ലാറ്റിനമേരിക്കൻ കരുത്തിന് ആഫ്രിക്കൻ വെല്ലുവിളി
text_fieldsഎകതറീൻബർഗ്: സലാഹില്ലാത്ത ഇൗജിപ്തിനെതിരെ സുവാരസിെൻറയും കവാനിയുടെയും ഉറുഗ്വായ്. ഇന്നത്തെ ആദ്യ മത്സരത്തിെൻറ ചിത്രം ഇങ്ങനെയാണ്. ചാമ്പ്യൻസ് ലീഗ് ഫൈനലിനിടെ പരിക്കേറ്റ സൂപ്പർതാരം മുഹമ്മദ് സലാഹ് ടീമിനൊപ്പമുണ്ടെങ്കിലും ആദ്യ മത്സരത്തിൽ ഇറങ്ങിയേക്കില്ല എന്നാണ് ഒടുവിലത്തെ സൂചന. അതിനാൽതന്നെ കരുത്തരായ ഉറുഗ്വായ്ക്കെതിരെ ഇൗജിപ്തിന് ജയിച്ചുകയറണമെങ്കിൽ ആഞ്ഞുപൊരുതേണ്ടിവരും. മറുവശത്ത് അപാര പ്രഹരശേഷിയുള്ള സ്ട്രൈക്കർ ജോടികളായ ലൂയി സുവാരസും എഡിൻസൺ കവാനിയുമടങ്ങുന്ന ഉറുഗ്വായ് മുൻനിരയെ പിടിച്ചുകെട്ടുക ഇൗജിപ്ത് പ്രതിരോധത്തിന് പിടിപ്പത് പണിയാവും.
മുൻനിരയിലെ ഉജ്ജ്വല സഖ്യത്തിന് പുറമെ പിൻനിരയിലും കരുത്തുറ്റ ജോടിയുള്ളതാണ് ഉറുഗ്വായ്യുടെ ബലം. സ്റ്റോപ്പർ ബാക്ക് സ്ഥാനത്തുള്ള ഡീഗോ ഗോഡിനും ജോസ് ഗിമാനെസും ലോകത്തെതന്നെ മികച്ച പ്രതിരോധ ജോടികളിലൊന്ന്. വർഷങ്ങളായി അത്ലറ്റികോ മഡ്രിഡിൽ ഒരുമിച്ച് കളിക്കുന്ന ഇവരുടെ പൊരുത്തം അപാരമാണ്. ഇവർക്കുപിറകിൽ വല കാക്കുന്ന ഫെർണാേണ്ടാ മുസ്ലേരയും കളികളേറെ കണ്ടവൻ. വിങ് ബാക്കുകളായി ഗില്ലർമോ വരേലയും മാർട്ടിൻ സെസാറസും. മധ്യനിരയിൽ റോഡ്രീഗോ ബെൻറാകൂർ ആയിരിക്കും അച്ചുതണ്ട്. ഒപ്പം നഹിതാൻ നാൻഡസ്, മതിയാസ് വെസീനോ, ജോർജിയാൻ അറസ്കേറ്റ എന്നിവരുണ്ടാവും.
സുവാരസ്-കവാനി സഖ്യത്തെ പിടിച്ചുകെട്ടാൻ അലി ജാബിർ, അഹ്മദ് ഹഗാസി, മുഹമ്മദ് അബ്ദുൽ ശാഫി, അഹ്മദ് ഫാത്തി എന്നിവരാണുണ്ടാവുക. ഗോൾകീപ്പറായി മുഹമ്മദ് അൽഷനാവിക്കാവും നറുക്ക് വീഴുക. പകരം 43കാരൻ ഇസ്സാം അൽ ഹദാരിയാണ് ഇറങ്ങുന്നതെങ്കിൽ റെക്കോഡാവും. മധ്യനിരയിൽ ആഴ്സനൽ താരം മുഹമ്മദ് എൽനീനിയാണ് ഇൗജിപ്തിെൻറ തുരുപ്പുചീട്ട്. പ്രീമിയർ ലീഗ് താരം റമദാൻ സോബിക്കൊപ്പം താരീഖ് ഹമദും അബ്ദുല്ല അൽസെയ്ദും മഹ്മൂദ് ട്രസീഗെയും അണിനിരക്കും. സലാഹിെൻറ അഭാവത്തിൽ മർവാൻ മുഹ്സിനാവും മുൻനിരയിൽ.