കളം നിറയാൻ കർത്താഗെയിലെ കഴുകന്മാർ
text_fieldsജർമൻ ദേശീയ ടീമിലെ പ്രമുഖനായ സമി െഖദീരയുടെ അനിയനാണ് റണി ഖെദീര. 60കളിൽ തുനീഷ്യയിൽനിന്ന് ജർമനിയിൽ അഭയാർഥിയായെത്തിയ ലസ്ഹർ ഖെദീരയുടെ മക്കളാണ് ഇരുവരും. ജനിച്ചത് സ്റ്റുട്ട്ഗർട്ട് നഗരത്തിൽ ആയതുകൊണ്ട് ഇരുവരും ജർമൻകാരാണ്. എന്നാൽ, ഫുട്ബാൾ കളിക്കുന്നത് ഈ രണ്ടു രാജ്യങ്ങളിൽ ഏതിനുവേണ്ടി ആകണമെന്ന് അവർക്കു തീരുമാനിക്കാനാകും. അങ്ങനെ ബാല്യത്തിലെ ജർമൻ ടീമുകൾക്ക് വേണ്ടി കളിച്ച സമി അവരുടെ യുവ ടീമിെൻറ നായകനായി യൂറോപ്യൻ കപ്പ് വിജയിച്ചു. ദേശീയ ടീമിൽ അംഗമായി ലോകകപ്പും നേടി. അനിയൻ ജൂനിയർ ടീമിൽ മാത്രം കളിച്ചിരുന്നു. അപ്പോഴാണ് തുനീഷ്യ റഷ്യൻ ലോകകപ്പിന് യോഗ്യത നേടിയതും അനിയൻ ഖെദീരക്ക് അവരുടെ ദേശീയ ടീമിൽ ഇടമുണ്ടെന്ന് അറിയിപ്പ് ലഭിക്കുന്നതും. ഏതൊരു കളിക്കാരെൻറയും മോഹമാണ് ഒരു ലോകകപ്പിന് കളിക്കുക എന്നത്. അപ്പോഴാണ് കോച്ച് ഖെദീരക്ക് അങ്ങനെയൊരു അസുലഭാവസരം വീണുകിട്ടിയത്.
പിതാവിെൻറ രാജ്യത്തിന് കളിക്കാൻ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു എന്നതിനുള്ള അറിയിപ്പ് കൈയിൽ കിട്ടിയപ്പോൾ അവരുടെ ഫുട്ബാൾ സമിതി അധ്യക്ഷന് രണ്ടുവരിയുള്ള ഒരു സന്ദേശം റണി അയച്ചു. അത് ഇങ്ങനെ ആയിരുന്നു: ‘‘എെൻറ പിതാവിെൻറ രാജ്യത്തിനുവേണ്ടി ലോകകപ്പ് കളിക്കാൻ തിരഞ്ഞെടുക്കപ്പെട്ടതിൽ ഞാൻ അഭിമാനിക്കുന്നു. എന്നാൽ, ഖേദപൂർവം എനിക്കത് നിരസിക്കേണ്ടിവരുന്നു. കാരണം, എനിക്ക് യോഗ്യത മത്സരങ്ങളിൽ കളിക്കാൻ കഴിഞ്ഞിരുന്നില്ല. അതിൽ പങ്കെടുത്ത് ദേശത്തിന് ഖ്യാതി ഉണ്ടാക്കിത്തന്ന ഒരാൾക്കുള്ള അവസരം ഇല്ലാതാക്കിക്കൊണ്ടുവേണം എനിക്ക് തുനീഷ്യയുടെ കുപ്പായം അണിയാൻ. അതിന് എെൻറ മനസ്സ് അനുവദിക്കുന്നില്ല’’. ഫുട്ബാളിെൻറ നല്ല മനസ്സാണ് ഇവിടെ കണ്ടത്.
കർത്താഗോയിലെ കഴുകന്മാർ എന്ന് വിളിപ്പേരുള്ള തുനീഷ്യ ആഫ്രിക്കൻ യോഗ്യത റൗണ്ടിൽ ഒരു മത്സരവും കീഴടങ്ങാതെയാണ് റഷ്യയിൽ എത്തുന്നത്. മോറിത്താനിയക്കെതിരെയുള്ള രണ്ടു മത്സരങ്ങളും 2-1ന് വിജയിച്ച അവർ ഗിനിയെയും കോംഗോയെയും വ്യക്തമായ മാർജിനിൽ മറികടന്നാണ് അഞ്ചാംവട്ടം യോഗ്യത ഉറപ്പിച്ചത്. ഖത്തറിലെ അൽ ദൂഹാലിക്ക് കളിക്കുന്ന 27കാരനായ യൂസുഫ് മാസ്കീനിയായിരുന്നു യോഗ്യത മത്സരങ്ങളിൽ അവരുടെ തുറുപ്പുശീട്ട്. ഗിനിക്കെതിരെയുള്ള ഹാട്രിക്കും മറ്റു മത്സരങ്ങളിലെ ഗോളുകളും യൂസുഫിനെ ദേശീയ ഹീറോയാക്കി മാറ്റി. റഷ്യൻ ലോകകപ്പിലെ അവരുടെ പ്രകടനങ്ങൾ ഈ അതുല്യ മുന്നേറ്റക്കാരെൻറ ഗോളടിമികവിനെ ആശ്രയിച്ചാകും. യൂസുഫിന് പിന്തുണയുമായി അവരുടെ ഭാവി വാഗ്ദാനമായ നയീം സിലിറ്റിയും മധ്യനിരക്കാരൻ വഹാബി ഖാസീറിയും ആണുള്ളത്. അയ്മൻ അബ്ദുന്നൂർ നയിക്കുന്ന പ്രതിരോധനിര ശക്തമാണ്. യുവ താരം മാലയൂൾ സയീദ്, ഫ്രഞ്ച് പൗരത്വമുള്ള ഇല്യാസ് ഷക്കീറി, യാസീൻ മെറിയാ എന്നിവരായിരിക്കും നൂറിനൊപ്പം.
യോഗ്യത മത്സരങ്ങളിലെ അജയ്യത അതേപോലെ സന്നാഹമത്സരങ്ങളിലും ആവർത്തിച്ചത് അവരുടെ കോച്ച് നബീൽ മലൗലിെൻറ തന്ത്രങ്ങൾ കൊണ്ടുതന്നെയാണ്. പരീക്ഷണാടിസ്ഥാനത്തിൽ നിരവധി പുതിയ കളിക്കാർക്ക് അവസരം നൽകിയ അദ്ദേഹം 2006നുശേഷമുള്ള ഏറ്റവും ശക്തമായ തുനീഷ്യൻ ടീമിനെയാണ് റഷ്യയിലേക്ക് സജ്ജമാക്കിയിരിക്കുന്നത്. ഒന്നാം നമ്പർ ഗോളിയായി 11 വർഷം നിലയുറപ്പിച്ചിരുന്ന അയ്മൻ മതലയത്തിയെ മാറ്റിനിർത്തി 22കാരനായ മയസ് ബെൻ ഷെറീഫക്ക് അവസരം നൽകിയത് തുനീഷ്യൻ അധികൃതരെപ്പോലും വിസ്മയിപ്പിച്ചുകൊണ്ടായിരുന്നു.
2006ലെ ജർമൻ ലോകകപ്പിന് ശേഷം ആദ്യമായി തുനീഷ്യയെ ലോകകപ്പിലേക്ക് നയിച്ച നബീൽ ഇത്തവണ ചരിത്രത്തിൽ ആദ്യമായി കർത്താഗെയിലെ കഴുകന്മാരെ ക്വാർട്ടർ വരെ എങ്കിലും എത്തിക്കും എന്നാണ് ആഫ്രിക്കൻ വൻകരയിലെ ഫുട്ബാൾ പണ്ഡിറ്റുകൾ കരുതുന്നത്. എന്നാൽ, റഷ്യയിൽ ഒരേ ഗ്രൂപ്പിലുള്ളത് ഗതിവേഗത്തിെൻറ കളിയുമായിട്ടെത്തുന്ന ബെൽജിയവും വിസ്മയ ടീം ആയ പാനമയും പിന്നെ സാക്ഷാൽ ഇംഗ്ലണ്ടും ആണ് എന്നത് അവരുടെ മോഹങ്ങൾക്ക് പരിധികളുണ്ടാക്കും. ബെൽജിയവുമായി ഇതുവരെ അവർ കളിച്ച മത്സരങ്ങളിൽ ഓരോ വിജയവും ഓരോ സമനിലയും ആയിരുന്നു. ഇംഗ്ലണ്ടിനെതിരായ രണ്ടു മത്സരങ്ങളിൽ ഒരു പരാജയവും ഒരു സമനിലയും. പാനമയുമായി ഇതുവരെ കളിച്ചിട്ടില്ല. സന്തുലിതമായ ടീം ആണ് അവരുടേതെങ്കിലും ഒപ്പമുള്ള ബെൽജിയവും ഇംഗ്ലണ്ടും റാങ്കിങ്ങിൽ മുന്നിലാണ്.
പ്രവചനം: കാര്യമായ അട്ടിമറികൾ ഒന്നും സംഭവിച്ചില്ലെങ്കിൽ ഗ്രൂപ് ജിയിൽനിന്ന് അടുത്ത റൗണ്ടിലെത്തുന്നത് ബെൽജിയവും ഇംഗ്ലണ്ടും ആയിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
