ലോകം റഷ്യയിലേക്ക്; ലോകകപ്പിന് നാളെ കിക്കോഫ്
text_fieldsമോസ്കോ: നാലു വർഷം കൂടുേമ്പാൾ വിരുന്നെത്തുന്ന കാൽപന്തുകളിപ്പൂരം ഇതാ അടുത്തെത്തിക്കഴിഞ്ഞു. മണിക്കൂറുകൾ പിന്നിടുേമ്പാൾ ചരിത്രമുറങ്ങുന്ന മോസ്കോ നഗരിയിലെ പ്രൗഢി നിറഞ്ഞുനിൽക്കുന്ന ലുഷ്നികി സ്റ്റേഡിയത്തിൽ 21ാമത് ലോകകപ്പ് ഫുട്ബാൾ ടൂർണമെൻറിന് പന്തുരുണ്ട് തുടങ്ങും. വ്യാഴാഴ്ച രാത്രി ഇന്ത്യൻ സമയം എട്ടരക്ക് നടക്കുന്ന ആദ്യ മത്സരത്തിനും അതിന് മുന്നോടിയായുള്ള ഉദ്ഘാടന ചടങ്ങുകൾക്കുമുള്ള ഒരുക്കമെല്ലാം പൂർത്തിയായിക്കഴിഞ്ഞു.
പെങ്കടുക്കുന്ന ടീമുകളിൽ മിക്കവയും റഷ്യൻ മണ്ണിലിറങ്ങിക്കഴിഞ്ഞു. ബാക്കിയുള്ള ടീമുകൾ ബുധനാഴ്ച എത്തും. സന്നാഹ മത്സരങ്ങൾ പൂർത്തിയാക്കിയാണ് മിക്ക ടീമുകളും അങ്കത്തട്ടിലിറങ്ങുന്നത്. അന്തിമ പോരാട്ടങ്ങൾക്ക് മുന്നോടിയായി തന്ത്രങ്ങൾ തേച്ചുമിനുക്കി, ടീമിനെ കച്ചകെട്ടിയിറക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് പരിശീലകർ. ചില സംഘങ്ങളെ പരിക്ക് വലക്കുന്നുണ്ടെങ്കിലും പോരാട്ടങ്ങൾക്ക് തുടക്കമാവുേമ്പാഴേക്കും അവ മറിടക്കാനാവും എന്ന പ്രതീക്ഷയിലാണ് ടീമുകൾ.
കളിസംഘങ്ങളുടെ ആരാധകർ റഷ്യയിലേക്ക് ഒഴുകുകയാണ്. മത്സര ടിക്കറ്റുള്ളവർക്ക് വിസയില്ലാതെ റഷ്യയിൽ പ്രവേശിക്കാനുള്ള ഫാൻ െഎ.ഡി കരസ്ഥമാക്കിയവർക്ക് പ്രവേശനം ആരംഭിച്ചതോടെ വിവിധ ടീമുകളുടെ ആരാധകർ എത്തിത്തുടങ്ങി.
തങ്ങളുടെ ടീമുകൾ ക്യാമ്പ് ചെയ്യുന്ന കേന്ദ്രങ്ങളോടു ചേർന്ന് തമ്പടിക്കുന്ന ആരാധകക്കൂട്ടങ്ങൾ ടീമിെൻറ മത്സരക്രമത്തിനനുസരിച്ചാവും സഞ്ചരിക്കുക. ടിക്കറ്റ് ലഭിക്കാത്തവർക്ക് വിവിധയിടങ്ങളിൽ ഫാൻ പാർക്ക് സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഇവിടങ്ങളിൽ കളി കാണാൻ മാത്രം വിദേശരാജ്യങ്ങളിൽനിന്ന് കളിപ്രേമികളുടെ ഒഴുക്കുണ്ട്. വിവിധ നഗരങ്ങളിലേക്ക് സഞ്ചരിക്കാതെ ഏതെങ്കിലും ഫാൻ പാർക്കുകൾക്കു സമീപം തമ്പടിച്ച് കളിയാസ്വദിക്കുന്നവരാണ് ഇവരിലധികവും.