കളി അങ്ങ് റഷ്യയിൽ, ആരവം ഇവിടെ
text_fieldsമലപ്പുറം: ‘ഇര തേടി ഇറങ്ങിയ വേടെൻറ ഉന്നവും സ്വന്തം കോട്ട തകർക്കാൻ വരുന്നവനെ തുരത്തുന്ന കാവൽ ഭടെൻറ ശൗര്യവും വിജയ തന്ത്രങ്ങളുടെ തമ്പുരാൻ ആശാൻ ടിറ്റെയുമുള്ളപ്പോൾ റഷ്യൻ മണ്ണിലെ കനക കിരീടത്തിനായി ഒരുത്തനും കച്ചകെട്ടി ഇറങ്ങണമെന്നില്ല’. ‘ഒരു ജനതയുടെ മുഴുവൻ ആവേശവും ആ ഇടംകാലിൽ ആവാഹിച്ച് ലോക ഫുട്ബാളിെൻറ താര തമ്പുരാൻ മെസ്സിയുടെ ചിറകിലേറി റഷ്യൻ കളിക്കളങ്ങൾ അടക്കി ഭരിക്കാൻ അവർ വരുന്നു’.
കോഴിക്കോട്-പാലക്കാട് ഹൈവേയിൽ മലപ്പുറം പനങ്ങാങ്ങരയിലെ ബസ്സ്റ്റോപ്പിന് സമീപം ലോകകപ്പ് ഫുട്ബാളിന് മുന്നോടിയായി ബ്രസീൽ, അർജൻറീന ആരാധകർ ഉയർത്തിയ കൂറ്റൻ ഫ്ലക്സിലെ വാക്കുകളാണിത്. കാൽപന്തുകളിയുടെ പെരുങ്കളിയാട്ടമായ ലോകകപ്പ് അരങ്ങേറുന്നത് അങ്ങ് ദൂരെ റഷ്യയിലാണ്. ചുവപ്പൻ മൈതാനങ്ങളിൽ ആർപ്പുവിളിയും മേളങ്ങളുമുയരാൻ ഇനി ദിവസങ്ങൾ മാത്രം. കളിയാരവങ്ങളിലേക്ക് ലോകം പതിയെ ഉണരുന്നേയുള്ളൂ. എന്നാൽ, ഭൂലോകത്തിെൻറ ഇങ്ങേ തലക്കൽ ചെറുകീറുപോലെ കിടക്കുന്ന കേരള നാട്ടിൽ മലബാർ എന്ന ദേശത്ത് പ്രത്യേകിച്ച് മലപ്പുറത്ത് ആരവം ഇപ്പോഴേ തുടങ്ങി കഴിഞ്ഞു. തെരുവോരങ്ങൾ ബ്രസീൽ, അർജൻറീന, സ്പെയിൻ, ജർമനി, ഇംഗ്ലണ്ട് തുടങ്ങിയ ടീമുകളുടെ പതാകയും ജഴ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി, നെയ്മർ എന്നീ വിശ്വ താരങ്ങളുടെ കട്ടൗട്ടുകളുമൊക്കെയായി നിറം പിടിച്ചു തുടങ്ങിയിരിക്കുന്നു. സ്വന്തം രാജ്യം വിശ്വമേളയിൽ പന്തുതട്ടുന്നത് വിദൂര സ്വപ്നത്തിൽ പോലുമില്ലെങ്കിലും കാൽപന്തുകളിയുടെ ആവേശം സിരകളിലോടുന്നവർക്ക് നെഞ്ചിലേറ്റാൻ ഇഷ്ട ടീമുകളുണ്ട്. ഹൃദയതാളത്തിനൊപ്പം അവർ കൊണ്ടുനടക്കുന്ന താരങ്ങളുണ്ട്.
പാതിരാവിലും കനത്ത മഴയിലും ലോക താരങ്ങൾ മൈതാനത്തിെൻറ നടുമുറ്റങ്ങളിൽ വെടിച്ചില്ലുപോലെ എതിർ വല ലക്ഷ്യമാക്കി പായുേമ്പാൾ കൈയടിച്ചും എഴുന്നേറ്റു നിന്നും അവസരം നഷ്ടമാകുേമ്പാൾ തലയിൽ കൈ വെച്ചുമൊക്കെ പ്രോത്സാഹിപ്പിക്കാൻ ടി.വി സെറ്റുകൾക്ക് മുന്നിൽ ഉറക്കമിളച്ച് അവരുണ്ടാകും. ഒാരോ കവലകളിലും വീട്ടകങ്ങളിലും പ്രത്യേകം തയാറാക്കിയ വലിയ സ്ക്രീനുകൾക്ക് മുന്നിലുമൊക്കെ മത്സരത്തിെൻറ വീറും വാശിയും ഏറ്റുവാങ്ങി സ്വന്തം ടീമുകളെ പിന്തുണച്ച് ആർപ്പുവിളിക്കാൻ ഇത്തവണയും ആരാധക കൂട്ടമുണ്ടാകും. അവരുടെ മുന്നിൽ നടക്കുന്നത് മലപ്പുറത്തെ കാൽപന്തുകളി പ്രേമികളുമായിരിക്കും.