ദേശീയ സീനിയർ വോളിബാൾ: തമിഴ്നാടിനെ തകർത്ത് കേരള വനിതകൾ ഫൈനലിൽ
text_fieldsകോഴിക്കോട്: തമിഴ്നാടിനെ തറപറ്റിച്ച കേരള വനിതകള്‍ ദേശീയ വോളിബാള്‍ ചാമ്പ്യന്‍ഷിപ്പിെൻറ ഫൈനലില്‍. പുരുഷ വിഭാഗത്തില്‍ സർവിസസിെൻറ വെല്ലുവിളി അതിജീവിച്ച െറയില്‍വേയും കലാശപ്പോരിലേക്ക് ടിക്കറ്റെടുത്തു. ചൊവ്വാഴ്ചത്തെ റെയില്‍വേ- മഹാരാഷ്ട്ര സെമിഫൈനലിലെ വിജയികളാണ് കേരള വനിതകളുടെ ഫൈനൽ എതിരാളികൾ. കേരളം-തമിഴ്നാട് സെമിഫൈനലിലെ വിജയികൾ പുരുഷ ഫൈനലില്‍ റെയില്‍വേയെ നേരിടും.
പത്താം ഫൈനലിലേക്ക്
വിരസമായ മത്സരത്തില്‍ ദുര്‍ബലരായ തമിഴ്നാടിനെ 25-14, 25-17, 25-21 എന്ന സ്കോറിനാണ് കേരള വനിതകള്‍ സെമിഫൈനലില്‍ മറികടന്നത്. ഈ ജയത്തോടെ ദേശീയ സീനിയര്‍ വോളിബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായ പത്താം ഫൈനലിലേക്കാണ് കേരളം കുതിച്ചത്. 25-17, 34-32, 25-14 എന്ന സ്കോറിനാണ് റെയില്‍വേ പുരുഷന്മാർ ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം തവണയും സർവിസസിനെതിരെ ജയിച്ചത്.നിറയാത്ത ഗാലറിയെ സാക്ഷിയാക്കി തുടങ്ങിയ വനിത വിഭാഗം സെമി പോരാട്ടം തീര്‍ത്തും വിരസമായിരുന്നു.

ഒന്നും രണ്ടും സെറ്റുകളില്‍ ആതിഥേയര്‍ തമിഴ്നാടിനെ നിലംതൊടാന്‍ അനുവദിച്ചില്ല. എന്നാല്‍ മൂന്നാം സെറ്റില്‍ കേരളം തീര്‍ത്തും ഉഴപ്പിയതോടെ തമിഴക ടീം 21 പോയൻറ് സ്വന്തമാക്കി. അഞ്ജു ബാലകൃഷ്ണെൻറ ഒാള്റൗണ്ട് മികവും സെറ്റര്‍ കെ.എസ്. ജിനിയുടെ മികച്ച പ്രകടനവുമായിരുന്നു ആദ്യ സെറ്റിെൻറ ഹൈലൈറ്റ്. സ്വയം വരുത്തിയ പിഴവുകളും തമിഴ്നാടിന് തിരിച്ചടിയായി. 5-1ന് മുന്നിലെത്തിയ കേരളത്തിന് ഒരുഘട്ടത്തിലും വെല്ലുവിളിയുയര്‍ത്താൻ എതിരാളികള്‍ക്കായില്ല. ക്യാപ്റ്റന്‍ അഞ്ജു മോളും എസ്. രേഖയും കേരളത്തിനെ ആദ്യസെറ്റില്‍ എളുപ്പം ജയത്തിലേക്ക് കൊണ്ടുപോയി.
രണ്ടാം സെറ്റില്‍ എം. ശ്രുതിക്ക് പകരം കെ.പി. അനുശ്രീയെ കോച്ച് സണ്ണി ജോസഫ് കൊണ്ടുവന്നത് ആക്രമണത്തിന് കരുത്ത് കൂട്ടി. അഞ്ജു ബാലകൃഷ്ണന് തന്നെയായിരുന്നു രണ്ടാം സെറ്റിലും മിന്നിയത്. എന്നാല്‍ അനുശ്രീയും അഞ്ജലിയും പലവട്ടം സെര്‍വുകള്‍ പാഴാക്കി. മൂന്നാം സെറ്റില്‍ കേരള പെണ്‍കുട്ടികളുടെ അലസത തമിഴ്നാട്ടുകാരികള് മുതെലടുത്തു. എസ്. സംഗീതയും ഉത്കര്ഷ സോനവാനെയും കേരളത്തിെൻറ കളത്തിലേക്ക് പന്ത് പായിച്ചു. 20-23 വരെ അയല്‍നാട്ടുകാര്‍ പൊരുതി. ഒടുവില്‍ ജിനിയുടെ ഡ്രോപിലൂടെ കേരളം മറ്റൊരു ഫൈനലിന് കൂടി അര്‍ഹരായി. തമിഴ്നാടിനായി കോഴിക്കോട് സ്വദേശിനികളായ ജോത്സനയും ആര്.ജി. ആര്യയും ജഴ്സിയണിഞ്ഞു.

പ്രഭാകരാ...
മലയാളി താരം മനു ജോസഫിെൻറ നേതൃത്വത്തിലിറങ്ങിയ റെയില്‍വേ, പട്ടാളക്കാര്‍ക്കെതിരെ ആദ്യ സെറ്റിെൻറ തുടക്കത്തില്‍ പതിവ് ഫോമിലേക്കുയര്‍ന്നില്ല. സർവിസസിെൻറ പട്ടാളവീര്യം പ്രകടമായ മത്സരത്തില്‍ പ്രഫഷനല്‍ മികവും പരിചയസമ്പത്തുമാണ് തീവണ്ടിപ്പടക്ക് തുണയായത്. ഒന്നാം സെറ്റില്‍ മനുവിെൻറ സ്മാഷുകള്‍ സർവിസസ് ബ്ലോക്കര്മാരുടെ കൈയിലൊതുങ്ങി. എന്നാൽ അന്താരാഷ്ട്ര താരം പ്രഭാകരെൻറ (കാക്ക) സ്മാഷുകളും തന്ത്രപരമായ പ്ലേസിങ്ങുകളും നിലവിലെ ജേതാക്കളായ റെയില്‍വേക്ക് പോയൻറുകള്‍ നേടിക്കൊടുത്തു. ഇടംകൈയന്‍ പോരാളി നവീന്‍ കുമാറും അനൂപ് സിങ്ങും മലയാളി താരം കിരണ്‍ രാജുമായിരുന്നു സര്വിസസിെൻറ മുന്‍നിര പടയാളികള്‍. ക്യാപ്റ്റന്‍ ദേവേന്ദര്‍ സെറ്റര്‍ സ്ഥാനത്ത് ഫോമിലല്ലാതായതോടെ എസ്.ആര് . ശിവരാജന് കളത്തിലെത്തി. 16-16 വരെ റെയില്‍വേയെ വിറപ്പിച്ച പട്ടാളക്കാര്‍ പിന്നീട് തുടര്‍ച്ചയായി ഏഴ് പോയൻറുകള്‍ വഴങ്ങി മത്സരം കൈവിട്ടു. കാക്കയുടെ ഫിനിഷിങ്ങോടെ ആദ്യ സെറ്റ് റെയില്‍വേയുടെ പേരിലായി.
രണ്ടാം സെറ്റിലായിരുന്നു ചാമ്പ്യന്‍ഷിപ്പിലെ ഏറ്റവും നീണ്ട പോരാട്ടം നടന്നത്. 1-1 മുതല്‍ ഒരുമിച്ച് നീങ്ങിയ മത്സരം 34-32 വരെ മാറിയും മറിഞ്ഞും മുന്നേറുകയായിരുന്നു. പ്രതിരോധവും ആക്രമണവും ശക്തമാക്കിയ സർവിസസിന് നിര്‍ണായക സമയത്ത് സര്‍വുകള്‍ പാഴായതാണ് വിജയം നഷ്ടപ്പെടുത്തിയത്. നവീന്‍ കുമാറും പങ്കജ് ശര്‍മയുമായിരുന്നു ഇക്കാര്യത്തിലെ ‘മിടുക്കര്‍ ’. ആറ് വട്ടം സെറ്റ് പോയൻറിലെത്തിയിട്ടും സർവിസസിന് രണ്ടാം സെറ്റ് നേടിയെടുക്കാനായില്ല. കാക്കയും ലിബറോ പി. പ്രഭാകരനും സെൻറര്‍ ബ്ലോക്കര്‍ രാഗുലും പട്ടാളക്കാരുടെ അടിതെറ്റിക്കുകയായിരുന്നു. സർവിസസിനെ മൂന്നാം സെറ്റില്‍ ചുരുട്ടിക്കെട്ടിയ റെയില്‍വേ കിരീടം തിരിച്ചുപിടിക്കാനായി ഫൈനലിലേക്ക് മുന്നേറുകയായിരുന്നു.

പ്രമുഖ താരങ്ങൾക്ക് ആദരം
രാജ്യത്തിനായി ജഴ്സിയണിഞ്ഞ പ്രമുഖ മലയാളി താരങ്ങൾക്ക് ആദരം. ദേശീയ സീനിയർ വോളിബാൾ ചാമ്പ്യൻഷിപ്പിെൻറ ഒന്നാം സെമി ഫൈനൽ ദിനമാണ് മലയാളി പ്രതിഭകളെ വോളിബാൾ ഫെഡറേഷൻ ഓഫ് ഇന്ത്യയും (വി.എഫ്.ഐ) സംഘാടക സമിതിയും ചേർന്ന് ആദരിച്ചത്. ഇന്ത്യൻ വോളിബാൾ ടീമിെൻറ ഭാഗമായിരുന്ന ഒമ്പത് കോച്ചുമാരും 40ഓളം താരങ്ങളുമാണ് ആദരവേറ്റുവാങ്ങിയത്.കാലിക്കറ്റ് ട്രേഡ് സെൻററിൽ നടന്ന ചടങ്ങിൽ വി.എഫ്.ഐ സെക്രട്ടറി ജനറൽ രാം അവതാർ സിങ് മുഖ്യാതിഥിയായിരുന്നു.
കെ.സി. ഏലമ്മ, സാലി ജോസഫ്, സിറിൽ സി. വെളളൂർ, ഗോപിനാഥ്, ജോസ് ജോർജ്, അബ്ദുറസാഖ്, ജെയ്സമ്മ മൂത്തേടം, മുകേഷ് ലാൽ, മൊയ്തീൻ നൈന, എസ്.എ. മധു, ടി.സി. ജ്യോതിഷ്, പ്രേംജിത്ത്, ടി.പി. സായുജ്, പി. സുനിൽ കുമാർ, ഇ.കെ. കിഷോർ, പി.വി. ഷീബ, ശ്രീദേവി, ജിഷ തോമസ്, ടിജി രാജു തുടങ്ങിയ താരങ്ങൾ ചടങ്ങിനെത്തി. സേതുമാധവൻ, എം.ടി. സാമുവൽ, ഹരിലാൽ, വി.എ. ജോസഫ്, ഇ.കെ. രഞ്ജൻ, അബ്ദുന്നാസർ, സണ്ണി ജോസഫ്, പി.എ. ജോസഫ്, പി. ബാലചന്ദ്രൻ എന്നീ പരിശീലകരെയും ആദരിച്ചു.
ടോം ജോസഫ് ചടങ്ങിനെത്തിയില്ല. ഗാലറിയിൽ കാണികൾ ടോമിെൻറ ചിത്രങ്ങളുമായി സംഘാടകർക്കെതിരെ പ്രതിഷേധമുയർത്തി. ചടങ്ങ് തുടങ്ങിയ ഉടൻ കാണികളുടെ കൂക്കുവിളി ഉയർന്നു. ചാമ്പ്യൻഷിപ് കാണാനെത്തുന്ന അർജുന, ദ്രോണാചാര്യ അവാർഡ് േജതാക്കളെ ചൊവ്വാഴ്ച ആദരിക്കുമെന്ന് വി.എഫ്.ഐ സെക്രട്ടറി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
