Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_righthockeychevron_rightസ്വപ്നത്തേരിൽ ഇന്ത്യൻ...

സ്വപ്നത്തേരിൽ ഇന്ത്യൻ ഹോക്കി

text_fields
bookmark_border
സ്വപ്നത്തേരിൽ ഇന്ത്യൻ ഹോക്കി
cancel

വസന്തത്തിന്‍െറ വീണ്ടെടുപ്പില്‍ പ്രതീക്ഷയുടെ സ്വപ്നത്തേരിലാണ് ഇന്ത്യന്‍ ഹോക്കി ടീം റിയോയില്‍ സ്റ്റിക്കേന്തുന്നത്. ഗോള്‍ ബോക്സിനു മുന്നില്‍ അജയ്യനായ മലയാളിയായ പി.ആര്‍. ശ്രീജേഷിന്‍െറ അസാധാരണ നേതൃപാടവത്തില്‍ ഒറ്റക്കെട്ടായി അണിനിരക്കുന്ന ഈ ടീം മൂന്നരപ്പതിറ്റാണ്ടിന്‍െറ ഇടവേളക്കുശേഷം ഒളിമ്പിക്സ് പതക്കം നാട്ടിലത്തെിക്കുമെന്ന കാത്തിരിപ്പിലാണ് ഒരു രാജ്യം മുഴുവന്‍. ഒപ്പം നിറഞ്ഞ പ്രാര്‍ഥനകളിലും. ലണ്ടനില്‍ 12ാം സ്ഥാനവുമായി തലകുനിച്ച് മടങ്ങിയ ടീമിന് റിയോയില്‍ മെഡലിലേക്ക് ദൂരമേറെയുണ്ടങ്കിലും സമീപകാല മികവ് നല്‍കുന്ന പ്രതീക്ഷകള്‍ ഒട്ടും ചെറുതല്ല. റാങ്കിങ്ങില്‍ അഞ്ചാമതത്തെി നില്‍ക്കുമ്പോഴും ആസ്ടേലിയയും ജര്‍മനിയും നെതര്‍ലന്‍ഡ്സും ബ്രിട്ടനുമൊക്കെ കരുത്തില്‍ ഇന്ത്യക്ക് മുന്നിലാണ്. എന്നാല്‍, യുവത്വവും പരിചയസമ്പത്തും സമന്വയിച്ച ശ്രീജേഷിന്‍െറ സംഘത്തിന്‍െറ അടങ്ങാത്ത പോരാട്ടവീര്യമാണ് റിയോയില്‍ മുന്നോട്ടേക്കുള്ള പ്രയാണത്തിന് കരുത്തുപകരുക. ചരിത്രത്തിലാദ്യമായി ചാമ്പ്യന്‍സ് ട്രോഫിയില്‍ വെള്ളിമെഡല്‍ നേടിയ ആത്മവിശ്വാസംകൂടി കൂട്ടിനുള്ളപ്പോള്‍ മെഡലിലേക്ക് ചിറകടിച്ചുയുര്‍ന്നാല്‍ അതൊരു അദ്ഭുതമാവില്ല.

ചരിത്രത്തിന്‍െറ പഴമ്പുരാണങ്ങളാണ് ഒളിമ്പിക്സ് ഹോക്കിയിലെ ഇന്ത്യയുടെ കണക്കെടുപ്പ്. എട്ടു സ്വര്‍ണവും രണ്ടു വെങ്കലവും. 1928 മുതല്‍ 1956 വരെ തുടര്‍ച്ചയായ ആറു സ്വര്‍ണം. 1960ല്‍ റോമില്‍ പാകിസ്താനു മുന്നില്‍ ആദ്യമായി അടിയറവെച്ച സ്വര്‍ണം തൊട്ടടുത്ത തവണ ടോക്യോയില്‍ വീണ്ടെടുത്തെങ്കിലും അടുത്ത രണ്ടു തവണയും വെങ്കലത്തിലൊതുങ്ങി. ലോകഹോക്കിയില്‍ ധ്യാന്‍ചന്ദിന്‍െറ നാട്ടുകാരുടെ അപ്രമാദിത്വത്തിന് ഇളക്കം തട്ടിത്തുടങ്ങിയതോടെ 1976ലെ മോണ്‍ട്രിയല്‍ ഒളിമ്പിക്സില്‍ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 1980ലെ മോസ്കോ ഒളിമ്പിക്സില്‍ വാസുദേവന്‍ ഭാസ്കരന്‍െറ നായകത്വത്തില്‍ ഹോക്കി സ്വര്‍ണം വീണ്ടും മാറോടണച്ചെങ്കിലും ആ നേട്ടത്തിന് തിളക്കം കുറവായിരുന്നു. അമേരിക്കന്‍ ചേരിയുടെ ബഹിഷ്കരണത്തിന്‍െറ പശ്ചാത്തലത്തില്‍ ശക്തരായ എതിരാളികളുടെ അഭാവത്തിലായിരുന്നു നേട്ടം. പിന്നീടിങ്ങോട്ട് മെഡലിന്‍െറ നാലയലത്തുപോലും എത്താനാവാതെ നാണക്കേടിന്‍െറ പടുകുഴിയിലേക്ക് എടുത്തെറിയപ്പെടുകയായിരുന്നു ടീം ഇന്ത്യ. 2008ലെ ബെയ്ജിങ് ഒളിമ്പിക്സില്‍ യോഗ്യത നേടാന്‍പോലും കഴിയാതെ ഗതികെട്ട ടീം യോഗ്യതാ റൗണ്ട് കടന്ന് ലണ്ടനിലത്തെി നേടിയത് ഏറ്റവും പിറകിലൊരിടം.കാലത്തിന്‍െറ ഗതിവിഗതികളില്‍ സുവര്‍ണ ചരിത്രത്തിലേക്കുള്ള തിരിച്ചുപോക്കിന്‍െറ വഴിയിലാണ് ഇന്ത്യ. ഗ്വാങ്ചോ ഏഷ്യന്‍ ഗെയിംസില്‍ ചിരവൈരികളായ പാകിസ്താനെ തോല്‍പിച്ച് സ്വര്‍ണം നേടി ആദ്യം തന്നെ റിയോയിലേക്ക് ടിക്കറ്റ് ഉറപ്പിച്ചു. വിദേശ പരിശീലകരുടെ ശിക്ഷണത്തില്‍ നാളെയുടെ താരങ്ങളെ കണ്ടത്തി ടീം വാര്‍ത്തെടുത്തു. സമീപകാല ചരിത്രത്തില്‍ ശ്രദ്ധേയമായ നേട്ടങ്ങളിലൂടെ നിലയുറപ്പിച്ച ടീം റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനത്തേക്കുയരുകയും ചെയ്തു.

ഏഷ്യാഡ് സ്വര്‍ണത്തിനു പിന്നാലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളിയും ലോക ഹോക്കി ലീഗില്‍ വെങ്കലവും നേടിയാണ് ലോകത്തിലെ മികച്ച ആറു ടീമുകള്‍ പങ്കെടുത്ത ചാമ്പ്യന്‍സ് ട്രോഫിയില്‍ ആസ്ട്രേലിയക്കു പിന്നില്‍ വെള്ളി നേടിയത്. അന്ന് ടീമില്‍ വിശ്രമം അനുവദിച്ച സര്‍ദാര്‍ സിങ്ങിന് പകരം ഇന്ത്യയെ നയിച്ച ശ്രീജേഷിന് ഒളിമ്പിക്സില്‍ സര്‍ദാറിന്‍െറ സാന്നിധ്യത്തിലും നായകപട്ടം നല്‍കിയത് ചാമ്പ്യന്‍സ് ട്രോഫിയിലെ മികവായിരുന്നു. യുവരക്തങ്ങളുടെ ഈ നിര അവസാനം വരെ പോരാടുമെന്ന ശ്രീജേഷിന്‍െറ നിശ്ചയദാര്‍ഢ്യമാണ് അന്നവിടെ പ്രാവര്‍ത്തികമായതെങ്കില്‍ അതേ മനസ്സുമായാണ് റിയോയിലും കളത്തിലിറങ്ങുക. വിദേശിയായ കോച്ച് ഓള്‍ട്ട്മാന്‍സ് ഒരുക്കുന്ന തന്ത്രങ്ങള്‍ ടീമിന് ഏറെ പ്രയോജനപ്രദമാണ്.

മെഡലെന്ന ലക്ഷ്യത്തിലേക്ക് ഉന്നമിടുമ്പോഴും ആദ്യ കടമ്പ ആദ്യറൗണ്ട് പിന്നിടുകയാണ്. ജര്‍മനിയും നെതര്‍ലന്‍ഡ്സുമാണ് ഗ്രൂപ്പിലെ  പ്രധാന പ്രതിയോഗികള്‍. അടുത്ത കാലത്ത് ഒന്നിലേറെ തവണ ഈ ടീമുകളെ തോല്‍പിക്കാനായത് പ്രകടനത്തിന് ബലമേകേണ്ടതാണ്. പക്ഷേ, ഒളിമ്പിക്സിന്‍െറ സമ്മര്‍ദങ്ങളെ അതിജയിക്കുകയാണ് അതിലുമേറെ പ്രധാനം. റിയോയിലേക്കുള്ള വഴിയില്‍ മഡ്രിഡില്‍ ചെന്നു കളിച്ച ആദ്യ രണ്ടു പരിശീലന മത്സരങ്ങളില്‍ പത്താം റാങ്കുകാരായ സ്പെയിനിനോട് തോറ്റത് ഇത്തരമൊരു സൂചനയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. പക്ഷേ, റിയോയില്‍ യഥാര്‍ഥ പോരിനുമുമ്പ് സ്പെയിനിനോട് കണക്കുതീര്‍ത്ത് ടീം ഇന്ത്യ പ്രതീക്ഷകളിലേക്ക് വീണ്ടും ഊളിയിട്ടിരിക്കുന്നു. വന്‍ സ്രാവുകള്‍ക്കിടയില്‍ ഇടംനേടിയ അര്‍ജന്‍റീനയാണ് ഗ്രൂപ്പിലെ മറ്റൊരു പ്രധാന വെല്ലുവിളി. പ്രധാന ടൂര്‍ണമെന്‍റുകളില്‍ ഏറ്റുമുട്ടുമ്പോഴൊക്കെ ഇന്ത്യയുടെ വഴിമുടക്കികളായി അവര്‍ നിലകൊണ്ടിട്ടുണ്ട്. ഇന്ന് പതിവിലും കൂടുതല്‍ കരുത്താര്‍ജിച്ചതോടെ ഇന്ത്യക്ക് അര്‍ജന്‍റീനയും എളുപ്പമുള്ള എതിരാളികളാവില്ല. ആദ്യ മത്സരത്തില്‍ താരതമ്യേന ദുര്‍ബലരായ അയര്‍ലന്‍ഡിനെ നേരിടാന്‍ കഴിയുന്നത് നല്ല തുടക്കമിടാന്‍ ഉപകാരപ്പെടും. തുടക്കം പിഴച്ചാല്‍ പിന്നെ എല്ലാം തഥൈവ. കാനഡയാണ് ഗ്രൂപ്പിലെ മറ്റൊരു ടീം. ഗ്രൂപ്പിലെ ആദ്യ നാലു സ്ഥാനക്കാര്‍ ക്വാര്‍ട്ടറില്‍ ഇടംനേടുമെന്നിരിക്കെ നോക്കൗട്ടിലാവും യഥാര്‍ഥ പോരാട്ടങ്ങള്‍. ഗ്രൂപ്പില്‍ മുന്നിലത്തെി എതിര്‍ഗ്രൂപ്പിലെ ദുര്‍ബലര്‍ക്കെതിരെ ക്വാര്‍ട്ടറില്‍ കളിക്കാനായാല്‍ കാര്യങ്ങള്‍ വഴിക്കുവരുമെന്നു തന്നെയാണ് കരുതേണ്ടത്. ആസ്ട്രേലിയ, ബ്രിട്ടന്‍, ബെല്‍ജിയം, ന്യൂസിലന്‍ഡ്, സ്പെയിന്‍, ആതിഥേയരായ ബ്രസീല്‍ എന്നിവരാണ് മറു ഗ്രൂപ്പില്‍ മാറ്റുരക്കുന്നത്.

ഹോക്കിക്ക് ഒട്ടും വേരോട്ടമില്ലാത്ത മണ്ണില്‍നിന്ന് വലിയ സ്വപ്നങ്ങള്‍ നെയ്ത് രാജ്യത്തിന്‍െറ നെടുനായകത്വം വഹിക്കും വരെ വളര്‍ന്ന ശ്രീജേഷ്  പ്രതീക്ഷയിലാണ്. ഓരോ മത്സരവും ജീവന്മരണ പോരാട്ടമാണെന്ന് കഴിഞ്ഞ 10 വര്‍ഷമായി ടീമിന്‍െറ അവിഭാജ്യഘടകമായ ഈ മലയാളി പറയുന്നു. ഒരു നാടിന്‍െറ മോഹങ്ങള്‍ മുഴുവന്‍ നെഞ്ചേറ്റിയാണ് റിയോയില്‍ കളിക്കുക. മെഡല്‍ തന്നെയാണ് ലക്ഷ്യം. പക്ഷേ, എതിരാളികളാരും ചില്ലറക്കാരല്ല -റിയോയിലേക്ക് തിരിക്കുംമുമ്പ് ശ്രീജേഷ് പറഞ്ഞു. സന്തുലിതമാണ് ഈ ടീം. പോരായ്മകള്‍ തിരുത്തിയാവും ഓരോ മത്സരത്തിനും തയാറെടുക്കുക. പെനാല്‍റ്റി കോര്‍ണറുകള്‍ മുതലെടുക്കുന്നതിലും തടയുന്നതിലും വിജയിച്ചാല്‍ ലക്ഷ്യത്തിലേക്ക് പകുതിദൂരം എളുപ്പമാവുമെന്ന് നായകത്വത്തിന്‍െറ ഭാരം ഒട്ടുമില്ലാത്ത മലയാളത്തിന്‍െറ ശ്രീ വിശ്വസിക്കുന്നു. മലയാളത്തിന്‍െറ അയല്‍പക്കമായ കുടകിലെ നാലു താരങ്ങള്‍ കൂടി സ്റ്റിക്കേന്തുന്ന ടീം  പരസ്പരധാരണയിലും ഒത്തിണക്കത്തിലും ഏറെ മുന്നിലാണ്. അതുകൊണ്ടുതന്നെയാണ് ഈ ടീമില്‍ നൂറുകോടി ജനത വിശ്വാസമര്‍പ്പിക്കുന്നതും.

 

Show Full Article
TAGS:rio 2016 
Next Story