41 തുടർവിജയങ്ങൾക്ക് അവസാനം; സാനിയക്കും ഹിംഗിസിനും തോൽവി
text_fieldsദോഹ: ലോക ഒന്നാം നമ്പര്‍ വനിത ഡബ്ള്‍സ് ടെന്നിസ് ജോടിയായ സാനിയ മിര്‍സ-മാര്‍ട്ടിന ഹിംഗിസ് സഖ്യത്തിന്‍െറ 41 മത്സരം നീണ്ട വിജയക്കുതിപ്പിന് അവസാനം. ഇന്തോ-സ്വിസ് ജോടി ഖത്തര്‍ ഓപണിന്‍െറ ക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായി. റഷ്യയുടെ എലേന വെസ്നിന-ഡാരിയ കസത്കിന സഖ്യം 2-6, 6-4, 10-5 സ്കോറിനാണ് സാനിയ-ഹിംഗിസ് കൂട്ടുകെട്ടിനെ വീഴ്ത്തിയത്. കഴിഞ്ഞവര്‍ഷം ആഗസ്റ്റില്‍ സിന്‍സിനാറ്റിയിലായിരുന്നു ഏറ്റവുമൊടുവില്‍ ഒന്നാം നമ്പര്‍ ജോടി തോറ്റത്.
തുടര്‍ച്ചയായ കിരീടങ്ങളുമായി തകര്‍പ്പന്‍ ഫോമിലായിരുന്ന സാനിയയും മാര്‍ട്ടിനയും ഖത്തറില്‍ കളിച്ച ആദ്യം മത്സരം മുതല്‍ പതര്‍ച്ചയിലായിരുന്നു. സീഡ് ചെയ്യപ്പെടാത്ത ചൈനീസ് ജോടിയോട് മൂന്നു സെറ്റ് പൊരുതിയാണ് രണ്ടാം റൗണ്ടില്‍ ജയിച്ചത്. ക്വാര്‍ട്ടറില്‍ ഒന്നാം സെറ്റില്‍ മികച്ചകളി കാഴ്ചവെച്ച സഖ്യം പക്ഷേ, അടുത്ത രണ്ടു സെറ്റുകളും അവിശ്വസനീയമായി കൈവിട്ടു.
