മിലാൻ: ബ്രസീലും അർജൻറീനയും കഴിഞ്ഞാൽ ലോക ഫുട്ബാളിൽ ആരാധകരേറെയുള്ള സംഘമാണ് ഇറ്റലി. ലൂയി റിവ മുതൽ പൗലോ മാൾഡീനി, റോസി, ബാജിയോ, ടോട്ടി തുടങ്ങിയ ഇതിഹാസങ്ങളുടെ കളികണ്ട് അസൂറിപ്പടയുടെ ഇഷ്ടക്കാരായ അനവധി പേരുണ്ട് ലോകത്ത്. അടങ്ങാത്ത ആ ആവേശവും അടുപ്പവും ഇഴപൊട്ടാതിരിക്കാൻ ജിയാൻലൂയിജി ബുഫൺ പോെലാരു കണ്ണി എന്നുമുണ്ടാവും. അതാണ് ലോകകപ്പിെൻറ കാവ്യനീതി.
ഒാരോ ഫുട്ബാൾ ആരാധകനും കൊതിക്കുന്നത് ഇതെല്ലാമാണെങ്കിലും 2018 റഷ്യ ലോകകപ്പിൽ ഇറ്റലിയുണ്ടാവുമോയെന്ന് തിങ്കളാഴ്ച അറിയാം. നാലുതവണ ലോകകപ്പുയർത്തിയ അസൂറിപ്പടയുടെ റഷ്യൻ ഭാവി ൈകയാലപ്പുറത്താണിപ്പോൾ.
യൂറോപ്യൻ യോഗ്യതാ റൗണ്ടിൽ ‘സി’ ഗ്രൂപ്പിൽ രണ്ടാമതായ ഇറ്റലിക്ക് േപ്ലഒാഫായിരുന്നു പ്രതീക്ഷ. പക്ഷേ, വെള്ളിയാഴ്ച രാത്രിയിൽ സ്വീഡനിൽ നടന്ന ആദ്യ പോരാട്ടത്തിൽ ഇരുട്ടടിയേറ്റു.
മുഴുസമയം ഗംഭീരമായി കളിച്ചത് ബുഫണിെൻറ കുട്ടികളാണെങ്കിലും അടിച്ച ഒരു ഗോളിൽ സ്വീഡൻ തിരക്കഥ മാറ്റിയെഴുതി. 61ാം മിനിറ്റിൽ ജേകബ് ജൊഹാൻസൺ നേടിയ ഗോളിന് മറുപടി നൽകാൻ ഇറ്റലിക്കായില്ല. തിങ്കളാഴ്ച രാത്രി ഇന്ത്യൻ സമയം രണ്ട് മണിക്ക് നടക്കുന്ന മടക്ക പോരാട്ടത്തിൽ കടം വീട്ടിയില്ലെങ്കിൽ 1958ന് ശേഷം ആദ്യമായി ഇറ്റലിയില്ലാത്ത ലോകകപ്പിന് പന്തുരുളും.
അന്ന് സ്വീഡനിലായിരുന്നു അസൂറികളില്ലാത്ത ടൂർണമെെൻറങ്കിൽ ഇന്ന് അതേ സ്വീഡൻ തന്നെയാണ് വഴിമുടക്കാൻ കാത്തിരിക്കുന്നത്. സമ്മർദങ്ങൾക്കിടയിലും ബുഫണിെൻറ വാക്കുകളിൽ വിശ്വസിക്കാം. ‘‘ഇത് 180 മിനിറ്റുള്ള കളിയാണ്. ആദ്യ പോരാട്ടത്തിൽ ഞങ്ങൾ കളിച്ചെങ്കിലും ഗോൾ പിറന്നില്ല. അടുത്ത ഘട്ടം ഗോളടിച്ച് ലക്ഷ്യം നേടും. ഇറ്റലിയുടെ ഗാഥ 2018ലും തുടരും’’ -ബുഫൺ പറഞ്ഞു.