ദേശീയ സീനിയർ വോളിയിൽ കേരളം ജേതാക്കൾ
text_fieldsകോഴിക്കോട്: 17 വര്‍ഷത്തെ ഇടവേളക്ക് ശേഷം സ്വപ്നനഗരി വേദിയായ ദേശീയ വോളിബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിെൻറ പുരുഷ ടീം സ്വന്തമാക്കിയത് സ്വപ്നനേട്ടം. പ്രഗല്ഭരടങ്ങിയ റെയില്‍വേയോട് ആദ്യ സെറ്റില്‍ പിന്നിലായിട്ടും പാളംതെറ്റിക്കാന്‍ കഴിഞ്ഞത് വിജയത്തിെൻറ തിളക്കം കൂട്ടുന്നു. യുവ അറ്റാക്കര്‍ അജിത്ത് ലാലിെൻറ മാരകഫോമാണ് ജെറോം വിനീതിനും കൂട്ടുകാര്‍ക്ക് കിരീടം എളുപ്പമാക്കിയത്. ആദ്യ ഫൈനലില്‍ കേരള വനിതകൾ റെയില്‍വേയോട് തോറ്റതിെൻറ ഖേദം തീര്‍ക്കുന്നതായിരുന്നു പുരുഷ ടീമിെൻറ മിന്നും പ്രകടനം. അതിഗംഭീരമായി ഫിനിഷ് ചെയ്ത അജിത്തിന് പുറമെ മറ്റ് താരങ്ങളും അവസരത്തിനൊത്ത് തിളങ്ങി.
ഒഴുകിയെത്തിയ ആയിരക്കണക്കിന് കാണികളെ സാക്ഷി നിര്‍ത്തിയായിരുന്നു പുരുഷ ഫൈനൽ. ആതിഥേയരാണ് ആക്രമിച്ച് കളിച്ചതെങ്കിലും പത്ത് പോയൻറ് പിന്നിട്ടതോടെ റെയില്‍വേ ഫോമിലായി. ക്യാപ്റ്റന്‍ മനു ജോസഫും മുന്‍ ഇന്ത്യന്‍ നായകന് പ്രഭാകരെൻറ (കാക്ക) തന്ത്രങ്ങളും കേരളത്തെ ആദ്യ സെറ്റില്‍ താളംതെറ്റിച്ചു. 23-23, 24-24 എന്ന നിലയില്‍ കേരളം അരികിലെത്തിയെങ്കിലും ‘കാക്ക’യുടെ സ്മാഷില്‍ കഥ കഴിഞ്ഞു.
എന്നാല്‍, രണ്ടാം സെറ്റില്‍ 7-4ന് റെയില്‍വേ മുന്നിട്ട് നിന്നപ്പോള്‍ സെറ്റര്‍ മുത്തുസ്വാമിയെ മാറ്റി എൻ. ജിതിനെ ഇറക്കിയ കോച്ച് കെ. അബ്ദുല്‍ നാസറിെൻറ നീക്കം കളിയുടെ ഗതിമാറ്റി. ജിതിന് പതറാതെ മികച്ച രീതിയില്‍ പന്ത് പാകത്തിനെത്തിച്ചുകൊടുത്തു. അജിത്തിെൻറ സ്മാഷുകളും കാണികളെ ഹരം കൊള്ളിച്ചു. ഇടക്ക് മുന്‍തൂക്കം നഷ്ടപ്പെടുത്തിയെകിലും റെയില്‍വേയുടെ പിഴവുകളും നിരന്തരമായ ആക്രമണവും ആതിഥേയര്‍ക്ക് രണ്ടാം സെറ്റ് നേടിക്കൊടുത്തു. മൂന്നാം സെറ്റില്‍ റെയില്‍വേ പിന്നാലെ കൂടിയെങ്കിലും 11-8 എന്ന നിലയില്‍ ലീഡെടുത്തശേഷം പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നില്ല. അജിത്ത് ലാല്‍ തന്നെയായിരുന്നു ഈ സെറ്റിലെയും ഹീറോ.
റെയില്‍വേ കോച്ച് ടി.സി. ജ്യോതിഷ്, മനുവിനെയും പ്രഭാകരനെയുമെല്ലാം തിരിച്ചുവിളിച്ച് ബെഞ്ചിലുള്ളവരെ ഇറക്കിയെകിലും മൂന്നാം സെറ്റും കേരളത്തിെൻറ വരുതിയിലായി. നാലാം സെറ്റില്‍ റെയില്‍വേ തോറ്റവരുടെ ശരീരഭാഷയിലായിരുന്നു കളിച്ചത്. കാക്ക പ്രഭാകരന് ഈ സെറ്റില്‍ നിരായുധനായി. ജെറോമും അജിത്തും അഖിനും വിബിനും വിജയത്തിലേക്ക് പടനയിച്ചതോടെ കാണികള്‍ കളത്തിലേക്ക് കുതിച്ചു.
നാട്ടുകാരുടെയും വീട്ടുകാരുടെയും മുന്നില്‍ നേടിയ വിജയത്തിന് തിളക്കം കൂടുന്നുവെന്ന് കേരള കോച്ച് അബ്ദുല്‍ നാസര്‍ പറഞ്ഞു. റെയില്‍വേക്കെതിരെ കുറുക്കുവഴിയിലൂടെ ജയിക്കാനാവില്ലെന്നും നാസര്‍ പറഞ്ഞു. തമിഴ്നാട്ടുകാരനായ തനിക്ക് കേരളത്തെ ജയിപ്പിക്കാനായതും ഇന്നാട്ടുകാരുടെ സ്നേഹം ഏറ്റുവാങ്ങാനായതിലും ഏറെ സന്തോഷമുണ്ടെന്ന് ക്യാപ്റ്റന്‍ ജെറോം വിനീതും പറഞ്ഞു.
പാളം തെറ്റി വനിതകള്‍
കലാശപ്പോരില്‍ റെയില്‍വേക്ക് മുന്നില്‍ തലവെക്കുന്ന സ്വഭാവം ഇത്തവണയും തെറ്റിയില്ലെങ്കിലും അന്ത്യംവരെ പോരാടിയാണ് കേരളത്തിെൻറ വീരാംഗനമാര്‍ കീഴടങ്ങിയത്. ആദ്യ സെറ്റില്‍ റെയില്‍വേ തുടക്കം മുതല്‍ ലീഡ് നിലനിര്‍ത്തി മുന്നേറി. സീനിയര്‍ താരങ്ങളായ മിനിമോള്‍ അബ്രഹാമും പ്രിയങ്ക ബോറയും പരിചയസമ്പത്തിെൻറ ബലത്തിലാണ് സ്കോറുയര്‍ത്തിയത്. അഞ്ജലി ബാബുവും കെ.പി. അനുശ്രീയുമായിരുന്നു കേരളത്തിെൻറ ആക്രമണത്തിന് നേതൃത്വമേകിയത്.
രണ്ടാം സെറ്റിലായിരുന്നു പോരാട്ടം ത്രസിച്ചത്. അഞ്ജു ബാലകൃഷ്ണനും എസ്. രേഖയും അനുശ്രീയും തിളങ്ങിയ രണ്ടാം സെറ്റില്‍ ഇൻറര്‍നാഷനല്‍ സെറ്റര്‍ കെ.എസ്. ജിനിയുടെ ഡ്രോപുകള്‍ കൂടിയായതോടെ റെയില്‍വേക്ക് മുന്നില്‍ കയറി കേരളം മുന്നേറി. തുടക്കം മുതല്‍ ലീഡെടുത്ത കേരളം റെയില്വേക്കാരികളെ വരച്ച വരയില്‍ നിര്‍ത്തി. കേരള വനിതകള്‍ 28-26ന് സെറ്റ് സ്വന്തമാക്കി.
മൂന്നാം സെറ്റില്‍ 19നെതിരെ 10 പോയൻറില്‍ നില്‍ക്കുമ്പോഴായിരുന്നു സണ്ണി ജോസഫിെൻറ ശിഷ്യകള്‍ കാണികളുടെ അകമഴിഞ്ഞ പിന്തുണയില്‍ തിരിച്ചുവന്നത്. എസ്. രേഖ സര്‍വ് ചെയ്തപ്പോള്‍ തുടര്‍ച്ചയായി എട്ട് പോയൻറുകള്‍ നേടിയതോടെ കേരളം റെയില്‍വേയുടെ അരികിലെത്തി. പകരക്കാരിയായെത്തിയ എസ്. സൂര്യയുടെ ബ്ലോക്കില്‍ നിര്‍മലും മിനിമോളും വിറച്ചു. 20-20ന് തീവണ്ടിപ്പടയുടെ കൂടെയെത്തിയ കേരളം 25-21ന് മൂന്നാം സെറ്റ് കൈയിലാക്കി. 2-1ന് മുന്നിലെത്തിയിട്ടും മുന്‍വര്‍ഷങ്ങളിലെപ്പോലെ കേരളം പിന്നീട് റെയില്‍വേക്ക് മുന്നിൽ അടിയറവ് പറഞ്ഞു; തുടര്‍ച്ചയായി പത്താം തവണയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
