ഫ്രഞ്ച് ഒാപണിൽ നദാലിന് 11ാം കിരീടം
text_fieldsപാരിസ്: കളിമൺ കോർട്ടിൽ തനിക്ക് എതിരാളികളില്ലെന്ന് തെളിയിച്ച് റാഫേൽ നദാൽ 11ാം ഫ്രഞ്ച് ഒാപൺ കിരീടത്തിൽ മുത്തമിട്ടു. നിലവിൽ കളിമണ്ണിൽ നദാലിന് ഏക വെല്ലുവിളിയായി വിശേഷിപ്പിക്കപ്പെടുന്ന ഒാസ്ട്രിയയുടെ ഡൊമിനിക് തീമിനെ ഫൈനലിൽ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് താരം ഫ്രഞ്ച് ഒാപൺ ഫൈനലിലെ തെൻറ അപരാജിത കുതിപ്പ് തുടർന്നത്. 6-4, 6-3, 6-2 എന്ന സ്കോറിന് ഏകപക്ഷീയമായിതന്നെയാണ് താരം തെൻറ 16ാം ഗ്രാൻഡ് സ്ലാം കിരീടം സ്വന്തമാക്കിയത്. ആദ്യ സെറ്റിലൊഴികെ നദാലിന് കാര്യമായ വെല്ലുവിളി ഉയർത്താൻ ആദ്യ ഗ്രാൻഡ് സ്ലാം ഫൈനൽ കളിക്കുന്ന തീമിന് കഴിഞ്ഞില്ല.
ഒരു ഗ്രാൻസ്ലാമിൽ ഏറ്റവും കൂടുതൽ കിരീടമെന്ന മാർഗരറ്റ് കോർട്ടിെൻറ റെക്കോഡിനൊപ്പമെത്താനും നദാലിനായി. 1960-1973 കാലയളവിൽ ആസ്ട്രേലിയൻ ഒാപണിലാണ് കോർട്ട് 11 കിരീടങ്ങൾ സ്വന്തമാക്കിയത്. 2005 മുതൽ തെൻറ ഇഷ്ട പ്രതലത്തിൽ 87 മത്സരം പൂർത്തിയാക്കിയ താരം രണ്ടുതവണ മാത്രമാണ് ഇവിടെ പരാജയപ്പെട്ടത്.
ടൂർണമെൻറിെൻറ ക്വാർട്ടറിൽ ഡീഗോ ഷ്വാർട്സ്മാെൻറ മുന്നിൽ മാത്രമാണ് നദാൽ ഒരു സെറ്റ് നഷ്ടപ്പെടുത്തിയത്. ഇൗ വർഷം കളിമൺ കോർട്ടിലെ നദാലിെൻറ റെക്കോഡ് കുതിപ്പിന് മഡ്രിഡ് ഒാപണിൽ വിരാമമിട്ട തീം നൊവാക് ദ്യോകോവിചിനൊപ്പം കളിമൺ കോർട്ടിൽ നദാലിനെ മൂന്നു തവണ തോൽപിച്ച ഏക താരമായിരുന്നതിനാൽതന്നെ മത്സരം തീ പാറുമെന്നായിരുന്ന ഏവരുടെയും പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
