സിന്‍സിനാറ്റി ഓപണ്‍: ദ്യോകോവിച്, മറെ, സെറീന മൂന്നാം റൗണ്ടില്‍
text_fieldsസിന്‍സിനാറ്റി: ലോക ഒന്നാം നമ്പര്‍ പുരുഷ, വനിതാ താരങ്ങളായ നൊവാക് ദ്യോകോവിച്ചും സെറീന വില്യംസും സിന്‍സിനാറ്റി ഓപണ്‍ സിംഗ്ള്‍സ് മൂന്നാം റൗണ്ടിലേക്ക് മുന്നേറി. പുരുഷ വിഭാഗത്തില്‍ ബ്രിട്ടന്‍െറ ആന്‍ഡി മറെ, സ്വിറ്റ്സര്‍ലന്‍ഡിന്‍െറ സ്റ്റാനിസ്ളാവ് വാവ്റിങ്ക, സ്പെയിനിന്‍െറ റാഫേല്‍ നദാല്‍, ഫ്രാന്‍സിന്‍െറ റിച്ചാര്‍ഡ് ഗാസ്ഗ്വ എന്നിവരും മൂന്നാം റൗണ്ടില്‍ ഇടംപിടിച്ചു.
റുമേനിയയുടെ സിമോണ ഹാലെപും വനിതകളില്‍ മൂന്നാം റൗണ്ടില്‍ കടന്നു. അതേസമയം, വനിതാ വിഭാഗത്തില്‍ അട്ടിമറികളുടെ ദിനംകൂടിയായിരുന്നു. നാലാം സീഡ് ചെക് റിപ്പബ്ളിക് താരം പെട്ര ക്വിറ്റോവ, അഞ്ചാം സീഡ് കരോളിന്‍ വോസ്നിയാക്കി എന്നിവര്‍ രണ്ടാം റൗണ്ടില്‍ ഇടറിവീണു. കനേഡിയന്‍ താരം യൂഗിന്‍ ബൗചാഡിനും പുറത്തേക്ക് വഴിതെളിഞ്ഞു.
നേരിട്ടുള്ള സെറ്റുകളില്‍ ജയംകുറിച്ചാണ് ദ്യോകോവിച്ചും സെറീനയും മുന്നേറിയത്. ഫ്രാന്‍സിന്‍െറ ബെനോയിറ്റ് പെയ്റിനെ 7-5, 6-2 നാണ് സെര്‍ബിയന്‍ താരം ദ്യോകോവിച് രണ്ടാം റൗണ്ടില്‍ തോല്‍പിച്ചത്. ബള്‍ഗേറിയയുടെ സ്വൊന പിരോങ്കോവ 7-5, 6-3ന് സെറീനക്ക് മുന്നില്‍ വീണു. യു.എസിന്‍െറ മാര്‍ഡി ഫിഷിനെ 6-4, 7-6(1) സ്കോറിനാണ് ആന്‍ഡി മറെ തോല്‍പിച്ചത്. കടുത്ത പോരാട്ടത്തില്‍ ക്രൊയേഷ്യയുടെ ബോര്‍ന കോറിച്ചിനെയാണ് വാവ്റിങ്ക മുട്ടുകുത്തിച്ചത്. സ്കോര്‍: 3-6, 7-6(3), 6-3. എട്ടാം സീഡ് റാഫേല്‍ നദാലിന് മുന്നില്‍ ഫ്രഞ്ച് താരം ജെറെമി ഷാര്‍ഡി 6-3, 6-4ന് വീണു. ആസ്ട്രേലിയന്‍ താരം തനസി കൊകിനാകിസിനെ 7-6(5), 6-2 ന് ഗാസ്ഗ്വ മറികടന്നു.
ഫ്രഞ്ചുകാരിയ ക്രിസ്റ്റിന മ്ളാഡെനോവിച്ചിനെ 7-5, 5-7, 6-4നാണ് ഹാലെപ് തോല്‍പിച്ചത്. പെട്ര ക്വിറ്റോവയെ കരോളിന്‍ ഗാര്‍ഷ്യയാണ് 7-5, 4-6, 6-2ന് അട്ടിമറിച്ചത്. ബെലറൂസിന്‍െറ വിക്ടോറിയ അസരങ്ക 6-0, 6-4ന് വോസ്നിയക്കിയെയും പറഞ്ഞയച്ചു. 7-6(6), 7-5നാണ് ബൗചാഡ് യുക്രെയ്ന്‍ താരം എലിന പെറ്റ്കോവിച്ചിന് മുന്നില്‍ വീണത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
