പേസിൽ നിന്നും നഷ്ടപരിഹാരം; ഒരു കോടിയിൽ നിന്ന് പൂജ്യം വിട്ടുപോയി

12:48 PM
13/09/2017

മുംബൈ: ടെന്നീസ് താരം ലിയാണ്ടർ പേസിൽ നിന്നും ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മുൻ ഭാര്യ നൽകിയ അപേക്ഷയിൽ ഒരു പൂജ്യം ചേർക്കാൻ മറന്നുപോയി. ഗാർഹിക പീഡനത്തിന് നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് മുൻഭാര്യ റിയ പിള്ള സമർപിച്ച ഹരജിയിലാണ് അഭിഭാഷകരുടെ അശ്രദ്ധയെത്തുടർന്ന് 10 ലക്ഷം ആയി ചുരുങ്ങിയത്.  കാണാതായ പൂജ്യത്തിൻെറ പ്രശ്നം പിള്ളയുടെ അഭിഭാഷകർ ഇന്നലെ ബാന്ദ്ര മജിസ്ട്രേറ്റ് കോടതിയിൽ ഉന്നയിക്കുകയും ചെയ്തു. 

റിയ പിള്ളയുടെ അഭിഭാഷകരായ ഗുജ്ജാൻ മംഗളയും അംന ഉസ്മാനുമാണ് വിചാരണ വേളയിൽ കോടതിയിൽ ഇക്കാര്യം ബോധിപ്പിച്ചത്. പിള്ള ആവശ്യപ്പെട്ട തുകയിൽ ഒരു പൂജ്യം എഴുതാൻ വിട്ടുപോയതായി ജഡ്ജി മഹേഷ് ജത് മലാനിയോട് ഇവർ ബോധിപ്പിച്ചു. കോടതിയുടെ അന്വേഷണത്തിൽ റിയ പിള്ളക്ക് ഒരു കോടിയുടെ നഷ്ടപരിഹാരം കണക്കാക്കിയതായി റിപ്പോർട്ടുണ്ട്. 2014ലാണ് റിയാപിള്ള പേസിനെതിരെ ഗാർഹിക പീഡന കേസ് ഫയൽ ചെയ്തത്. പിന്നീട് കേസിൽ ആറുമാസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി മുംബൈ കോടതിയോട് ഉത്തരവിടുകയായിരുന്നു.

തനിക്കും മകൾക്കും പ്രതിമാസം 2.62 ലക്ഷം വീതം തരണമെന്നാണ് റിയ പിള്ളയുടെ ആവശ്യം. ടൊയോട്ട ഇന്നോവ, ടൊയോട്ട കൊറോള ആൾട്ടിസ്, ഹോണ്ട സിറ്റി നിലവാരത്തിലുള്ള ഒരു കാറും ഇവർ പേസിൽ നിന്നും ആവശ്യപ്പെട്ടിട്ടുണ്ട്. മകളെ മാനസികമായും സാമ്പത്തികമായും പിന്തുണക്കുന്നതിലടക്കം പരാജയപ്പെട്ട പിതാവാണ് പേസെന്നാണ് ഭാര്യ ആരോപിച്ചിരിക്കുന്നത്. ആകെ 1.43 കോടി രൂപയാണ് റിയ പിള്ള പേസിൽ നിന്നും ആവശ്യപ്പെടുന്നത്. മുൻ ഹോക്കി ചാമ്പ്യനായ പിതാവ് ഡോ. വീസ് പെയ്സിനൊപ്പം ലിയാണ്ടർ പേസ് ഇന്നലെ കോടതിയിൽ ഹാജരായിരുന്നു.

ബോളിവുഡ് നടന്‍ സഞ്ജയ് ദത്തിന്റെ ആദ്യ ഭാര്യയായ റിയ ആ ബന്ധം പരാജയമായതിനെ തുടര്‍ന്ന് പരസ്പര സമ്മതത്തോടെ വിവാഹമോചനം നടത്തിയതിന് ശേഷമാണ് പേസുമായുള്ള ബന്ധം ആരംഭിക്കുന്നത്. എന്നാൽ ഇതും പരാജയപ്പെടുകയായിരുന്നു.
 

COMMENTS