ഇനി ജയിച്ചവർ മാത്രം
text_fieldsസോച്ചി: തോൽവിയറിയാത്ത രണ്ട് സംഘങ്ങളാണ് സോചിയിയെ ഫിഷ്ത് ഒളിമ്പിക് സ്റ്റേഡിയത്തിൽ നേർക്കുനേർ അങ്കത്തിന് കോപ്പുകൂട്ടുന്നത്. മഡ്രിഡ് പോരാട്ടം എന്നും പോർചുഗൽ-ഉറുഗ്വായ് പോരാട്ടത്തെ വിശേഷിപ്പിക്കാം. റയൽ മഡ്രിഡിെൻറ കുന്തമുനയായ ക്രിസ്റ്റ്യനോ റൊണാൾഡോയെ തടയാൻ അത്ലറ്റികോ മഡ്രിഡിെൻറ പ്രതിരോധ ശക്തിദുർഗങ്ങളായ ഡീഗോ ഗോഡിനും ജോസ് ഗിമാനസും. ലാലിഗയിൽ പലതവണ മുഖാമുഖം ഏറ്റുമുട്ടിയിട്ടുള്ള ഇവരുടെ അങ്കം പൊടിപാറും.
മൂന്ന് കളികളിൽ ഒരു ഗോൾ വഴങ്ങാത്ത പ്രതിരോധമാണ് ഉറുഗ്വായുടേത്. ഇത് റൊണാൾഡോയും സംഘവും എങ്ങനെ ഭേദിക്കുന്നു എന്നതാവും പോർചുഗലിെൻറ ഭാവി നിർണയിക്കുക. റൊണാൾഡോയെ പൂട്ടിയാൽ പോർചുഗലിെന തളക്കാം എന്നാണ് ലോകകപ്പിലെ ഇതുവരെയുള്ള മത്സരങ്ങൾ നൽകുന്ന സൂചന. ടീം നേടിയ അഞ്ചിൽ നാലു ഗോളുകളും റൊണാൾഡോയുടെ വകയായിരുന്നു.
മുൻനിരയിൽ റൊണാൾഡോക്ക് ഒപ്പമിറങ്ങാനിടയുള്ള ആന്ദ്രെ സിൽവയും രണ്ടു മത്സരങ്ങൾ കളിച്ച ഗോൺസാലോ ഗ്വഡസും ഫോമിലായിട്ടില്ല. മധ്യനിരയിൽ ജാവോ മൗടീന്യോ തിരിച്ചെത്തുന്നതും ആദ്യമായി ഇറങ്ങിയ കളിയിൽ തന്നെ ഗോളടിച്ച റിക്കാർഡോ ക്വറസ്മയുടെ ഫോമും കോച്ച് ഫെർണാണ്ടോ സാേൻറാസിന് പ്രതീക്ഷയേകുന്നു. വില്യം കാർവാലോയും ജാവോ മാരിേയായുമാവും ഇവർക്ക് കൂട്ട്. നാലു ഗോൾ വഴങ്ങിയ പ്രതിരോധവും ആശങ്കയുണർത്തുന്നതാണ്. ഗോൾകീപ്പർ റുയി പട്രീഷ്യോയുടെ ഫോമാണ് പലപ്പോഴും ടീമിെൻറ രക്ഷക്കെത്തുന്നത്. പെപെയും ജോസ് ഫോണ്ടെയും സെഡ്രിക് സോറസും റാഫേൽ ഗരീറോയുമടങ്ങുന്ന പ്രതിരോധനിരക്ക് ലൂയി സുവാരസിനും എഡിൻസൺ കവാനിക്കുമെതിരെ പിടിപ്പത് പണിയുണ്ടാവും.
ഉറുഗ്വായ് മൂന്ന് കളികളും ജയിച്ച് പരമാവധി പോയൻറായ ഒമ്പതും സ്വന്തമാക്കിയാണ് ആദ്യ റൗണ്ട് പിന്നിട്ടത്. എന്നാൽ, അത്രക്ക് ആധികാരികമായിരുന്നില്ല അവരുടെ കളിയും ജയങ്ങളും. ഇൗജിപ്തിനും സൗദിക്കുമെതിരെ ഒരു ഗോളിന് മാത്രമാണ് ജയിക്കാനായത്. രണ്ടു ഗോളുമായി സുവാരസും ഒരു ഗോളുമായി കവാനിയും ഫോം കണ്ടെത്തിയതാണ് കോച്ച് ഒാസ്കാർ ടബാരസിന് ആശ്വാസം പകരുന്നത്. മധ്യനിരയിൽ മികച്ച കളി കെട്ടഴിക്കുന്ന റോഡ്രീഗോ ബെൻറാകൂർ ആണ് ടീമിെൻറ കളി നിയന്ത്രിക്കുന്നത്. ലൂകാസ് ടൊറീറ, മത്യാസ് വെസിനോ, നഹിതാൻ നാൻഡസ് എന്നിവരാണ് മധ്യനിരയിൽ ബെൻറാകൂറിന് കൂട്ട്. വിങ് ബാക്കുകളായി മാർട്ടിൻ സെസാറസും ഡീഗോ ലക്സാൽറ്റും ഇറങ്ങും. ഗോൾവലക്ക് മുന്നിൽ പതിവുപോലെ ഫെർണാണ്ടോ മുസ്ലേരയുണ്ടാവും.
അർജൻറീനxഫ്രാൻസ്
കസാൻ: പുറത്താകലിെൻറ വക്കിൽനിന്ന് അത്ഭുതകരമായ തിരിച്ചുവരവുമായി ഉയിർത്തെഴുന്നേറ്റ അർജൻറീനയും തങ്ങളുടെ കരുത്തിെൻറ പകുതിപോലും പുറത്തെടുക്കാതിരുന്നിട്ടും അനായാസം ഗ്രൂപ് റൗണ്ട് പിന്നിട്ട ഫ്രാൻസും കൊമ്പുകോർക്കുേമ്പാൾ കസാൻ അറീനയിൽ നടക്കുന്ന ആദ്യ പ്രീക്വാർട്ടർ മത്സരത്തിൽ ആവേശം നിറയും.
ഗ്രൂപ് സി ചാമ്പ്യന്മാരായാണ് ഫ്രാൻസിെൻറ നോക്കൗട്ട് പ്രവേശനം. ഡെന്മാർക്കും പെറുവും ആസ്ട്രേലിയയുമുൾപ്പെട്ട ഗ്രൂപ്പിൽനിന്ന് അനായാസമായിരുന്നു ദിദിയർ ദെഷാംപ്സിെൻറ ടീമിെൻറ മുന്നേറ്റം. രണ്ടു വിജയവും ഒരു സമനിലയുമടക്കം ഏഴ് പോയൻറ്. എന്നാൽ, ഗോളടിക്കുന്നതിൽ കാണിച്ച പിശുക്കാണ് ടീമിെൻറ മൈനസ് പോയൻറ്. മൂന്നു കളികളിൽ മൂന്നു പോയൻറ് മാത്രമാണ് മൂർച്ചയേറിയ മുൻനിരയുടെ ലെസ് ബ്ലൂസിന് നേടാനായിട്ടുള്ളത്. ഗോളടിയന്ത്രങ്ങളായ അേൻറായിൻ ഗ്രീസ്മാൻ ഒരു പെനാൽറ്റിയും കെയ്ലിയൻ എംബാപെ ഒരു ടാപ് ഇന്നും മാത്രമാണ് വലയിലെത്തിച്ചത്. മറ്റൊന്ന് സെൽഫ് ഗോളായിരുന്നു. മുൻനിരയുടെ ഗോളടി വർധിപ്പിക്കുക എന്നതുതന്നെയാവും ഇന്ന് ദെഷാംപ്സിെൻറ ലക്ഷ്യം.
ഗ്രീസ്മാനും എംബാപെയും ഒലിവർ ജിറൂഡും അടങ്ങുന്ന മുന്നേറ്റനിരയെ അർജൻറിനിയൻ പ്രതിരോധനിര എങ്ങനെ തടഞ്ഞുനിർത്തുന്നു എന്നത് നിർണായകമാവും. എൻഗോളോ കാെൻറയും ബ്ലെയ്സ് മത്യൂഡിയും പോൾ പോഗ്ബയുമടങ്ങുന്ന മധ്യനിര ലോകകപ്പിലെതന്നെ മികച്ചവയിലൊന്നാണ്. എന്നാൽ, ഇൗ ത്രിമൂർത്തികൾ മുൻനിരയിലെ മൂവർസംഘവുമായി എങ്ങനെ ഒത്തിണങ്ങുന്നു എന്നത് ദിഷാംപ്സിനെ അലട്ടുന്ന ഘടകമാണ്. താരതമ്യേന ദുർബലരായ എതിരാളികൾക്കെതിരെ കാര്യമായ പ്രശ്നമല്ലാതിരുന്ന ഇത് അർജൻറീനക്കെതിരായ കളിയെ സ്വാധീനിക്കും. ഫ്രാൻസിെൻറ പ്രതിരോധം കരുത്തുറ്റതാണ്. റാഫേൽ വരാനെയും സാമുവൽ ഉംറ്റിറ്റിയും മധ്യത്തിലും ലൂകാസ് ഹെർണാണ്ടസും ബെഞ്ചമിൻ പാവർഡും വശങ്ങളിലുമുള്ള പ്രതിരോധവും ഗോൾ വലക്കു മുന്നിലെ ഹ്യൂഗോ ലോറിസും ഒരു ഗോൾ മാത്രമാണ് ഇതുവരെ വഴങ്ങിയത്. അതുതന്നെ പെനാൽറ്റിയിൽനിന്നുള്ളതും.
ലോകകപ്പ് ഫൈനലിൽ കളിക്കുന്നതിലും വലിയ സമ്മർദം അതിജീവിച്ചാണ് ലയണൽ മെസ്സിയും സംഘവും നോക്കൗട്ട് റൗണ്ടിലേക്ക് ടിക്കറ്റുറപ്പിച്ചത്. ഇത്രയും സമ്മർദം മുമ്പ് അനുഭവിച്ചിട്ടില്ല എന്ന് മെസ്സിതന്നെ വ്യക്തമാക്കുകയുംചെയ്തു. പുറത്തായി എന്ന് തോന്നിച്ചിടത്തുനിന്ന് തിരിച്ചെത്തിയത് നൽകുന്ന ആത്മവിശ്വാസത്തിെൻറ ചിറകിലേറിയാണ് ജോർജെ സാംപോളിയുടെ ടീമിെൻറ വരവ്. ഇത് ഫ്രാൻസിനെതിരെ ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് ടീം.
ഗ്രൂപ് ഡിയിൽ ഒാരോ ജയവും സമനിലയും തോൽവിയുമായി ക്രൊയേഷ്യക്കു പിറകിൽ രണ്ടാമതായാണ് അർജൻറീന പ്രീക്വാർട്ടറിലേക്ക് കടന്നത്. മൂന്നു ഗോളടിച്ച ടീം അഞ്ചെണ്ണം തിരിച്ചുവാങ്ങിയിരുന്നു. അതുതന്നെയാണ് ടീമിനെ കുഴക്കുന്നതും. അവസാന കളിയിൽ മെച്ചപ്പെട്ടുവെങ്കിലും നികോളാസ് ഒട്ടമെൻഡി നയിക്കുന്ന പ്രതിരോധത്തിെൻറ മികവ് ഇനിയും കാര്യമായി തെളിയിക്കപ്പെട്ടിട്ടില്ല. ഒട്ടമെൻഡിക്കൊപ്പം മാർകസ് റോഹോ പ്രതിരോധ മധ്യത്തിലെത്തിയതോടെ പ്രതിരോധം അടച്ചുറപ്പുള്ളതായിട്ടുണ്ട് എന്നാണ് സാംപോളി കരുതുന്നത്. വശങ്ങളിൽ നികോളാസ് താഗ്ലിയഫികോയും ഗബ്രിയേൽ മെർകാഡോയും. കഴിഞ്ഞ കളിയിൽ ഇറങ്ങിയ ഫ്രാേങ്കാ അർമാനി തന്നെയാവും ഗോൾവല കാക്കുക.
മധ്യനിരയിൽ ഹാവിയർ മഷറാനോക്കൊപ്പം എവർ ബനേഗയും എൻസോ പെരസും എയ്ഞ്ചൽ ഡിമരിയയുമാണ് കഴിഞ്ഞ കളിയിൽ ഇറങ്ങിയത്. കളി മെനയുന്നതിൽ വിദഗ്ധനായ ബനേഗയുടെ വരവായിരുന്നു നൈജീരിയക്കെതിരെ മൈതാനമധ്യത്തിൽ അർജൻറീനക്ക് മുൻതൂക്കം നൽകിയത്. എന്നാൽ മങ്ങിയ പെരസിനും ഡിമരിയക്കും പകരക്കാരെ ഇറക്കാൻ കോച്ച് ഒരുങ്ങുമോ എന്നുറപ്പില്ല. ഗോളടിക്കാൻ മടികാണിക്കുന്ന മുൻനിരയിൽ മെസ്സിക്കൊപ്പം ആര് എന്നത് നിർണായകമാവും.