രണ്ടാം മാർകോയുടെ തിരുപ്പിറവി
text_fieldsസൗന്ദര്യാത്മക ഫുട്ബാളിെൻറ വക്താക്കളാണ് സ്പെയിൻ. രണ്ടു പതിറ്റാണ്ടോളം ടിക്കി ടാക്കകൊണ്ട് കളിക്കളെത്ത കാൻവാസാക്കി വർണചിത്രങ്ങൾ വരച്ച് അവർ ലോക ഫുട്ബാളിലെ എല്ലാ കിരീടങ്ങളും തങ്ങളുടെ ഷോകേസിൽ എത്തിച്ചു. അതിനായി എണ്ണംപറഞ്ഞ യുവതാരങ്ങളുടെ അസാധാരണമായ കേളീമികവും ഗോൾ അടി വൈദഗ്ധ്യവും കൈമുതലായിട്ടുണ്ടായിരുന്നു. സാവി, ഇനിയെസ്റ്റ, ടോറസ്, കസിയസ്, പുയോൾ, റാമോസ് എന്നിവരൊക്കെ അവരുടെ കൗമാരം മുതലേ സ്പാനിഷ് ഫുട്ബാളിന് മുതൽക്കൂട്ടായിരുന്നു. അവരിലധികംപേരും കളമൊഴിഞ്ഞപ്പോഴേക്കും പ്രതിഭാശാലികളായ നിരവധി പിൻഗാമികളും ആ നിരയിലേക്ക് കടന്നു വന്നു. അതിൽ ഏറ്റവും ശ്രദ്ധേയമായ പേരാണ് മാർകോ അസൻസിയോയുടേത്. സ്പാനിഷ് ചരിത്രത്തിലെ ഏറ്റവും മികച്ച േപ്ലമേക്കർ ആയി മാറിക്കൊണ്ടിരിക്കുന്ന മാർകോ ആരാണെന്നും ആ പേര് എങ്ങനെ ലഭിച്ചെന്നും അറിയുമ്പോഴേ അവെൻറ കളിയുടെ രഹസ്യം വെളിവാകൂ.
സ്പെയിൻകാരനായ ഗിൽബർട്ടോയും നെതർലൻഡ്സുകാരി ഗെർട്ടുഡിയാ മാർഗരേറ്റാ വില്യംസണുമാണ് അസൻസിയോയുെട മാതാപിതാക്കൾ. വിനോദസഞ്ചാര കേന്ദ്രമായ പാൽമ ഡി മായോർക്കയിലെ സമുദ്രതീര നഗരത്തിലായിരുന്നു ജനനം. നെതർലൻഡ്സ് പാരമ്പര്യം അനുസരിച്ചു മകന് പേരിടുവാൻ അവകാശം അമ്മക്കാണ്. അവർ നൽകിയ പേരാണ് മാർകോ. വെറുതെ വിളിച്ചതല്ല ആ പേര്. അമ്മയുടെ മുൻ അയൽക്കാരനും അടുത്ത കുടുംബസുഹൃത്തുമായിരുന്ന ഫുട്ബാൾ ഇതിഹാസം മാർകോ ഫാൻ ബാസ്റ്റെൻറ നാമം അവനുവേണ്ടി കരുതിെവച്ചതായിരുന്നു. അങ്ങനെയാണവൻ ഫുട്ബാൾ ചരിത്രത്തിലെ രണ്ടാം മാർകോ ആയത്. ബാല്യത്തിലേ ഫാൻബാസ്റ്റനായിരുന്നു ഹീറോ. കിടപ്പുമുറി നിറയെ അദ്ദേഹത്തിെൻറ ചിത്രങ്ങൾ. വിഡിയോ കണ്ട് അതേ ശൈലിയും വശത്താക്കി. പേരിൽ മാത്രമല്ല, കളിയഴകിലും സ്വഭാവരീതിയിലും ഫാൻബാസ്റ്റൻ ടച്ചുണ്ടെന്ന് മാർകോ പിന്നീട് തെളിയിച്ചു.
റയൽ മഡ്രിഡിലെത്തിയതിനു പിന്നിലുമുണ്ട് രസകരമായൊരു കഥ. ഒരിക്കൽ മാതാപിതാക്കൾക്കൊപ്പം നടത്തിയ വിനോദയാത്രക്കിടെ റയൽ മഡ്രിഡ് ഭരണസമിതി അംഗമായ ഫ്ലോറൻറിനോ പെരസിനെ (നിലവിൽ പ്രസിഡൻറ്) കാണാനും സംസാരിക്കാനും മാർകോക്ക് അവസരം കിട്ടി. സംസാരത്തിനിടെ വലുതായാൽ റയലിൽ കളിക്കുമെന്ന് വീമ്പടിക്കാൻ അവൻ മറന്നില്ല. അതൊരു ഫലിതമായിട്ടേ പെരസ് പോലും കരുതിയുള്ളൂ. എന്നാൽ, രണ്ടാം ഫാൻബാസ്റ്റൻ തൊടുന്നതൊക്കെ പൊന്നാക്കുന്ന രാജകുമാരനായി കാൽപന്തുകളിയുടെ പടവുകൾ നടന്നുകയറിയപ്പോൾ പെരസ് അസൻസിയോയെ കൂട്ടിക്കൊണ്ടുവരാൻ ദൂതനെ അയച്ചു. ഇതേക്കുറിച്ചു മാർകോ പറഞ്ഞതുകൂടി കേൾക്കുക: ‘‘അവിവേകംകൊണ്ടായിരുന്നു അന്ന് ഞാൻ അങ്ങനെ പറഞ്ഞത്. എന്നാൽ, ആ വലിയ മനുഷ്യൻ ചെറിയ കാര്യംപോലും ഓർത്തുെവച്ചിരുന്നു. അദ്ദേഹത്തിെൻറ ക്ഷണം തുടക്കക്കാരനായ ഒരു കളിക്കാരന് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരമാണ്.’’
അമ്മയുടെ മകനായിരുന്നു മാർകോ. അവരുടെ ആഗ്രഹംപോലെ വീട്ടിനടുത്തുള്ള ആർ.സി.ഡി മയോർക്കയിൽ ആയിരുന്നു ആദ്യ പരിശീലനം. എന്നാൽ, കാൽമുട്ടിൽ കണ്ടെത്തിയ ഒരു ജനിതകരോഗം ആദ്യ നാളുകളിൽ പരിശീലനത്തിന് തടസ്സമായി. സ്പെയിനിലും നെതർലൻഡ്സിലും ആയി നിരവധിവർഷത്തെ തുടർ ചികിത്സയും വേണ്ടിവന്നു. അതിനിടെ എല്ലാമായിരുന്ന അമ്മ മാർകോയുടെ 15ാം വയസ്സിൽ അർബുദ രോഗം ബാധിച്ച് മരിച്ചത് വലിയ ശൂന്യതയായി.
അത്ലറ്റികോ ബിൽബാേവായുടെ അമച്വർ ടീമിലെ അംഗമായിരുന്ന പിതാവിെൻറ സ്നേഹപൂർവമായ ഇടപെടലും ചേട്ടൻ ഇഗോറിെൻറ സാമീപ്യവും കൊച്ചു മാർകോയെ വീണ്ടും കളിക്കളത്തിൽ എത്തിച്ചു. പ്ലാഗ്റ്റഡ് ഡി കാൽവിയയിൽ നിന്ന് വീണ്ടും മയോർക്കയിൽ എത്തി മികവ് കാണിച്ചതോടെയാണ് പെരസിെൻറ ദൂതൻ തേടിയെത്തിയത്. ഒപ്പം ബാഴ്സലോണയുടെ ഒാഫറും വന്നു. ഒടുവിൽ പെരസിനു നൽകിയ വാഗ്ദാനം പാലിച്ചുകൊണ്ട് അവൻ മഡ്രിഡിൽ എത്തിയപ്പോൾ ആരാധനാ മൂർത്തിയായ സിനദിൻ സിദാനായിരുന്നു യൂത്ത് പരിശീലകൻ. ഇടക്കാലത്ത് മയോർക്കയിലും എസ്പാനിയോളിലും ലോണിൽ കളിച്ചശേഷം വീണ്ടും മഡ്രിഡിലെത്തി ഒഫൻസിവ് മിഡ്ഫീൽഡറും േപ്ലമേക്കറുമായി സീനിയർ ടീമിലെത്തി. രണ്ടുവർഷം മുമ്പ് സ്പാനിഷ് ടീമിെൻറ ഭാഗവുമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
