ലണ്ടന്‍: യൂറോപ്യന്‍ മേഖലയില്‍ ലോകകപ്പ് ഫുട്ബാള്‍ യോഗ്യതാമത്സരങ്ങളിൽ വമ്പന്മാർക്ക് ജയം. നിലവിലെ ജേതാക്കളായ ജര്‍മനിയും മുന്‍ ജേതാക്കളായ ഫ്രാന്‍സും ഇംഗ്ളണ്ടുമടക്കമുള്ളവർ വിജയമറിഞ്ഞു.
സ്വന്തം തട്ടകമായ ബെല്‍ഫാസ്റ്റില്‍ ഐറിഷ്പട അസര്‍ബൈജാനെ 4-0ത്തിന് തോൽപിച്ചു. അയല്‍വാസികളായ സ്കോട്ലന്‍ഡിനെ ഇംഗ്ളണ്ട് 3-0ത്തിനും ജര്‍മനി കുഞ്ഞന്‍ ടീമായ സാന്‍മാരിനോയെ 8-0ത്തിനും തോൽപിച്ചു. കരുത്തരായ സ്വീഡനെ ഫ്രാന്‍സ് 2-1ന് തോൽപിച്ചു. ഗ്രൂപ് എയില്‍ ഫ്രാന്‍സും സ്വീഡനും ഒറ്റക്ക് മുന്നേറാനുള്ള നിര്‍ണായകപോരാട്ടത്തിലായിരുന്നു. വരുംദിവസങ്ങളില്‍ ഇറ്റലിക്കും സ്പെയിനിനും പോര്‍ചുഗലിനും മത്സരമുണ്ട്.