മിർസക്ക് കണ്ണീരോടെ സീസൺ സമാപനം. ഒരു കിരീടംപോലുമില്ലാതെ സീസൺ കൊടിയിറങ്ങിയപ്പോൾ, തിരിച്ചടിയായി പരിക്കും. കാൽമുട്ടിലെ വേദന കാരണം വലഞ്ഞ നാളുകളായിരുന്നു ഇതെന്ന് സാനിയ തന്നെയാണ് വെളിപ്പെടുത്തിയത്. ശസ്ത്രക്രിയ ആവശ്യമാണോയെന്ന് തീരുമാനമായിട്ടില്ലെന്നും ഇവർ വ്യക്തമാക്കി.
‘‘കഠിനമായിരുന്നു ഇൗ സീസൺ. കഴിഞ്ഞ ഒരുമാസമായി കാൽമുട്ടിന് പരിക്കുണ്ട്. ഏതാനും ആഴ്ച വിശ്രമവും വേണ്ടിവന്നു. എങ്കിലും റാങ്കിങ്ങിൽ ആദ്യ പത്തിനുള്ളിൽ തുടരാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്’’ -സാനിയ പറഞ്ഞു. ഡബ്ൾസ് റാങ്കിങ്ങിൽ ഒന്നാം നമ്പറായി സീസൺ തുടങ്ങിയ സാനിയ നിലവിൽ ഒമ്പതാം റാങ്കിലാണ്. 2015, 16 സീസണുകളിൽ മൂന്ന് ഗ്രാൻഡ്സ്ലാം കിരീടമണിഞ്ഞെങ്കിലും ശ്രദ്ധേയ നേട്ടങ്ങളില്ലാതെയാണ് ഇൗ വർഷം അവസാനിച്ചത്.
