ഇന്ത്യയുടെ ഖേല്‍രത്നം
text_fieldsന്യൂഡല്‍ഹി: പരമോന്നത കായിക പുരസ്കാര പട്ടികക്കുള്ള ചര്‍ച്ച ചൂടുപിടിക്കുംവരെ സാനിയ മിര്‍സയെന്ന പേര് അവാര്‍ഡ് നിര്‍ണയ കമ്മിറ്റിക്ക് മുന്നിലില്ലായിരുന്നു. സാധാരണ നടപടിക്രമമനുസരിച്ച് നാമനിര്‍ദേശം സമര്‍പ്പിക്കേണ്ട തീയതി ഏപ്രില്‍ 30ന് അവസാനിച്ചശേഷം, രണ്ടാഴ്ച മുമ്പ് മാത്രമായിരുന്നു സാനിയ മിര്‍സയുടെ പേര് ജസ്റ്റിസ് വി.കെ. ബാലിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി മുമ്പാകെയത്തെുന്നത്. വിംബ്ള്‍ഡണ്‍ ഡബ്ള്‍സ് കിരീടനേട്ടത്തിനും ലോക ഒന്നാം നമ്പര്‍ പദവിക്കും പിന്നാലെയത്തെിയ നാമനിര്‍ദേശം വെറുതെയായില്ല. പി.വി. സിന്ധു, വികാസ് ഗൗഡ, ഹോക്കി ക്യാപ്റ്റന്‍ സര്‍ദാര്‍ സിങ്, ടിന്റു ലൂക്ക, ദീപിക പള്ളിക്കല്‍ എന്നിവരെ പിന്തള്ളി സാനിയയെ ഖേല്‍രത്നക്ക് ശിപാര്ശചെയ്യുമ്പോള് ഒരു വര്‍ഷത്തെ ഇടവേളക്കുശേഷം പരമോന്നത കായിക ബഹുമതിയില്‍ ഒരു താരപ്പിറവി. ടെന്നിസ് കരിയറിന്‍െറ 15ാം വര്‍ഷത്തിലാണ് സാനിയക്ക് വിലപ്പെട്ട ആദരവത്തെുന്നത്. 2001ല്‍ ദേശീയ ജൂനിയര്‍ ചാമ്പ്യനായി ടെന്നിസ് കോര്‍ട്ടില്‍ നിലയുറപ്പിച്ചുതുടങ്ങിയ ഹൈദരാബാദുകാരിയുടെ കരിയര്‍ വിംബ്ള്‍ഡണ്‍ ഡബ്ള്‍സ് നേട്ടത്തിലും ഒന്നാം നമ്പര്‍ പദവിയിലുമത്തെിയപ്പോഴായി ഖേല്‍രത്നയുടെ ഭാഗ്യാനുഗ്രഹം.
മിക്സഡ് ഡബ്ള്‍സില്‍ മൂന്ന് ഗ്രാന്‍ഡ്സ്ളാം കിരീടങ്ങള്‍ നേരത്തേതന്നെ സാനിയ സ്വന്തമാക്കിയിരുന്നു. കിട്ടാക്കനിയായ വിംബ്ള്‍ഡണിലൂടെ ഒരുമാസം മുമ്പ് ഡബ്ള്‍സ് കിരീടവുമത്തെിയതോടെ കരിയറും ധന്യമായി. രണ്ട് ഏഷ്യന്‍ ഗെയിംസ് മിക്സഡ് സ്വര്‍ണം (2006 ദോഹ, 2014 ഇഞ്ചിയോണ്‍), 2010 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സിംഗ്ള്‍സില്‍ വെള്ളിയും ഡബ്ള്‍സില്‍ വെങ്കലവും, നാല് ഏഷ്യന്‍ ഗെയിംസില്നിന്നായി മൂന്ന് വെള്ളിയും മൂന്ന് വെങ്കലവും... ഇങ്ങനെ പോകുന്നു ഇന്ത്യന്‍ കൗമാരക്കാരുടെ ടെന്നിസ് ഐക്കണായിമാറിയ സാനിയയുടെ നേട്ടങ്ങള്‍. രാജ്യത്തിന്‍െറ ആദരവായി 2004ല്‍ അര്‍ജുന അവാര്‍ഡും, 2006ല്‍ പത്മശ്രീ പുരസ്കാരവുമത്തെി.
7.5 ലക്ഷം സമ്മാനത്തുക
ഖേല്‍രത്ന അവാര്‍ഡ് ജേതാവിന് 7.5 ലക്ഷം രൂപയാണ് സമ്മാനത്തുക.അര്‍ജുന ജേതാക്കള്‍ക്ക് അഞ്ചു ലക്ഷവും. ജസ്റ്റിസ് വി.കെ. ബാലിക്കു പുറമെ, ഡോല ബാനര്‍ജി, എം.എം. സോമയ്യ, ഭോഗ്നേശ്വര് ബറുവ, കായിക മാധ്യമപ്രവര്‍ത്തകര്‍, കായിക മന്ത്രാലയം പ്രതിനിധികള്‍ എന്നിവരടങ്ങിയ കമ്മിറ്റിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്. സമിതിയുടെ ശിപാര്‍ശ മന്ത്രി സര്‍ബാനന്ദ സൊനോവാളിന് സമര്‍പ്പിക്കും. മന്ത്രാലയം അംഗീകരിക്കുന്നതോടെ മാത്രമേ ഒൗദ്യോഗിക അവാര്‍ഡ് പ്രഖ്യാപനമുണ്ടാകൂ. ദേശീയ കായികദിനമായ ആഗസ്റ്റ് 29ന് പ്രസിഡന്റ് പ്രണബ് മുഖര്‍ജി ഖേല്‍രത്ന, അര്‍ജുന, ദ്രോണാചാര്യ അവാര്‍ഡുകള്‍ വിതരണം ചെയ്യും. പരിശീലകര്‍ക്കുള്ള ദ്രോണാചാര്യ പുരസ്കാരം വൈകാതെ പ്രഖ്യാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
