കിക്ക് ബോക്സ് ലോക ചാമ്പ്യൻ റഫറി; ജർമനിയിൽ സർവം ശാന്തം

ബെർലിൻ: ജർമനിയിലെ പ്രാദേശിക ഫുട്ബാൾ ലീഗ് മത്സരങ്ങൾ നിയന്ത്രിക്കുന്ന റഫറിമാർക്ക് മിക്കവാറും ദിവസങ്ങളിൽ കളിക്കാരിൽ നിന്നും കാണികളിൽ നിന്നും തല്ലു ഉറപ്പായിരുന്നു. ഒടുവിൽ ബോഡീഗാർഡുമാരെ വരെ  അവർ പരീക്ഷിക്കുകയും ചെയ്തു. ഇതിനിടെയാണ് ഹാനോഫറിൽ കളി നിയന്ത്രിക്കാൻ 30 കാരനായ ഗുനായി അർറ്റാക്കു എത്തിയത്.

എത്ര മഞ്ഞ ചുവപ്പ് കാർഡ് കണ്ടാലും ആരാധകരെ കൂട്ടി ആക്രമണം അഴിച്ചുവിട്ടിരുന്ന സ്ഥിരം വീരൻമാരൊക്കെ പുതിയ റഫറി ശിക്ഷ വിധിച്ചാൽ അദ്ദേഹത്തിന്  കൈകൊടുത്തു തല വണങ്ങി നേരെ ഡ്രസിങ് റൂമിലേക്ക്‌ മടങ്ങാൻ തുടങ്ങി. പെട്ടന്നുണ്ടായ ഈ അച്ചടക്കത്തിനും സ്പോർട്സ് മാൻ സ്പിരിറ്റിനും കാരണം വേറൊന്നുമല്ല. പുതിയ റഫറി ഗുനായി അർറ്റാക്കു കിക്ക് ബോക്സിങ് സൂപ്പർ ഹെവി വെയിറ്റ് ലോക ചാമ്പ്യനാണ്.

പോരാത്തതിന് ഹാനോഫറിൽ തന്നെ മാർഷ്യൽ ആർട്സ് അക്കാദമിയും നടത്തുന്നുണ്ട്.സ്റ്റേഡിയത്തിലെ വീരശൂര പരാക്രമികൾ ഒക്കെ നല്ല കുട്ടികളാകാൻ ഇതിലും വലിയ ഇടപാട് വേണോ. കഴിഞ്ഞ രണ്ടാഴ്ചയായി പ്രാദേശിക ഫുട്ബോൾ മത്സരങ്ങളിൽ അനിഷ്ട്ട സംഭവങ്ങളും ഉണ്ടായിട്ടില്ല.


 

Loading...
COMMENTS